Latest NewsKerala

സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ ഉടന്‍ കുടുങ്ങും : സൈബര്‍ സെല്‍ നടപടി തുടങ്ങി

തിരുവനന്തപുരം : കനത്ത മഴയും അതോടൊപ്പം ഡാം തുറക്കുന്നതുമായി ബന്ധപ്പെട്ടും സമൂഹമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ ഉടന്‍ കുടുങ്ങും. തെറ്റായ വാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബര്‍സെല്‍, സൈബര്‍ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്കു നിര്‍ദേശം നല്‍കിയതായി ബെഹ്‌റ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്തനിവാരണ ഓഫിസുകളുമായോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമുമായോ ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നും ഡിജിപി പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

നമ്മുടെ സംസ്ഥാനം ദുരിതത്തിലായ ഈ അവസ്ഥയില്‍ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനും നാശനഷ്ടങ്ങള്‍ കുറയ്ക്കാനും നാമെല്ലാവരും ഒറ്റക്കെട്ടായി പോരാടുമ്പോള്‍ ചിലര്‍ സമൂഹത്തില്‍ കിംവദന്തികളും തെറ്റായ വാര്‍ത്തകളും സമൂഹമാധ്യങ്ങളിലൂടെ പ്രചരിപ്പിക്കുകയാണ്. പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്നും റോഡുകളില്‍ ഗതാഗത സംവിധാനമില്ലെന്നും വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തടസ്സപ്പെട്ടെന്നും മറ്റുമുള്ള സന്ദേശങ്ങള്‍ പൊതുസമൂഹത്തില്‍ പരിഭ്രാന്തി പരത്തുന്നതാണ്.

ഇത്തരം സന്ദേശങ്ങള്‍ ലഭിച്ചാല്‍ ജില്ലാ ദുരന്തനിവാരണ ഓഫീസുകളുമായോ സംസ്ഥാന പൊലീസ് മേധാവിയുടെ കണ്‍ട്രോള്‍ റൂമുമായോ (ഫോണ്‍ നമ്പര്‍: 0471 2722500, 9497900999) ബന്ധപ്പെട്ട് അവയുടെ നിജസ്ഥിതിയെക്കുറിച്ച് ഉറപ്പുവരുത്തേണ്ടതാണെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു. ഇത്തരം വ്യാജസന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേരളാ പൊലീസ് കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.

ഇത്തരം വ്യാജസന്ദേശങ്ങളുടെ സ്രോതസ്സ് കണ്ടെത്താന്‍ സംസ്ഥാന പൊലീസിന്റെ സൈബര്‍ സെല്‍, സൈബര്‍ ഡോം, ഹൈടെക് സെല്‍ എന്നിവയ്ക്ക് ഇതിനകം തന്നെ നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇത്തരം തെറ്റായ വ്യാജസന്ദേശങ്ങള്‍ ലഭിക്കുന്നവര്‍ ആരും തന്നെ അതു മറ്റുള്ളവര്‍ക്കു കൈമാറി സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button