Latest NewsGulf

അശ്രദ്ധമായ ബസ് യാത്രയ്ക്ക് വന്‍ പിഴ ഈടാക്കും; നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി

ദുബായ് : അശ്രദ്ധമായ ബസ് യാത്ര ഇനി കീശകാലിയാക്കുമെന്നതുറപ്പാണ്. കുറഞ്ഞ ചെലവില്‍ യാത്രചെയ്യാമെങ്കിലും നിയമലംഘനങ്ങള്‍ വന്‍ പിഴയാണ് അധികൃതര്‍ ചുമത്തുക. പൊതുഗതാഗത ശൃംഖല വിപുലമായതോടെ ബസ് യാത്രക്കാരുടെ എണ്ണം കൂടിയിട്ടുണ്ട്. ബസ് നിരക്ക് നല്‍കാന്‍ നോല്‍ കാര്‍ഡ് ഉപയോഗിക്കുന്നതിലെ അശ്രദ്ധയാണ് പലര്‍ക്കും വിനയാകുന്നത്. ബസിലെ മെഷീനില്‍ കാര്‍ഡ് സൈ്വപ് ചെയ്യാന്‍ മറന്നുപോയാല്‍ പിടി വീണേക്കാം.

ഇറങ്ങുമ്പോള്‍ സൈ്വപ് ചെയ്തില്ലെങ്കില്‍ പണം നഷ്ടമാകും. ദുബായ്ക്കുള്ളിലാണ് യാത്രയെങ്കില്‍ പരമാവധി 7.50 ദിര്‍ഹമാണ് നിരക്ക്. ഹ്രസ്വദൂര യാത്രയാണെങ്കിലും സൈ്വപ് ചെയ്യുമ്പോള്‍ ഈ തുക കാര്‍ഡില്‍ നിന്ന് ഈടാക്കും. ഇറങ്ങും മുന്‍പ് വീണ്ടും സൈ്വപ് ചെയ്യുമ്പോള്‍ യാത്രാനിരക്കു കഴിഞ്ഞുള്ള തുക കാര്‍ഡില്‍ തിരികെയെത്തും. അതായത്, യാത്രാനിരക്ക് 4 ദിര്‍ഹമാണെങ്കില്‍ അധികമുള്ള 3.50 ദിര്‍ഹം തിരികെ കിട്ടും. ഇറങ്ങുമ്പോള്‍ സൈ്വപ് ചെയ്യാന്‍ മറന്നാല്‍ 7.50 ദിര്‍ഹം നഷ്ടമാകും.

പലവിധത്തിലാണ് പിഴ ഈടാക്കുന്നത്. നോല്‍ കാര്‍ഡ് ഇല്ലാതെയും വ്യാജ കാര്‍ഡ് ഉപയോഗിച്ചുമുള്ള യാത്രയ്ക്ക് 200ദിര്‍ഹം പിഴ അടയ്ക്കണം. കാലാവധി കഴിഞ്ഞ കാര്‍ഡിന് 500 ദിര്‍ഹം. ആര്‍ടിഎയുടെ അനുമതി ഇല്ലാതെയുള്ള കാര്‍ഡ് വില്‍പന: 500 ദിര്‍ഹം. വാഹനത്തിന്റെ സീറ്റ് കീറുക, ഉപകരണങ്ങള്‍ കേടാക്കാന്‍ ശ്രമിക്കുക:200 ദിര്‍ഹം. വാഹനത്തില്‍ തുപ്പുകയോ മറ്റുവിധത്തില്‍ വൃത്തികേടാക്കുകയോ ചെയ്യുക:100 ദിര്‍ഹം. വനിതകള്‍ക്കുള്ള സീറ്റില്‍ ഇരിക്കല്‍:100 ദിര്‍ഹം എന്നിങഅങനെ നീളുന്നു പിഴ അടയ്‌ക്കേണ്ട പട്ടിക.

നിയമലംഘനങ്ങള്‍ വിലയിരുത്തി 50 മുതല്‍ 250 ദിര്‍ഹം വരെ പരിശോധകനു ചുമത്താം. അപ്പോള്‍തന്നെ പരിശോധകനു തുക കൈമാറാം. നല്‍കാന്‍ പണമില്ലെങ്കില്‍ എമിറേറ്റ്‌സ് ഐഡി നല്‍കി രസീത് വാങ്ങണം. 48 മണിക്കൂറിനു ശേഷമാണെങ്കില്‍ മുഹൈസിന നാലിലെ അമ്മാന്‍ സ്ട്രീറ്റിലുള്ള ആര്‍ടിഎ ഓഫിസില്‍ എത്തി പിഴയടച്ച് എമിറേറ്റ്‌സ് ഐഡി കൈപ്പറ്റാം. മറ്റാരെയും അയയ്ക്കരുത്. 30 ദിവസത്തിനകം പിഴയടച്ച് എമിറേറ്റ്‌സ് ഐഡി കൈപ്പറ്റിയിരിക്കണം. ഈ സമയത്ത് ഹാജരാകാന്‍ കഴിയില്ലെങ്കില്‍ അക്കാര്യം അറിയിക്കണം. അല്ലെങ്കില്‍ പൊലീസിനും എമിഗ്രേഷനും കേസ് കൈമാറും.  കൂടുതല്‍ വിവരങ്ങള്‍ക്ക്: 8009090.

shortlink

Related Articles

Post Your Comments

Related Articles


Back to top button