KeralaLatest News

കേരളം കണ്ണീര്‍പ്രളയത്തില്‍ : 1,10,000 രൂപ മാസശമ്പളത്തില്‍ ലെയ്സണ്‍ ഓഫീസര്‍: എങ്ങനെ ജനകീയമാകാന്‍ ഈ പിണറായി സര്‍ക്കാര്‍

കഴിഞ്ഞ വര്‍ഷം കേരളം പ്രളയവെള്ളത്തില്‍ മുങ്ങിയപ്പോള്‍ അവിശ്വസനീയമാംവിധം സഹായഹസ്തങ്ങള്‍ നീണ്ടുവന്നതും മലയാളിക്കൂട്ടായ്മ ഒന്നിച്ചുനിന്ന് ദുരിതപ്പെയത്തിനെ അതിജീവിച്ചതും അന്താരാഷ്ട്രമാധ്യമങ്ങളില്‍ വരെ വാര്‍ത്തയായി. ഇത്തവണ വീണ്ടും മഴക്കെടുതിയില്‍ രണ്ട് ജില്ലകളിലായി രണ്ട് ഗ്രാമങ്ങള്‍ ഒലിച്ചുപോയപ്പോള്‍, പതിനായിരങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ അഭയം തേടുമ്പോള്‍ ആ സഹജീവി സ്‌നേഹം മനുഷ്യന്‍ മറന്നിട്ടില്ല. ക്യാമ്പുകളിലേക്ക് വേണ്ടതെല്ലാം എത്തിച്ചുനല്‍കാന്‍ സുരക്ഷികമേഖലകളില്‍ നിന്ന് നൂറ് കണക്കിനാളുകളാണ് തയ്യാറായി ഇറങ്ങുന്നത്. വിവിധ സംഘടനകളും വ്യക്തികളും വാരിക്കോരി നല്‍കാന്‍ ഒരു മടിയും കാണിക്കുന്നില്ല. ഒറ്റപ്പെട്ട ചില ആരോപണങ്ങളും വിദ്വേഷ പ്രസ്താവനകളും തരം താണ ചിലരില്‍ നിന്നുണ്ടാകുന്നുണ്ടെങ്കിലും അധികമാരും അത് കാര്യമാക്കാതെ ഇത് പ്രവര്‍ത്തിക്കേണ്ട സമയമാണ് പ്രതികരിക്കേണ്ടതല്ലെന്ന തിരിച്ചറിവില്‍ മുന്നോട്ട് പോകുന്നു. പക്ഷേ ഇതിനൊക്കെ ഇടയിലും പിണറായി സര്‍ക്കാരിനെ വിശ്വാസമില്ലെന്ന് പറയുന്ന ഒരു വലിയ ഭൂരിപക്ഷം ജനത ഇവിടെയുണ്ട്, അത് രാഷ്ട്രീയമായ വൈരാഗ്യം കൊണ്ടാണെന്ന് തീര്‍ത്തും പറയാനും കഴിയില്ല. കഴിഞ്ഞ പ്രളയകാലത്ത് ദുരിതം അനുഭവിച്ചവര്‍ക്കുള്ള സഹായം പൂര്‍ണമായും അവരില്‍ എത്തിയിട്ടില്ല എന്നത് എത്ര നിഷേധിച്ചാലും മറയ്ക്കാനാകാത്ത സത്യമാണ്.

ALSO READ: അതിതീവ്രമഴയ്ക്കു ശേഷം സംസ്ഥാനത്ത് ഇനി കാണപ്പെടുക ഈ പ്രതിഭാസമെന്ന് കാലാവസ്ഥാ ഗവേഷകര്‍

