Latest NewsIndia

ലാന്‍ഡറിന്റെ ചിത്രം പകര്‍ത്തി ഓര്‍ബിറ്റര്‍, ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തി ലാൻഡർ

നിലത്ത് ഇടിച്ചിറങ്ങിയതിനാല്‍ അതിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായെന്നാണ് അനുമാനം.

തിരുവനന്തപുരം:ഇന്ത്യയുടെ പ്രതീക്ഷകൾ നഷ്ടമാക്കി ഇരുട്ടിലേക്ക് വീണ ലാന്‍ഡറിനെ ചന്ദ്രയാന്‍ – 2 പേടകമായ ഓര്‍ബിറ്റര്‍ കണ്ടെത്തി. മാത്രമല്ല, ലാന്‍ഡര്‍ ചന്ദ്രന്റെ 350 മീറ്റര്‍ വരെ അടുത്തെത്തിയെന്നും അവിടെ വച്ചാണ് ബന്ധം നഷ്ടമായതെന്നും ഐ.എസ്.ആര്‍.ഒ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തി.ചന്ദ്രന്റെ ഉപരിതലത്തില്‍ ചരിഞ്ഞ് കിടക്കുന്ന ലാന്‍ഡറിന്റെ ചിത്രവും ഓര്‍ബിറ്റര്‍ ഇന്നലെ പകര്‍ത്തി. നിലത്ത് ഇടിച്ചിറങ്ങിയതിനാല്‍ അതിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ തകരാറിലായെന്നാണ് അനുമാനം.

സോഫ്റ്റ് ലാന്‍ഡിംഗിന്റെ ഭാഗമായി അതുവരെ മെല്ലെ താഴേക്ക് വന്ന ലാന്‍ഡര്‍ എങ്ങിനെ ഇടിച്ചിറങ്ങിയെന്ന് പരിശോധിച്ചു വരികയാണ്.ചന്ദ്രനിലേക്ക് സോഫ്റ്റ് ലാന്‍ഡ് ചെയ്യുമ്പോള്‍ 2.1 കിലോമീറ്റര്‍ അകലെ വച്ച്‌ ഭൂമിയുമായുള്ള ബന്ധം അറ്റുവെന്നായിരുന്നു ഇന്നലെ ഔദ്യോഗിക വിവരം. എന്നാല്‍ ഐ.എസ്.ആര്‍.ഒയുടെ പരിശോധനയില്‍ ചന്ദ്രോപരിതലത്തിന് 350 മീറ്റര്‍ മുകളില്‍ നിന്നാണ് ലാന്‍ഡറില്‍ നിന്നുള്ള അവസാനസന്ദേശം എത്തിയതെന്നാണ് കണ്ടെത്തിയത്. അതുവരെയുള്ള സന്ദേശങ്ങള്‍ കൃത്യമായി ലഭിച്ചിട്ടുണ്ട്. അതിന് ശേഷം ലാന്‍ഡര്‍ നിയന്ത്രണം വിട്ട് നിലത്തുപതിച്ചെന്നാണ് കരുതുന്നത്.

മൂന്നു സാധ്യതകളാണ് ശാസ്ത്രലോകം മുന്നോട്ട് വെക്കുന്നത്. ചന്ദ്രനിലെ ഗുരുത്വാകാര്‍ഷണത്തിലെ സവിശേഷത മൂലം ലാന്‍ഡറിന്റെ പ്രയാണത്തില്‍ പിഴവുണ്ടാകാം. ഭൂമിയുടെ ഗുരുത്വബലത്തിന്റെ ആറിലൊന്നാണ് ചന്ദ്രനിലെ ഗുരുത്വബലം. റഷ്യയും അമേരിക്കയും നല്‍കിയ ഗുരുത്വാകാര്‍ഷണ ഡാറ്റയുടെ അടിസ്ഥാനത്തിലാണ് സോഫ്റ്റ് ലാന്‍ഡിംഗിന്റെ വേഗത നിയന്ത്രിച്ചത്. ലാന്‍ഡറിലെ അഞ്ച് എന്‍ജിനുകള്‍ ജ്വലിപ്പിച്ചും അണച്ചും വിപരീതദിശയില്‍ പ്രവര്‍ത്തിപ്പിച്ചുമൊക്കെയാണിത് നിര്‍വ്വഹിച്ചത്. ഗുരുത്വാകര്‍ഷണം കണക്കാക്കിയതിലെ പിഴവ് ലാന്‍ഡറിന്റെ ബാലന്‍സ് തെറ്റിച്ചെന്നാണ് അനുമാനം.

