KeralaLatest News

സംസ്ഥാനത്തെ കനത്ത മഴയില്‍ റോഡ്-റെയില്‍-വ്യോമഗതാഗതം താറുമാറായി : ട്രെയിനുകള്‍ റദ്ദാക്കി : പല ട്രെയിനുകളും വൈകിയോടുന്നു

 

തിരുവനന്തപുരം : സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍, റോഡ്-റെയില്‍-വ്യോമഗതാഗതം താറുമാറായി. കനത്ത മഴയെത്തുടര്‍ന്ന് ബെംഗളൂരുവില്‍ നിന്നുള്ള മുഴുവന്‍ ബസ് സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കി. ബെംഗളൂരു, മൈസൂരു എന്നിവിടങ്ങളില്‍ നിന്ന് വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ വഴിയുള്ള സര്‍വീസുകളാണ് കെഎസ്ആര്‍ടിസി റദ്ദാക്കിയത്. കേരളത്തില്‍ നിന്ന് തിരിച്ചും സര്‍വ്വീസുകള്‍ നടത്തില്ലെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. കേരളത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാനപാതയായ വിരാജ്‌പേട്ട പട്ടണത്തില്‍ വെള്ളം കയറിയതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. മുത്തങ്ങ, ഗോണിക്കുപ്പ, കുട്ട, നാടുകാണി തുടങ്ങിയ പാതകളിലും വെള്ളം കയറിയതോടെ ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

ഏറ്റുമാനൂരിന് സമീപം റെയില്‍വെ ട്രാക്കില്‍ മരം വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. മൂന്നു പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി. ആലപ്പുഴയില്‍ ഇലക്ട്രിക് ലൈനില്‍ മരം വീണ് തീരദേശപാതയില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടിരുന്നു. ഇതോടെ തിരുവനന്തുപുരം ഭാഗത്തേക്ക് പോകണ്ട രണ്ട് ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാല്‍ കോട്ടയം റൂട്ടിലും മരം വീണതോടെ തിരുവനന്തപുരം-എറണാകുളം രണ്ട് പാതയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു

കനത്ത മഴയെ തുടര്‍ന്ന് വ്യാഴാഴ്ച രാത്രിയില്‍ അടച്ച നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം ഞായറാഴ്ച ഉച്ചകഴിഞ്ഞേ തുറക്കുകയുള്ളൂവെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. റാംപ് ഏരിയയിലും റണ്‍വേയിലും വെള്ളം കയറിയതിനെ തുടര്‍ന്നാണ് നടപടി. കനത്ത കാറ്റും മഴയും കൂടാതെ പെരിയാറില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് മുന്‍കരുതല്‍ നടപടി സ്വീകരിച്ചത്. ഏഴ് വിമാനങ്ങള്‍ വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുകയാണ്. ഇതോടെ ബക്രീദിന് നാട്ടിലേയ്ക്ക് വരുന്ന യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button