കഴിഞ്ഞ പ്രളയക്കെടുതികള്‍ക്ക് പരിഹാരം കാണാനും ലഭിച്ച തുക ഫലപ്രദമായി വിനിയോഗിക്കപ്പെട്ടിട്ടില്ല എന്നും കിട്ടിയ ഫണ്ട് വകമാറ്റിയെന്നുമൊക്കെ പല വിധത്തില്‍ ആരോപണമുണ്ട്. രാഷ്ട്രീയ വിശകലനവിദഗ്ധരും ഉദ്യോഗസ്ഥരും സാമൂഹികപ്രവര്‍ത്തകരുമൊക്കെ ഇക്കാര്യം നിഷേധിക്കുകയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് പൂര്‍ണമായും ഓഡിറ്റിംഗിന് വിധേയമാണെന്നും തിരിമറികള്‍ക്ക് ഒരു സാധ്യതയുമില്ലെന്നും ഉറപ്പിച്ച് പറയുകയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സംഭാവന നല്‍കരുതെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ വ്യക്തമാക്കുക കൂടി ചെയ്തതോടെ ഏറെക്കൂറെ ആ സംശയം ദൂരികരിക്കപ്പെട്ടുവന്നതാണ്. ഫേസ് ബുക്ക ്‌വാട്‌സ ആപ്പ് ഉള്‍പ്പെടെയുള്ള സോഷ്യല്‍മീഡിയകളില്‍ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന നല്‍കുന്ന കാര്യത്തില്‍ കാമ്പെയ്ന്‍ വരെ തുടങ്ങുകയും ചെയ്തു. പറഞ്ഞു വന്നത് പ്രളയ ദുരിതാശ്വാസ ഫണ്ട് സര്‍ക്കാര്‍ സത്യസന്ധമായാണ് കൈകാര്യം ചെയ്യെുന്നതെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് വല്ലാതെ ശ്രമിക്കേണ്ടി വന്നു എന്നുതന്നെയാണ്.

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണങ്ങള്‍ അങ്ങേയറ്റം അടിസ്ഥാനരഹിതമെന്നും ബന്ധപ്പെട്ട ഇടപാടുകളെല്ലാം സുതാര്യമാണെന്നും വിളിച്ചു പറയേണ്ടി വന്നു മുഖ്യന്. ദുരിതാശ്വാസ നിധി സിഎജി ഓഡിറ്റിംഗിന് വിധേയമാണെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പോരാത്തതിന് മന്ത്രിമാര്‍ ഒരുമാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്നും ആ വഴിക്ക് തന്നെ ശമ്പളവും അലവന്‍സും അടക്കം ഒരു ലക്ഷം രൂപ ഓരോരുത്തരില്‍ നിന്നും ലഭിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. (അതൊന്നും വലിയ കാര്യമല്ലെന്ന് ജനങ്ങള്‍ക്കറിയാം, പാവം സര്‍ക്കാര്‍ ജീവനക്കാരുടെ കയ്യില്‍ നിന്ന് കഴിഞ്ഞ തവണ പിടിച്ചുവാങ്ങിയ കാശിന്റെ കഥ ജനം മറന്നിട്ടില്ലല്ലോ). മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് അടിയന്തര സഹായം നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതവും മഴക്കെടുതിയില്‍ വീടും സ്ഥലവും നഷ്ടമായവര്‍ക്ക് പത്ത് ലക്ഷം രൂപയും നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അടിയന്തരമായി ദുരിതബാധിതരുടെ പട്ടിക തയ്യാറാക്കാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്കും പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവിലെ മഴക്കെടുതി സര്‍ക്കാര്‍ എങ്ങനെ കൈകാര്യം ചെയ്യുമെന്ന ആകാംക്ഷയിലാണ് പൊതുജനം. രാഷ്ട്രീയമായും മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്നുണ്ട്. ഇങ്ങനെയൊക്കെ നിലനില്‍ക്കെ ഇത്രയൊക്കെ പഴി കേട്ട അതേ സര്‍ക്കാര്‍ വിവേക ശൂന്യമായി വീണ്ടും പ്രവര്‍ത്തിക്കുമ്പോള്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് എന്നാണ് ഒരു ജനകീയ മുഖമുണ്ടാകുന്നതെന്ന സംശയമാണ് ആദ്യമുയരുന്നത്.

