Latest NewsInternational

ഹോങ്കോങ്: ‘പ്രക്ഷോഭകാരികള്‍ ഭീകരർ, സൈനിക നടപടിയെന്ന്’ ചൈന

ഹോങ്കോങ്: ഹോങ്കോങ്ങില്‍ ആരംഭിച്ച പ്രക്ഷോഭത്തിനെതിരെ മുന്നറിയിപ്പുമായി ചൈന. സംയമനത്തിന്റെ ഭാഷയില്‍ ഇനി മുന്നോട്ടുപോകാനാകില്ലെന്നും സൈനിക നടപടികളിലേക്ക് നീങ്ങേണ്ടി വരുമെന്നും ചൈന വ്യക്തമാക്കി.കഴിഞ്ഞ ദിവസം പ്രക്ഷോഭകാരികള്‍ വിമാനത്താവളത്തിലെത്തിയതിനെ തുടര്‍ന്ന് സര്‍വിസുകള്‍ റദ്ദാക്കേണ്ടി വന്നതോടെയാണ് ചൈന സ്വരം കടുപ്പിച്ചത്.

സൈനിക നടപടികള്‍ക്ക് മുന്നോടിയായി ഷെന്‍സന്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ അര്‍ധസൈനിക വിഭാഗത്തെ രംഗത്തിറക്കി. ഹോങ്കോങ്ങില്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ അമേരിക്കക്ക് പങ്കുണ്ടെന്നാണ് ചൈനയുടെ ആരോപണം. ക്രിമിനല്‍ കേസുകളില്‍പ്പെട്ടവരെ ചൈനയില്‍ വിചാരണ ചെയ്യാനുള്ള തീരുമാനത്തിനെതിരെയാണ് ഹോങ്കോങ്ങില്‍ പ്രക്ഷോഭം ആരംഭിച്ചത്.

രണ്ട് മാസം മുന്‍പ് തുടങ്ങിയ പ്രതിഷേധത്തെ തുടര്‍ന്ന് നിയമം പിന്‍വലിച്ചുവെങ്കിലും പൊലീസ് ക്രൂരതയെക്കുറിച്ചു സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭകാരികള്‍ പ്രതിഷേധം തുടരുകയായിരുന്നു. ഇപ്പോഴത് ചൈനയില്‍ നിന്നും കൂടുതല്‍ സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന തരത്തില്‍ സംഘടിതമായി മാറുകയും ചെയ്തു.അതെ സമയം പ്രക്ഷോഭകരോട് ജനാധിപത്യപരമായ രീതിയില്‍ ഇടപെടണമെന്നാണ് അമേരിക്കയുടെ ആവശ്യം.

എന്നാല്‍, ആയുധങ്ങളുമേന്തിയാണ് പ്രക്ഷോഭകര്‍ എത്തുന്നതെന്ന് ചൈന പ്രതികരിച്ചു. വിമാനത്താവളം ഉപരോധിച്ചതില്‍ സങ്കടമുണ്ടെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് അത്തരം സമരമാര്‍ഗങ്ങള്‍ സ്വീകരിച്ചതെന്നും സമരക്കാര്‍ അറിയിച്ചു.പ്രതിഷേധം രൂക്ഷമായതോടെ തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി നൂറുകണക്കിനു വിമാന സര്‍വീസുകള്‍ ഹോങ്കോങ് റദ്ദാക്കിയിരുന്നു. പ്രവര്‍ത്തനം നിര്‍ത്തിവച്ച ഹോങ്കോങ് വിമാനത്താവളം ബുധനാഴ്ചയാണു തുറന്നത്.

വിമാനത്താവളം ഉപരോധിച്ചതിന് 5 പേര്‍ ശനിയാഴ്ച അറസ്റ്റിലായതോടെ കുറ്റവാളിക്കൈമാറ്റ ബില്ലുമായി ബന്ധപ്പെട്ട് ജൂണില്‍ ആരംഭിച്ച സമരത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 600 കടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button