KeralaLatest News

മഴ ശക്തമാകുന്നു;നിരവധി വിമാന സര്‍വ്വീസുകള്‍ റദ്ദാക്കി, കോഴിക്കോട് ഇറങ്ങാനാകാതെ കൊച്ചിയിലേക്കും കോയമ്പത്തൂരിലേക്കും പറന്ന് വിമാനങ്ങള്‍

കോഴിക്കോട്: അതിശക്തമായ മഴയെ തുടര്‍ന്ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങാനാകാതെ വിമാനങ്ങള്‍. മൂന്ന് വിമാനങ്ങളാണ് കോഴിക്കോട് ഇറങ്ങാനാകാത്തതിനെ തുടര്‍ന്ന് വഴി തിരിച്ചുവിട്ടത്. കോഴിക്കോട് അബുദാബി ഇത്തിഹാദ് വിമാനത്തിന്റെ കോഴിക്കോട് അബുദാബി സര്‍വീസ് റദ്ദാക്കിയിരുന്നു. പകരം നാളെ പുലര്‍ച്ചെയായിരിക്കും ഈ വിമാനം അബുദാബിയിലേക്ക് യാത്ര തിരിക്കുക.

പുലര്‍ച്ചെ 4.30ന് കോഴിക്കോട് ഇറങ്ങേണ്ടിയിരുന്ന ബഹ്റൈന്‍ കോഴിക്കോട് ഗള്‍ഫ് എയര്‍ വിമാനം കൊച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു. കൊച്ചിയില്‍ നിന്നും ഈ വിമാനം 6.30ന് കോഴിക്കോട്ടെത്തി വീണ്ടും ബഹ്‌റിനിലേക്ക് മടങ്ങുകയായിരുന്നു. 4.45 ന് ഇറങ്ങേണ്ടിയിരുന്ന അബുദാബി ഇത്തിഹാദ് കോഴിക്കോട് വിമാനം കോഴിക്കോട് എയര്‍പോര്‍ട്ടില്‍ എത്തിയിട്ടും ഇറങ്ങാനാകാതെ കൊച്ചിയിലേക്ക് തിരിച്ചു വിട്ടിരുന്നു. എന്നാല്‍ ഈ വിമാനം കൊച്ചിയില്‍ എത്തിയിട്ടും ഇറങ്ങാനായില്ല. മാത്രമല്ല, വിമാനത്തിന് വലിയ കുലുക്കവും ഇളക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പരിഭ്രാന്തരാകുന്ന സാഹചര്യം ഉണ്ടായി. യാത്രക്കാര്‍ ഭയന്ന് ബഹളമുണ്ടാക്കിയതോടെ അവസാനം ഈ വിമാനം കോയമ്പത്തൂരിലേക്ക് തിരിച്ചു വിടുകയായിരുന്നു. ഇവിടെ നിന്നും ഇന്ധനം നിറച്ചാണ് തിരിച്ച് 9.15 ന് കോഴിക്കോട് എത്തിയത്. അതിനാല്‍ ഈ വിമാനത്തിന്റെ ഇന്നത്തെ സര്‍വീസ് റദ്ദാക്കുകയും ചെയ്തു. 10.55 ന് കോഴിക്കോട് ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസും കൊച്ചിയിലേക്ക് തിരിച്ചുവിട്ടിരുന്നു.

ALSO READ: പറശ്ശിനിക്കടവ് മുത്തപ്പ ക്ഷേത്രത്തില്‍ വെള്ളം കയറി

അതേസമയം കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ കനത്ത മഴ തുടരുകയാണ്. നിലമ്പൂര്‍ ടൗണിലും പരിസരങ്ങളിലും കഴിഞ്ഞ വര്‍ഷം ഉണ്ടായതിനെക്കാള്‍ കൂടുതല്‍ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളുമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. വയനാട് ചൂരമലയിലും മലപ്പുറം കരുളായിലും ഉരുള്‍പൊട്ടല്‍ ഉണ്ടായി. കണ്ണൂര്‍ ജില്ലയുടെ വിവിധഭാഗങ്ങളിലും ഉരുള്‍പൊട്ടലും ചുഴലിക്കാറ്റും ഉണ്ടായി. കൊട്ടിയൂരില്‍ കണിച്ചാറില്‍ ചുഴലിക്കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. വളപട്ടണം പുഴ കരകവിഞ്ഞൊഴുകുകയാണ്. ഇതോടെ പുഴയോരത്തെ 15 വീടുകള്‍ പൂര്‍ണ്ണമായും വെള്ളത്തില്‍ മുങ്ങി. പ്രദേശത്തെ അഞ്ഞൂറോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ട നിലയിലാണ്. കഴിഞ്ഞ പ്രളയത്തില്‍ മുങ്ങാത്ത വീടുകളില്‍ പോലും ഇത്തവണ വെള്ളം കയറിയിരിക്കുകയാണ്. കണ്ണൂര്‍, വയനാട്, മലപ്പുറം തുടങ്ങിയ വടക്കന്‍ ജില്ലകളില്‍ വെള്ളപ്പൊക്കം തുടരുകയാണ്. മഴ കനത്തതോടെ മലങ്കര, ഭൂതത്താന്‍കെട്ട് അണക്കെട്ടുകള്‍ തുറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button