KeralaLatest News

പോലീസ്‌റ്റേഷന്റെ ചുവരില്‍ നീലക്കുറിഞ്ഞിയും വരയാടുകളും; ഡിവൈഎസ്പി ഓഫീസിന് പ്രകൃതിഭംഗിയേകി വിദ്യാര്‍ത്ഥികള്‍

ഇടുക്കി: നീലക്കുറിഞ്ഞിയും വരയാടുകളും മൂന്നാറിന്റെ പ്രകൃതിഭംഗിയുമൊക്കെ വര്‍ണ്ണങ്ങളായി ഇനി പൊലീസ് സ്റ്റേഷന്‍ ചുമരുകളില്‍ നിറയും. മൂന്നാര്‍ ഡിവൈഎസ്പി ഓഫീസിലെ ചുവരുകളിലാണ് മൂന്നാറിന്റെ പ്രകൃതി സൗന്ദര്യം നിറയുന്നത്. ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കരവിരുതിലൂടെയാണ് ചുവരുകളില്‍ ഈ വര്‍ണങ്ങള്‍ വിരിയുന്നത്.

രാജാക്കാട് എന്‍ ആര്‍ സിറ്റിയിലെ ഒരുകൂട്ടം പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലാണ് ഡിവൈഎസ്പി ഓഫീസില്‍ ചിത്രങ്ങള്‍ വരയ്ക്കുന്നത്. മൂന്നാര്‍ പൊലീസ് സ്റ്റേഷനും ഡിവൈഎസ്പി ഓഫീസുമെല്ലാം ശിശുസൗഹൃദമാക്കുന്നതിന്റെ മുന്നോടിയായാണ് സ്‌റ്റേഷന്റെ ചുവരുകളില്‍ കുട്ടികളുടെ ചിത്രങ്ങള്‍ വരയ്ക്കാന്‍ തീരുമാനിച്ചത്. മൂന്നാര്‍ ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തില്‍ പുതിയ ഓഫീസ് കെട്ടിടം തുറക്കുന്നതിന്റെ ഒരുക്കങ്ങള്‍ നടക്കുകയാണ്.

ജനമൈത്രി പൊലീസ് മൂന്നാര്‍ സബ് ഡിവിഷന്‍ കോ-ഓര്‍ഡിനേറ്ററായ പി എസ് മധുവിന്റെ മേല്‍നോട്ടത്തിലാണ് വിദ്യാര്‍ത്ഥികളുടെ ചിത്രരചന. എന്‍ആര്‍ സിറ്റിയിലെ ശ്രീ നാരായണ വെക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ചിത്രരചന നടത്തുന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ നയന്‍ സൂര്യയാണ് ചിത്രരചനയ്ക്ക് നേതൃത്വം നല്‍കുന്നത്. സഹപാഠികളായ അതുല്‍, വിനു, നിതിന്‍ കൃഷ്ണ, തമിഴരസന്‍, ഡാനിയേല്‍ എന്നിവരാണ് സഹായികള്‍.

അവധി ദിവസം നോക്കിയാണ് വിദ്യാര്‍ത്ഥികളുടെ ചിത്രരചന. മൂന്നാറിലെ പ്രകൃതി സൗന്ദര്യത്തിനൊപ്പം കാടിന്റെ തലയെടുപ്പുള്ള കാട്ടാനയും കാട്ടുപോത്തും, പച്ച പുതച്ച തേയിലത്തോട്ടങ്ങളുമെല്ലാം ചുമരുകളില്‍ വര്‍ണങ്ങളായി തെളിയും. മൂന്നാര്‍ മറയൂര്‍ റോഡില്‍ പ്രവര്‍ത്തിച്ചിരുന്ന ഡിവൈഎസ്പി ഓഫീസ് കെട്ടിടം ദേവികുളം റോഡിലെ മൂന്നാര്‍ പൊലീസ് സ്റ്റേഷന് സമീപത്തുള്ള കെട്ടിടത്തിലേയ്ക്കാണ് മാറ്റുന്നത്. മുഖം മിനുക്കല്‍ ജോലികളെല്ലാം പൂര്‍ത്തിയാക്കി അടുത്ത മാസം കെട്ടിടം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. അതിന് മുന്‍പേ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാര്‍ത്ഥികള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button