Kerala

സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിൽ അത്യാധുനിക ലാബ്; ഭരണാനുമതി നല്‍കിയതായി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലും ക്ലിനിക്കല്‍ ലാബുകള്‍ ശക്തിപ്പെടുത്തി അത്യാധുനിക സംവിധാനങ്ങളൊരുക്കുന്നതിനായി 7.81 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ, ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദേശീയ ആയുഷ് ദൗത്യം മുഖാന്തിരം, ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ബയോ മെഡിക്കല്‍ വിഭാഗം എല്ലാ ആശുപത്രികളും സന്ദര്‍ശിച്ചാണ് ഓരോ ആശുപത്രിയ്ക്കും ആവശ്യമായ ലബോറട്ടറി, ഡയഗ്‌നോസ്റ്റിക് ഉപകരണങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ബയോ മെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ ഇത് വിലയിരുത്തിയാണ് അന്തിമ രൂപം നല്‍കിയത്. ഇത് പ്രവര്‍ത്തനസജ്ജമാകുന്നതോടെ സര്‍ക്കാര്‍ ആയുര്‍വേദ, ഹോമിയോ ആശുപത്രികളിലെത്തുന്ന രോഗികള്‍ക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കാതെ അവിടെ തന്നെ പരിശോധനാ സൗകര്യം ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഫുള്ളി ആട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസര്‍, ഫുള്ളി ആട്ടോമേറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍, ഫുള്ളി ആട്ടോമേറ്റഡ് ഹെമറ്റോളജി അനലൈസര്‍ എന്നീ ഉപകരണങ്ങളാണ് ഓരോ ലാബിലും സജ്ജമാക്കുന്നത്. ഷുഗര്‍, കൊളസ്‌ട്രോള്‍, വൃക്ക, കരള്‍ എന്നിവയുടെ പ്രവര്‍ത്തനം വിലയിരുത്തുന്ന പരിശോധനകള്‍ ഫുള്ളി ആട്ടോമേറ്റഡ് ബയോകെമിസ്ട്രി അനലൈസറിലൂടെ നടത്താവുന്നതാണ്. തൈറോയിഡ്, വന്ധ്യത ചികിത്സയുമായി ബന്ധപ്പെട്ടുള്ള എല്‍.എച്ച്., എഫ്.എച്ച്.എസ്., ക്യാന്‍സര്‍ കണ്ടെത്തുന്നതിന് മുന്നോടിയായുള്ള ചില പരിശോധനകള്‍ എന്നവയ്ക്കാണ് ഫുള്ളി ആട്ടോമേറ്റഡ് ഹോര്‍മോണ്‍ അനലൈസര്‍ ഉപയോഗിക്കുന്നത്. ഹീമോഗ്ലോബിന്‍, രക്തത്തിലെ ടോട്ടല്‍ കൗണ്ട്, ഡിഫറന്‍ഷ്യല്‍ കൗണ്ട്, പ്ലേറ്റ്‌ലെറ്റ് കൗണ്ട് എന്നിവ കണ്ടെത്താനായാണ് ഫുള്ളി ആട്ടോമേറ്റഡ് ഹെമറ്റോളജി അനലൈസര്‍ ഉപയോഗിക്കുന്നത്. ഒരേ സമയം നൂറോളം സാമ്പിളുകള്‍ പരിശോധനകള്‍ നടത്താന്‍ ഈ അത്യാധുനിക മെഷീനുകളിലൂടെ കഴിയും എന്നതാണ് പ്രധാന സവിശേഷത.
കൂടാതെ എല്ലാ ആയുര്‍വേദ, ഹോമിയോ ഡിസ്‌പെന്‍സറികളിലേയും ബയോമെഡിക്കല്‍ ഉപകരണങ്ങള്‍ സ്റ്റാന്റേഡൈസ് ചെയ്യുന്നതിനുള്ള നടപടികളും തുടങ്ങിക്കഴിഞ്ഞു. ഇതിനായി 1.49 കോടി രൂപ അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button