KeralaLatest News

സോഷ്യല്‍ മീഡിയയില്‍ പരദൂഷണം പറയുന്നവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാകില്ല എന്ന് മുല്ലപള്ളി പറഞ്ഞത് വെറുതെയല്ല; ബൽറാമിന് മറുപടിയുമായി പിവി അൻവർ, അങ്കം കൊഴുക്കുന്നു

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിന് മറുപടിയുമായി നിലമ്പൂർ എംഎല്‍എ പിവി അന്‍വര്‍. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെയാണ്‌ അദ്ദേഹം മറുപടി നൽകിയിരിക്കുന്നത്. പ്രളയകാലത്ത് എന്റെ ഫേസ്ബുക്ക് പേജ് വഴി,എനിക്ക് വേണ്ടി പി.ആര്‍ വര്‍ക്ക് നടത്തി എന്ന് പ്രചരിക്കുന്നുണ്ടെന്നും ഒരു ഉന്നത ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് അതിന്റെ ക്യാമ്പയിൻ നടക്കുന്നതെന്നും അൻവർ പറയുന്നു. മറ്റുള്ളവരെ അധിക്ഷേപിക്കാനും,കുറ്റം പറയാനും,കരിവാരി തേയ്ക്കാനും മാത്രമായി ഉപയോഗിക്കാനുള്ളതല്ല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം.അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങള്‍ അത് സൂചിപ്പിച്ചു എങ്കില്‍,ഞാന്‍ അതിനൊന്നും ഉത്തരവാദിയല്ലെന്നും അൻവർ കൂട്ടിച്ചേർക്കുന്നു.

Read also: പാവപ്പെട്ട ഓമനക്കുട്ടന്മാരുടെ 70 രൂപ പിരിവിന് നേരെ ഉയരുന്ന അധികാരഗര്‍വ്വ് ഇവരുടെ മുന്‍പില്‍ കാശിക്ക് പോവും; വിമർശനവുമായി വിടി ബൽറാം

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

ഇനി പറയാതെ വയ്യ..

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളിലായി,നിലമ്പൂരിലെ പ്രളയമുഖത്താണ്.ഇവിടെ നൂറുകണക്കിന് ആളുകൾ ഭവനരഹിതരായിട്ടുണ്ട്‌.ആയിരങ്ങൾ വിവിധ ക്യാമ്പുകളിൽ കഴിയുന്നു.ഇവരുടെ പുനരധിവാസം എന്ന കടമ്പയും എനിക്ക്‌ മുൻപിലുണ്ട്‌.പ്രളയകാലത്ത്‌,എന്നെ വിശ്വസിച്ച്‌ തിരഞ്ഞെടുത്ത ജനതയ്ക്കൊപ്പം പരമാവധി അടുത്ത്‌ നിന്നിട്ടുണ്ട്‌.കഴിഞ്ഞ ദിവസങ്ങളിൽ ജീവിച്ചത്‌ അവർക്ക്‌ വേണ്ടി മാത്രം എന്ന് തന്നെ പറയും.

