Latest NewsKerala

മാധ്യമപ്രവര്‍ത്തകന്‍ കാറിടിച്ചു മരിച്ച സംഭവം; യുവതിയുടെ മൊഴി പുറത്ത്

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ചിരുന്ന കാറിടിച്ച് മാധ്യമപ്രവര്‍ത്തകനായ കെ എം ബഷീര്‍ മരണപ്പെട്ട സംഭവത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ശ്രീറാമിനൊപ്പം കാറിലുണ്ടായിരുന്ന യുവതി.കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെ ആണെന്ന് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. തന്നെ രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ശ്രീറാം വിളിച്ചത് പ്രകാരം രാത്രി 12.40 ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. ശ്രീറാമിനെ പരിചയപ്പെട്ടത് ഫേസ്ബുക്ക് വഴിയാണെന്നും വഫ പോലീസിനോട് പറഞ്ഞു. നേരത്തെയും വഫയുടെ പേരിലുള്ള കെ എല്‍ 1 ബിഎം 360 എന്ന കാറിന് മോട്ടോര്‍വാഹന വകുപ്പ് പിഴ ചുമത്തിയിരുന്നു. മൂന്ന് തവണയും അമിത വേഗതയ്ക്കാണ് പിഴ ചുമത്തിയിരുന്നത്.

ഇന്നു പുലര്‍ച്ചെ ഒരു മണിയോടെയാണ് തിരുവനന്തപുരം മ്യൂസിയത്തിന് സമീപം വച്ച് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെഎം ബഷീര്‍ ഓടിച്ച ബൈക്കിലേക്ക് അമിത വേഗത്തിലെത്തിയ ശ്രീറാമിന്റെ കാര്‍ ഇടിക്കുകയായിരുന്നു.

അപകടത്തിന്റെ ശബ്ദം കേട്ട മ്യൂസിയം സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ അപകടസ്ഥലത്തേക്ക് ഓടിയെത്തുമ്പോള്‍ കണ്ടത് പരിക്കേറ്റ ബഷീറിനെയും എടുത്തു നില്‍ക്കുന്ന ശ്രീറാം വെങ്കിട്ടരാമനെയാണ്. ശ്രീറാം തന്നെ ആംബുലന്‍സ് വിളിച്ചു വരുത്താന്‍ പൊലീസിനോട് ആവശ്യപ്പെട്ടു. ശേഷം കൂടെയാരുമില്ലാതെ ഒരാളെ ആശുപത്രിയിലേക്ക് കൊണ്ടു വരുന്നുണ്ടെന്നും വേണ്ട സഹായം ചെയ്യണമെന്നും തന്റെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്നും ശ്രീറാം വെങ്കിട്ടരാമന്‍ ആശുപത്രിയിലേക്ക് വിളിച്ചു പറഞ്ഞതായി സംഭവസ്ഥലത്തുണ്ടായിരുന്ന ദൃക്‌സാക്ഷികള്‍ പറയുന്നു. എന്നാല്‍ തന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്താണ് വണ്ടി ഓടിച്ചതെന്നാണ് ശ്രീറാം പോലീസിനോട് പറഞ്ഞത്. അപകടത്തില്‍ പരിക്കേറ്റ ശ്രീറാമിനെ പോലീസ് ജനറല്‍ ആശുപത്രിയിലെത്തിച്ചു. ശ്രീറാം മദ്യപിച്ചിരുന്നതായി ഡോക്ടര്‍മാര്‍ ഒപി ടിക്കറ്റില്‍ രേഖപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് വിശദമായ പരിശോധനയ്ക്കായി ശ്രീറാമിനെ മെഡി.കോളേജിലേക്ക് റഫര്‍ ചെയ്‌തെങ്കിലും താനല്ല വണ്ടിയോടിച്ചതെന്ന ശ്രീറാമിന്റെ മൊഴി വിശ്വസിച്ച പൊലീസ് അദ്ദേഹത്തെ വിട്ടു. സുഹൃത്തുകളെ വിളിച്ചു വരുത്തിയ ശ്രീറാം അവര്‍ക്കൊപ്പം തിരുവനന്തപുരത്തെ ഒരു സ്വകാര്യആശുപത്രിയില്‍ എത്തി അവിടെ അഡ്മിറ്റാവുകയായിരുന്നു. ജനറല്‍ ആശുപത്രിയിലെത്തിച്ച ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടും രക്തപരിശോധന നടത്താത്തത് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതര വീഴ്ചയാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

തിരിച്ച് മ്യൂസിയം പൊലീസ് സ്റ്റേഷനിലെത്തിയ ഉദ്യോഗസ്ഥര്‍ ശ്രീറാമിനൊപ്പമുണ്ടായിരുന്ന യുവതിയുടെ പേരും വിവരങ്ങളും എഴുതിവാങ്ങിയ ശേഷം അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് പോലും വിധേയയാക്കാതെ ഒരു ഓണ്‍ലൈന്‍ ടാക്‌സിയില്‍ വീട്ടിലേക്ക് അയക്കുകയായിരുന്നു. പിന്നീടാണ് വാഹനാപകടത്തില്‍ മരിച്ചത് മാധ്യമപ്രവര്‍ത്തകനായ ബഷീറാണെന്ന വിവരം പുറത്തു വരുന്നത്. സംഭവം മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെയാണ് സംഭവത്തിന് നാലുമണിക്കൂറിന് ശേഷം യുവതിയെ വിളിച്ചുവരുത്തി രക്തപരിശോധന നടത്തിയത്. പിന്നീട് ശ്രീറാമായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന യുവതിയുടെയും ദൃക്‌സാക്ഷികളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീറാമിന്റെ രക്തസാമ്പിള്‍ ശേഖരിക്കാന്‍ പോലീസ് തയ്യാറായത്. അപകടത്തിന് ശേഷം 9 മണിക്കൂറിന് ശേഷമാണ് രക്തപരിശോധന നടത്തിയതെന്ന് പോലീസിന്റെ ഒത്തുകളിയാണെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button