
പ്രീദു രാജേഷ്
പൂക്കളോടും പ്രിയമാണെപ്പോഴും..കണ്ണിനും മനസ്സിനും കുളിർമ തരുന്ന വിവിധ വർണ്ണങ്ങളിലുള്ള ഒരായിരം പൂക്കൾ നമുക്കു ചുറ്റുമുണ്ട്. പ്രകൃതിയുടെ നീണ്ട വരദാനങ്ങളിലൊന്ന്.
ഇഷ്ടപ്പെട്ട പൂക്കളുടെ ലിസ്റ്റ് നോക്കിയാലും പുറകോട്ടല്ല എല്ലാരുമുണ്ടാകും ആ നീണ്ട നിരയിൽ. മുല്ല, പിച്ചി ചെത്തി, ചെമ്പരത്തി,റോസാ, കണിക്കൊന്ന,കൊങ്ങിണി. ജമന്തി എല്ലാവരും പ്രിയപ്പെട്ടവരാണ്… ലിസ്റ്റ് അങ്ങനെ നീളട്ടെ .എന്നാലും ഈ ലിസ്റ്റിൽ ഒരാൾ കൂടിയുണ്ട്.അതാകാം ഇന്നത്തെ ഇഷ്ടപ്പെട്ട പൂവ്.
ശവം നാറി… കേട്ടു കാണുമോന്നു അറിയില്ല ഇതിനെക്കുറിച്ച്. എന്റെ നാട്ടിൽ സാധാരണ ഈ പേരാണ് പറയാറ്. ശ്മശാനത്തിൽ എല്ലാവരുമുപേക്ഷിക്കപ്പെട്ട കുറെ ആത്മാവുകളുണ്ടാകും അതിന്റെ കൂട്ടിരിപ്പുകാരിലൊരാണിവർ.ഞാൻ അങ്ങനെയാണ് പലപ്പോഴും ഇതിനെ കണ്ടിട്ടുള്ളത്.
സാധാരണയായി വെളുപ്പും പിങ്കും നിറത്തിലാണു ഇക്കൂട്ടർ. പണ്ടൊക്കെ കുട്ടിപ്പട്ടാള സംഘത്തിനൊപ്പം അത്തപ്പൂക്കളമിടാൻ പൂവു പറിക്കാൻ പോകുമ്പോൾ കൂട്ടുകാർ പറയുമായിരുന്നു ‘ഹേയ് ആ പൂവു വേണ്ട അതു ശവംനാറിയ’.. അന്നു ഈ ശവംനാറി എന്താണെന്ന് അറിയില്ലാരുന്നു. മാറ്റി നിർത്തപ്പെട്ട ഒരു പൂവ്.എന്നാലിന്നു പല വീടുകളിലെയും പൂന്തോട്ടങ്ങളിൽകണ്ടു വരുന്നൊരു പൂവായി ശവം നാറി മാറിക്കഴിഞ്ഞു.
ത്യകല്യാണി , അഞ്ചിലത്തെറ്റി എന്ന പേരുകളിലും ഇതറിയപ്പെടാറുണ്ട് .ശവം നാറി ന്നൊക്കെ പറഞ്ഞാലും, മാറ്റി നിർത്തിയാലും വളരെ ഔഷധഗുണമുള്ള ഒരു ചെടിയാണിത്. ഔഷധമായ വിൻകാ ആൽക്കലോയ്ഡ്സ് ഈ ചെടിയിൽ നിന്ന് വേർതിരിച്ചാണുണ്ടാക്കുന്നത്.അർബുദ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്ന് .ഒപ്പം രക്തസമ്മർദ്ദം കുറക്കുവാനുപയോഗിക്കുന്ന അജ്മാക്ലിൻ എന്ന മരുന്നും ഈ ചെടിയുടെ വേരുകളിൽ നിന്നുല്പാദിപ്പിക്കുന്നതാണെന്നാണ് പഠനങ്ങൾ പറയുന്നത്.വെള്ളയും പിങ്കും നിറത്തിലുള്ള ഇതിനെ ചിലർ ആദവും അവ്വയും എന്നും വിശേഷിപ്പിക്കാറുണ്ട്.
അപ്പോൾ ഇന്നത്തെ ഇഷ്ടപ്പെട്ടപ്പൂവ് ഈ ആദവും അവ്വയും തന്നെ…ശ്മശാനങ്ങളിൽ ശവങ്ങളുടെയും ആത്മാവുകളുടെയും കൂട്ടിരുപ്പുകാരനായി മാത്രം ഈ ഇത്തിരിക്കുഞ്ഞൻ പൂവിനെ തള്ളി കളയാതെയിരിക്കുക.പ്രകൃതിയിലെ ഓരോ ചെടികൾക്കും ഓരോ ഔഷധ ഗുണങ്ങളുണ്ടാകും ഓരോ പ്രത്യേകതകളുണ്ടാകും .നമ്മളുടെ വിവരക്കൂടുതൽ കൊണ്ടു നമ്മളാരും അതൊന്നും അറിയാൻ മെനക്കെടാറില്ല.അർബുദം പോലെയുള്ള ഒരു മാറാവ്യാധിയ്ക്കുള്ള ഔഷധമായ ഇവനെയാണ് അന്നു ഞാനും തള്ളിക്ക ളഞ്ഞത്.ഈശ്വരന്റെ ഓരോ മാജിക്കുകളേ.അപ്പോൾ ഇവനെയിനി ശവംനാറിയെന്നല്ല ‘ നിത്യകല്യാണി’ എന്നു തന്നെ വിളിക്കാം.അതാണു കൂടുതൽ യോജ്യം. എന്നും പൂക്കട്ടെ.
മണമുള്ള പൂവിനല്ല മണമില്ലാത്ത പൂവിനും ഗുണങ്ങളേറെയുണ്ട്. സൗന്ദര്യമുണ്ട്. മണത്തിലല്ല ഗുണത്തിലാണ് കാര്യം.അങ്ങനെ നോക്കിയാൽ ഇവൻ ആളു പുലിയാണ്. ഒന്നിനെയും പാടേ തള്ളിക്കളയാതെ ഇരിക്കുക ..ഉൾക്കാമ്പറിഞ്ഞേ ഓരോന്നിനെയും വിലയിരുത്താവൂ.അപ്പോൾ വിട പിന്നീട് കാണാം….അന്നു അത്തപ്പൂക്കളത്തിന്റെ പൂ നിരയിൽ നിന്നു മാറ്റി നിർത്തിയ ഈ ഇത്തിരി കുഞ്ഞനോടിന്നു ഏറെയിഷ്ടം.
Post Your Comments