സോഷ്യൽ മീഡിയയിൽ എനിക്കെതിരെ ഇപ്പോൾ ഒരു ഹെയ്റ്റ്‌ ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്‌.
പ്രളയകാലത്ത്‌ എന്റെ ഫേസ്‌ബുക്ക്‌ പേജ്‌ വഴി,എനിക്ക്‌ വേണ്ടി പി.ആർ വർക്ക്‌ നടത്തി എന്നതാണ് പ്രചരണത്തിന്റെ കാതൽ.ഒരു ഉന്നത ജനപ്രതിനിധിയുടെ നേതൃത്വത്തിലാണ് ക്യാമ്പയിൻ കൊഴുപ്പിക്കുന്നത്‌.ആദ്യമേ തന്നെ പറയാമല്ലോ.പി.ആർ വർക്ക്‌ നടത്താൻ ആരെയും ഏൽപ്പിച്ചിട്ടില്ല.ആ സമയത്ത്‌,ഏതെല്ലാം സാധ്യതകൾ ഉപയോഗപ്പെടുത്തി ജനങ്ങളെ സഹായിക്കാം എന്ന ചിന്തയേ ഉണ്ടായിരുന്നുള്ളൂ.നിലമ്പൂർ മണ്ഡലത്തിൽ,മിക്ക സ്ഥലങ്ങളിലും വൈദ്യുതി ബന്ധം തകർന്നിരുന്നു.മൊബൈൽ നെറ്റ്‌വർക്കുകളും പ്രവർത്തനരഹിതമായി.ബി.എസ്‌.എൻ.എൽ സേവനം മാത്രമാണുണ്ടായിരുന്നത്‌.
പ്രവാസികൾക്കും പുറത്തുള്ളവർക്കും വിവരങ്ങൾ കൈമാറാൻ കഴിയുന്ന തരത്തിൽ,ഫേസ്‌ ബുക്ക്‌ പേജിനെ എങ്ങനെ ഒരു മിനി-കൺട്രോൾ റൂമായി ഉപയോഗിക്കാം എന്ന സാധ്യത വിലയിരുത്തി.അതിന്റെ ഭാഗമായി ഓഫീസ്‌ കേന്ദ്രീകരിച്ച്‌ ഒരു ഹെൽപ്പ്‌ ഡെസ്ക്ക്‌ ആരംഭിച്ചു.സേവന സന്നദ്ധരായ അഞ്ച്‌ ചെറുപ്പക്കാരെ ഹെൽപ്പ്‌ ഡെസ്ക്കിന്റെ ചുമതല ഏൽപ്പിച്ചു.സ്റ്റാഫുകളും ഈ അഞ്ച്‌ പേരും ചേർന്നാണ് പേജ്‌ വഴിയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്‌.പ്രാദേശികമായി വിവരങ്ങൾ ശേഖരിക്കാൻ,ബന്ധപ്പെടാൻ കഴിയുന്ന പൊതുപ്രവർത്തകരുടെ നമ്പരുകൾ ശേഖരിച്ച്‌,വന്ന എൻക്വയറികൾക്ക്‌ പത്ത്‌ മിനിറ്റിനകം മറുപടി നൽകാൻ കഴിയുന്ന തരത്തിൽ ക്രമീകരിച്ചു.നൂറുകണക്കിനായ അന്വേഷണങ്ങൾക്ക്‌ മറുപടി നൽകി.99% കൃത്യതയോടെ ആ അവസരത്തിൽ ജനങ്ങളുടെ ആശങ്ക മാറ്റുവാനായി ഈ ഹെൽപ്പ്‌ ഡെസ്ക്ക്‌ പരിശ്രമിച്ചു.നൽകിയ വിവരങ്ങളിൽ ഒരെണ്ണം മാത്രമാണ് കൃത്യമാകാതെ പോയത്‌.

ഈ അന്വേഷണങ്ങൾ എല്ലാം പി.ആർ വർക്കിന്റെ ഭാഗമായിരുന്നു എന്ന പ്രചരണവും ഇപ്പോൾ ആരംഭിച്ചിട്ടുണ്ട്‌.ആ കമന്റുകളിൽ ഒന്ന് പോലും വിടാതെ,എല്ലാം ഈ പേജിലെ പോസ്റ്റുകളിൽ തന്നെയുണ്ട്‌.നിങ്ങൾക്ക്‌ അവരെ ബന്ധപ്പെടാം.അന്വേഷിക്കാം.പിന്നീട്‌ ഇന്ന് വരെ സഹായങ്ങൾ അഭ്യർത്ഥിച്ചും നിർദ്ദേശങ്ങൾ കൈമാറിയും നിരവധി പോസ്റ്റുകൾ ഈ പേജ്‌ വഴി ജനങ്ങളിൽ എത്തിച്ചിട്ടുണ്ട്‌.എം.എൽ.എ ഓഫീസിലെ കളക്ഷൻ സെന്ററിൽ എത്തിയ സഹായങ്ങളിൽ ഭൂരിഭാഗവും,സേവനങ്ങൾക്ക്‌ എത്തിയവരിൽ ഭൂരിഭാഗവും,ഞങ്ങളെ ബന്ധപ്പെട്ടത്‌ ഈ പേജിലെ പോസ്റ്റുകൾ പിന്തുടർന്നാണ്.നിലവിലും ഇതൊക്കെ തുടർന്ന് കൊണ്ടിരിക്കുന്നു.

