Latest NewsInternational

ഒടുവില്‍ ‘പിങ്ക് ഇമോജി വീട് വില്‍പ്പനയ്ക്ക്’; സ്വപ്ന വീട് വില്‍ക്കാനുള്ള കാരണം വ്യക്തമാക്കി ഉടമ

കാലിഫോര്‍ണിയ: പിങ്ക് നിറമുള്ള വീട്. ചുമരുകളിള്‍ വലിയ രണ്ട് ഇമോജികള്‍. പിങ്ക് നിറത്തിലുള്ള പെയിന്റ് പൂശിയ ഈ വീട് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തില്‍ വൈറലായിരുന്നു. ഇപ്പോഴിതാ ആ വീടി വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണ് ഉടമ. അമ്പരപ്പെടുത്തുന്ന വിലയ്ക്കാണ് വീട് വില്‍ക്കാനൊരുങ്ങുന്നത്.

സതേണ്‍ കാലിഫോര്‍ണിയയിലെ മാന്‍ഹട്ടന്‍ ബീച്ചിലുള്ള വിവാദമായ ഈ വീട് ‘പിങ്ക് ഇമോജി ഹൗസ്’ എന്ന പേരിലാണ് അറിയപ്പെടുന്നത്. കടുംപിങ്ക് നിറവും ഇമോജികളും തന്നെയാണ് വീടിനെ ശ്രദ്ധേയമാക്കിയത്. ഉടമ കാതറിന്‍ കിഡ് വീട് വാടകയ്ക്കു വച്ചതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. മാന്‍ഹട്ടന്‍ ബീച്ച് നഗരത്തിലെ നിയമത്തിന് വിരുദ്ധമായി ഹ്രസ്വകാലത്തേക്ക് വാടകയ്ക്ക് വീട് നല്‍കുന്നതിനായി ലിസ്റ്റ് ചെയ്തതാണ് കാരണമായത്. വീട് വാടകയ്ക്ക് നല്‍കുന്നതിനു പിഴയായി കാതറിന്‍ മൂന്നുലക്ഷത്തോളം രൂപ അടച്ചു. തുടര്‍ന്ന് ദീര്‍ഘകാലത്തേക്ക് വീട് വാടകയ്ക്ക് നല്‍കാന്‍ തീരുമാനിച്ചപ്പോള്‍ അവര്‍ ആ വീട് ഒന്നു പെയിന്റടിച്ച് ഭംഗിയാക്കാമെന്നു കരുതി. എന്നാല്‍ വൈകാതെ തന്നെ പരാതിയുമായി സമീപവാസികള്‍ എത്തുകയായിരുന്നു.

കണ്ണുകളെ ഏറെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള നിറമാണ് കാതറിന്‍ നല്‍കിയതെന്നും തങ്ങളോടുള്ള പ്രതികാരത്തിന്റെ ഭാഗമായാണതെന്നുമാണ് അയല്‍വാസികള്‍ പരാതിപ്പെട്ടത്. വീടിന്റെ ചുമരില്‍ ഇമോജികള്‍ ചിത്രീകരിച്ചത് തങ്ങളെ കളിയാക്കുന്നതിന്റെ ഭാഗമായാണെന്നും അവര്‍ ആരോപിച്ചു. തമാശ കലര്‍ന്ന ചിരിയോടെയുള്ള ഇമോജിയും വായയ്ക്കു മുകളില്‍ സിപ് ചെയ്ത വിധത്തിലുള്ള ഇമോജിയുമാണ് ചുമരില്‍ ഉണ്ടായിരുന്നത്. എന്നാല്‍ താന്‍ കലയെ സ്നേഹിക്കുന്നയാളും ഇമോജികള്‍ തനിക്ക് ഏറെ പ്രിയപ്പെട്ടവയുമാണെന്നാണ് കാതറിന്റെ വാദം. ഈ വീട് കാരണം തങ്ങളുടെ പ്രദേശത്തെ സ്ഥലത്തിന്റെ മൂല്യം ഇടിയുന്നുവെന്നും അയല്‍ക്കാര്‍ പരാതിപ്പെട്ടു. തന്റെ വീടിന് തനിക്കിഷ്ടമുള്ള പെയിന്റ് പൂശുമെന്നും പറഞ്ഞാണ് കാതറിന്‍ അവരുടെ വായടപ്പിച്ചത്.

ഏറെ വിവാദങ്ങള്‍ക്കെല്ലാമൊടുവില്‍ വീട് വില്‍പനയ്ക്ക് വച്ചിരിക്കുകയാണ് കാതറിന്‍. കാരണം മറ്റൊന്നുമല്ല, വിവാദ വീട് ഓണ്‍ലൈനില്‍ തരംഗമായതോടെ വീട്ടിലേക്ക് സന്ദര്‍ശകര്‍ എത്തിത്തുടങ്ങി. വിനോദസഞ്ചാരികളുടെ വരവ് വര്‍ധിച്ചതോടെ അയല്‍ക്കാര്‍ വീണ്ടും പരാതികളുമായി രംഗത്തെത്തി. ഇതോടെയാണ് വീട് വില്‍പനയ്ക്ക വെക്കാന്‍ കാതറിന്‍ തീരുമാനിച്ചത്. ഒന്നും രണ്ടുമല്ല പന്ത്രണ്ടുകോടിയോളം രൂപയ്ക്കാണ് വീട് വില്‍പനയ്ക്കു വച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button