Festivals

പാടാം ഈ ഓണപ്പാട്ടുകൾ!

ഓണക്കാലങ്ങളിൽ  ഗ്രാമങ്ങൾ തോറും കുട്ടികളൂം മുതിർന്നവരുമെല്ലാം പണ്ടുതൊട്ട് പാടിയിരുന്ന പാട്ടുകളെയാണ് ഓണപ്പാട്ടുകൾ എന്ന് വിശേഷിപ്പിക്കുന്നത്. ഓണക്കളികളുടെ ഭാഗമായാണ് ഇത്തരം ഓണപ്പാട്ടുകൾ നിലവില്‍ വന്നത്. കാർഷികവൃത്തി ചെയ്ത് ജീവിച്ചിരുന്ന  ഗ്രാമീണ ജനതയുടെ വിളവെടുപ്പിന്റെ കാലം കൂടിയായിരുന്നു ഓണം. അതുകൊണ്ട് തന്നെ ഈ പാട്ടുകൾക്കെല്ലാം കാർഷിക വൃത്തിയോട് അഭേദ്യമായ ബന്ധം ഉണ്ടായിരുന്നു. തുമ്പി തുള്ളൽ, തിരുവാതിരക്കളി മുതലായവയെല്ലാം ഇത്തരത്തിൽ ഓണക്കളികളായി ഗ്രാമങ്ങൾ തോറും ആചരിച്ചിരുന്നു. ഇതിന് പുറമേ, ഓണക്കാലത്ത് വായ്മൊഴിയായി പാടിയിരുന്ന ചില പാട്ടുകൾ നമുക്ക് പരിചയപ്പെടാം.

മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾക്കാനില്ല.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.

ഓണക്കാലത്ത് വായ്മൊഴിയായി പാടിയിരുന്ന മറ്റൊരു ഗാനം

നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ കുട്ടികൾക്കെല്ലാർക്കും
വേണം നല്ലൊരു പൂവും വട്ടി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ ബാലൻമാര്ക്കെല്ലാര്ക്കും
വേണം നല്ലൊരു പന്തു കളി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ പെണ്ണുങ്ങൾക്കെല്ലാർക്കും
വേണം നല്ലൊരു പാട്ടും കളീം
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ ആണുങ്ങൾക്കെല്ലാർക്കും
വേണം നല്ലൊരു ശീട്ടും പെട്ടി
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു
ഓണം വന്നാലോ തമ്പ്രാൻമാർക്കെല്ലാർക്കും
വേണം നല്ലൊരു കമ്പിത്തായം
പൂ പൊലി പൊലി പൂവേ
നല്ലോരോണമുണ്ടല്ലോ പോന്നു വരുന്നു

താഴെ കാണുന്നത് കൃഷിപ്പാട്ടിന്റെ ചെറിയൊരു ഭാഗമാണ്

പണി ചെയ്യുന്ന സമയത്ത്  പാടിയിരുന്ന പാട്ടുകളാണ് ”കൃഷിപ്പാട്ടുകള്‍” എന്ന പേരില്‍ അറിയപ്പെടുന്നത്. പരിമിതമായ അനുഭവങ്ങളുടെ ലോകത്തില്‍ വ്യത്യസ്തമായ  ഒരു ജീവിതചക്രവാളത്തെ സ്വപ്നം കണ്ടുകൊണ്ട് ലളിതമായ ജീവിതം നയിച്ച കര്‍ഷകത്തൊഴിലാളരുടെ പാട്ടുകളാണ് യഥാര്‍ഥ നാടന്‍പാട്ടുകള്‍ എന്നറിയപ്പെടുന്നത്.

അതിലിതാ ഒരെണ്ണം

അമ്മാവന്‍ വന്നീല്ലാ….
പത്തായം തൊറന്നീല്ലാ…………
എന്തെന്റെ മാവേലീ ഓണം വന്നൂ…….
അമ്മായി ചെന്നീല്ലാ……..
നെല്ലൊട്ടും തന്നീല്ലാ………
എന്തെന്റെ മാവേലീ ഓണം വന്നു……..

വളരെ ഇമ്പമേറിയ ഈ നാടന്‍പാട്ടില്‍ താളത്തിനും ഈണത്തിനുമുപരിയായി കേരളീയ സമൂഹത്തില്‍ നിലനിന്നിരുന്ന മരുമക്കത്തായ സമ്പ്രദായത്തിന്റെ ദൈന്യതയാണ് വ്യക്തമാക്കുന്നത്. ഇന്നത്തെ തലമുറയ്ക്ക്
നെല്‍വിത്തിനങ്ങളുടെ പേരുകള്‍ അറിയില്ല.അവര്‍ക്കായി ഇതാ ഒരു പാട്ട്

ആലകാ ചേലകാ ……
ചേലക്കിടാവത്ത്……….
ഉപ്പുകുറുവാ ചെറുവിത്ത് വല്ലള
ചാമ്പായിപ്പൂപ്പനേ
കണ്ണാടിപ്പോരനേ
ത്‌ലാക്കണ്ണന്‍ കുറുവാ
കിഴിക്കുറുവാ വിത്തുവേ
ഓവുപെരുത്തതും
മുണ്ടോനും മുണ്ടോക്കുറുവനും
അതിക്കിര്യാഴി മുറിക്കതിര്
വിത്തിന്റെ പേരുവേ
ചെന്നെല്ല് ഞാനുവേ

ഈ ഓരോ പാട്ടുകളും കേരളത്തിന്റെ സംസ്കാരമാണ് എടുത്ത് കാണിക്കുന്നത്. ഇന്നത്തെ ആഘോഷങ്ങള്‍ക്ക് വ്യത്യാസം വന്നെങ്കിലും ഞാനും നിങ്ങളും ആഗ്രഹിക്കുന്നത് മാവേലിയുടെ സമയത്തുള്ള ആ നല്ല കാലത്തെയാണ്.അതിനായി നമുക്ക് പരിശ്രമിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button