നവമാധ്യമം വഴിയുള്ള ഈ ഇടപെടലുകൾ,ശ്രദ്ധിക്കപ്പെട്ടു.അതോടെ ഇരിക്കപൊറുതിയില്ലാതെ ആയത്‌ പ്രമുഖ ഫേസ്‌ ബുക്ക്‌ ഉപഭോക്താവിനാണ്.അദ്ദേഹം ഈ കഴിഞ്ഞ ദിവസങ്ങളിൽ പലതവണ അസഹിഷ്ണുത ഈ വിഷയത്തിൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്‌.
“ഞാൻ തന്നെയാണു പേജ്‌ കൈകാര്യം ചെയ്യുന്നത്‌..’എന്നാണ് രോധനത്തിലെ പ്രധാന പോയിന്റ്‌.അദ്ദേഹത്തെ ഇകഴ്ത്തി കാണിക്കാനല്ല,ഈ പേജ്‌ വഴി അടിയന്തര സാഹചര്യങ്ങളിൽ ജനങ്ങൾക്ക്‌ വേണ്ടി പ്രവർത്തിച്ചത്‌ എന്ന് വിനീതമായി അറിയിക്കുന്നു.മറ്റുള്ളവരെ അധിക്ഷേപിക്കാനും,കുറ്റം പറയാനും,കരിവാരി തേയ്ക്കാനും മാത്രമായി ഉപയോഗിക്കാനുള്ളതല്ല സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം.അദ്ദേഹത്തിന്റെ മണ്ഡലത്തിലെ ജനങ്ങൾ അത്‌ സൂചിപ്പിച്ചു എങ്കിൽ,ഞാൻ അതിനൊന്നും ഉത്തരവാദിയല്ല.സ്വന്തം പാർട്ടിക്കാരൻ വരെ ഈ വിഷയം അദ്ദേഹത്തിന്റെ ഒരു പോസ്റ്റിലെ കമന്റിൽ സൂചിപ്പിച്ച്‌,ഒപ്പം തിരിഞ്ഞ്‌ നോക്കാത്ത അദ്ദേഹത്തിന്റെ മെസഞ്ചർ സ്ക്രീൻ ഷോട്ടും പങ്ക്‌ വച്ചത്‌ അദ്ദേഹം വിദഗ്ദമായി മുക്കിയിട്ടുണ്ടെങ്കിലും,സ്ക്രീൻഷോട്ട്‌ കൈവശമുണ്ട്‌.മറ്റുള്ളവരുടെ തോളിൽ കയറി കയ്യടി വാങ്ങാനുള്ളതല്ല സോഷ്യൽ മീഡിയ.
അത്‌ ജനങ്ങൾക്കും ഉപകാരപ്പെടുന്ന രീതിയിൽ പ്രയോജനപ്പെടുത്തില്ല,അങ്ങനെ ചെയ്യാനും അനുവദിക്കില്ല-എന്ന് വാശിപിടിക്കാൻ ഇത്‌ അങ്ങയുടെ രാജ്യമല്ല.ഇനിയും ഇങ്ങനെ തന്നെ തുടരും.

ഈ വിഷയത്തിൽ,പല കംപാരിസൺ പോസ്റ്റുകളും വൈറലായി.അതിന്റെ പേരിൽ എനിക്കെതിരെ തിരിഞ്ഞിട്ട്‌ കാര്യമില്ല.ജനങ്ങൾക്ക്‌ ഉപകാരപ്പെടുന്ന ഇടപെടലുകൾ ഇനിയും ഉണ്ടാകും.സോഷ്യൽ മീഡിയയിൽ പരദൂഷണം പറയുന്നവർക്ക്‌ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല എന്ന് മുല്ലപള്ളി പറഞ്ഞത്‌ വെറുതെയല്ല(അത്‌ ആരെ ലക്ഷ്യമാക്കി പറഞ്ഞതാണെന്ന് എല്ലാവർക്കും അറിയാം).

“പെട്ടിതൂക്കി”എന്ന വാക്ക്‌ കണ്ട്‌,ഘോരഘോരം എഴുതി തള്ളി,അണികളെ കൊണ്ട്‌ ജയ്‌ വിളിപ്പിക്കുന്നത്‌ തെറ്റിദ്ധരിച്ച്‌ മാത്രമാണ്.ഞാൻ താങ്കളെ ഉദ്ദേശിച്ചല്ല അത്‌ പറഞ്ഞത്‌.അങ്ങനെ സ്വയം തോന്നിയെങ്കിൽ,ക്ഷമിക്കണം.ഉന്നയിച്ച ഓരോ ആരോപണങ്ങൾക്കും കൃത്യമായ മറുപടി നൽകാൻ അറിയാം.അതിനുള്ള പ്രായമുണ്ട്‌.അത്‌ തരുകയും ചെയ്യും.ഇപ്പോൾ നിലമ്പൂരിൽ,എന്നെ പ്രതീക്ഷിച്ച്‌ ജീവിതം മുൻപോട്ട്‌ കൊണ്ടുപോകുന്ന കുറച്ച്‌ ആളുകളുണ്ട്‌.ക്ലോക്കിൽ രണ്ട്‌ തവണയേ ഒരു സമയം കാണിക്കൂ.അതിൽ തന്നെ നോക്കി ഇരിക്കാൻ ഇപ്പോൾ സമയമില്ല.ജനങ്ങൾക്കൊപ്പം,അവർക്ക്‌ വേണ്ടി നിരവധി കാര്യങ്ങൾ ചെയ്ത്‌ തീർക്കാനുണ്ട്‌.പിന്നെ,ദുരന്തമുഖത്ത്‌ നിൽക്കുമ്പോൾ ക്ലീൻ ഷേവ്‌ ചെയ്യാൻ കഴിഞ്ഞെന്ന് വരില്ല.ദിവസവും രാവിലെ ബ്യൂട്ടി പാർലറിൽ പോയി സമയം കളയുന്ന ആളുകളെയല്ല ഞാൻ പിന്തുടരുന്നത്‌…

അദ്ദേഹത്തിന്റെ അണികളോടും കൂടിയാണ്..

shortlink

Related Articles

Post Your Comments

Related Articles


Back to top button