സംഭവം ഇതാണ്. പെരുമഴക്കെടുതിയില്‍ കോടികളുടെ നഷ്ടം നേരിടുന്ന സംസ്ഥാനത്ത് അധികച്ചെലവ് സൃഷ്ടിക്കുന്ന തീരുമാനമെടുത്തിരിക്കുകയാണ് പിണറായി. സര്‍ക്കാര്‍ കക്ഷിയാവുന്ന കേസുകളുടെ മേല്‍നോട്ടത്തിനും നിരീക്ഷണത്തിനുമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലെയ്സണ്‍ ഓഫീസറെ നിയമിച്ചു. നിയമനമല്ല പ്രശ്‌നം മാസം 1,10,000 രൂപയാണു ടിയാന്റെ ശമ്പളമെന്നതാണ് കേരളത്തെ ഞെട്ടിച്ചിരിക്കുന്നത്. ഹൈക്കോടതി അഭിഭാഷകന്‍ എ. വേലപ്പന്‍നായരെയാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറായി നിയമിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിയമോപദേഷ്ടാവിനു പുറമേ സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസറുടെ തസ്തിക സൃഷ്ടിക്കാന്‍ കഴിഞ്ഞമാസം മന്ത്രിസഭ തീരുമാനിച്ചിരുന്നു. കൊച്ചിയിലെ അഡ്വക്കേറ്റ് ജനറല്‍ ഓഫീസുമായി ബന്ധപ്പെട്ടാണ് സ്പെഷ്യല്‍ ലെയ്സണ്‍ ഓഫീസര്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ അഡ്വക്കേറ്റ് ജനറലുണ്ട്, നിയമോപദേഷ്ടാവുണ്ട്, എന്നിട്ടും എന്തിനാണ് ഈ നിയമനമെന്ന ചോദ്യവുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. പൊതുജനവും ഈ നിയമനത്തോട് അത്രക്ക് പൊരുത്തപ്പെടുന്നില്ല. പ്രളയകാലത്തിനിടെയിലെ ധൂര്‍ത്ത് സോഷ്യല്‍ മീഡിയ കാര്യമായി ചോദ്യം ചെയ്തുതുടങ്ങി. പ്തിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രളയം മൂലം സംസ്ഥാനം കടുത്ത പ്രതിസന്ധി നേരുടുമ്പോള്‍ പുതിയ നിയമനം സര്‍ക്കാറിന്റെ ധൂര്‍ത്താണെന്നും മുഖ്യമന്ത്രിയുടെ സ്പെഷല്‍ ലെയ്സണ്‍ ഓഫീസറുടെ നിയമനം റദ്ദാക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ആവശ്യം.

അതും പോരാഞ്ഞ് സി പി എം നിയന്ത്രണത്തിലുള്ള ‘റബ്‌കോ’ യ്ക്ക് സര്‍ക്കാര്‍ വന്‍ സഹായം നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. റബ്‌കോ സംസ്ഥാന സഹകരണ ബാങ്കിന് വായ്പാ കുടിശികയായി നല്‍കാനുള്ള 251 കോടി രൂപ സര്‍ക്കാര്‍ നല്‍കിയെന്നാണ് സൂചന. റബ്‌കോയ്ക്ക് വായ്പ നല്‍കിയതായാണ് വെയ്പ്. പക്ഷേ ഇത് തിരികെ ലഭിക്കാനിടയില്ലെന്നാണ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ സംസ്ഥാനം കണ്ണീര്‍ക്കയത്തില്‍ മുങ്ങുമ്പോള്‍, വീടും കുടിയുമില്ലാതെ നൂറുകണക്കിന് ജനങ്ങള്‍ നരകിക്കുമ്പോള്‍ ഇതൊക്കെ അല്‍പ്പം കൂടിപ്പോയെന്ന് പറയാതിരിക്കാന്‍ വയ്യ. റബര്‍ മേഖലയിലെ ഇടപെടലിനും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തിനുമായി സിപിഎം നിയന്ത്രണത്തില്‍ തലശേരി ആസ്ഥാനമായി ആരംഭിച്ച സ്ഥാപനമാണ് റബ്‌കോ എന്നുകൂടി ഓര്‍ക്കുക. എന്തായാലും ഒരു ഭാഗത്ത് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ ന്യായീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന മുഖ്യമന്ത്രി അതിന് കടകവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് മറുഭാഗത്ത് സ്വീകരിക്കുന്നതെന്ന് ഇതോടെ വ്യക്തമാകുകയാണ്. ഇതൊക്കെ കാണുമ്പോള്‍ പഴയ മോഹന്‍ലാല്‍ സിനിമയിലെ ഡയലോഗാണ് ഓര്‍മ വരുന്നത്, എന്താടോ വാര്യരെ താന്‍ നന്നാവാത്തത്….

shortlink

Post Your Comments


Back to top button