ബാലന്‍സ് തെറ്റിയാല്‍ ഇതിലെ ഇലക്‌ട്രോണിക് സംവിധാനങ്ങള്‍ കേടായി വിനിമയബന്ധം മുറിയാം.രണ്ടാമത്തേത്, ലാന്‍ഡറിലെ ഗതിനിര്‍ണയ സംവിധാനത്തിലെ മാറ്റങ്ങള്‍. ഐ.എന്‍.എസ്. ഗതിനിര്‍ണയ സംവിധാനമനുസരിച്ചാണ് പേടകം ഭ്രമണം ചെയ്യുക. ലാന്‍ഡിംഗിലേക്ക് കടക്കുമ്പോള്‍ അത് ചന്ദ്രന്റെ ഭ്രമണവുമായി താരതമ്യം ചെയ്യുന്ന രീതിയിലാവും. പേടകത്തിലെ അള്‍ട്ടിമീറ്റര്‍ ഉപയോഗിച്ചാണിത് നിര്‍വ്വഹിക്കുന്നത്. ചന്ദ്രോപരിതലത്തിലേക്കുള്ള കൃത്യമായ അകലം കണക്കാക്കാന്‍ ലേസര്‍റിട്രോ റിഫ്ലക്ടറുകളാണുപയോഗിച്ചത്. ലേസര്‍തരംഗങ്ങള്‍ ചന്ദ്രോപരിലത്തില്‍ പ്രതിഫലിച്ച്‌ തിരിച്ചെത്തുന്നത് കണക്കാക്കിയാണ് ലാന്‍ഡര്‍ എത്രതാഴ്‌ത്തണമെന്ന് പേടകം കണക്കാക്കുന്നത്.

ഇങ്ങനെ മാറുമ്പോഴുണ്ടായ ചെറിയ വ്യത്യാസം ലാന്‍ഡറിന്റെ സന്തുലനം തെറ്റിക്കാം. വേഗത നിയന്ത്രിക്കുന്നതിലെ പിഴവുകള്‍. ലാന്‍ഡര്‍ സ്‌കാന്‍ ചെയ്ത നല്‍കിയ വിവരങ്ങളുടെയും അതില്‍ നിന്ന് ലഭിക്കുന്ന തിരശ്ചീനവും ലംബമാനവുമായ പ്രവേഗങ്ങളും പ്രതലവുമായുള്ള അകലവും കണക്കാക്കിയാണ് ലാന്‍ഡറിലെ നാല് എന്‍ജിനുകള്‍ പ്രവര്‍ത്തിപ്പിച്ച്‌ വേഗതയും സന്തുലനവും നിയന്ത്രിക്കുന്നത്. ഇതിലെ പിഴവുകളാണ് മൂന്നാമത്തെ സാദ്ധ്യത.സോഫ്റ്റ് ലാന്‍ഡ് ചെയ്യുന്ന 15 മിനിട്ടുകള്‍ ഭീകരമായിരിക്കുമെന്നാണ് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ ശിവന്‍ വിശേഷിപ്പിച്ചിരുന്നത്. അത് തന്നെയാണ് സംഭവിച്ചതും.

സാങ്കേതികമായി ഏറെ സങ്കീര്‍ണമായ നിരവധി നിര്‍ദ്ദേശങ്ങളുടെയും ചടുലമായ പ്രവര്‍ത്തനങ്ങളുടെയും ആകെത്തുകയാണ് അവസാന പതിനഞ്ച് മിനിറ്റില്‍ സംഭവിക്കുക. അതുകൊണ്ട് തന്നെയാണ് അത് ഭീകരമാകുന്നതും.ആ പ്രക്രിയ മുഴുവന്‍ പുനരവലോകനം ചെയ്താലേ എന്താണ് സംഭവിച്ചതെന്ന് വ്യക്തമായ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ കഴിയൂ എന്നാണ് ഐ.എസ്.ആര്‍.ഒ. നല്‍കുന്ന വിവരം.ലാന്‍ഡിംഗിന് മൂന്ന് മിനിറ്റില്‍ താഴെ ശേഷിക്കെയാണ് ബന്ധം അറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button