Travel

തിരുവനന്തപുരം കാഴ്ചകളുടെ പറുദീസയാണ് …തലസ്ഥാന നഗരിയിലേയ്ക്ക് കുട്ടികളുമായി യാത്ര പോകാം;

തിരുവനന്തപുരം കാഴ്ചകളുടെ പറുദീസയാണ്. ബീച്ചുകളും കൊട്ടാരങ്ങളും ക്ഷേത്രങ്ങളും മലകളും കായലും എന്ന് വേണ്ട, അപൂര്‍വ കഥകളുള്ള നിരവധി ചരിത്ര സ്മാരകങ്ങളും തിരുവനന്തപുരത്തു ഉണ്ട്. അങ്ങനെയുള്ള അനന്തപുരിയിലേക്ക് യാത്രക്ക് ഇറങ്ങുമ്പോള്‍ എവിടെയൊക്കെ പോകണം എന്നൊരു കണ്‍ഫ്യൂഷന്‍ എല്ലാവര്‍ക്കും ഉണ്ടാകാറുണ്ട്.

എന്ത് കണ്‍ഫ്യൂഷന്‍ ഉണ്ടായാലും തിരുവനന്തപുരത്ത് കുട്ടികളെയും കൊണ്ട് പോകാവുന്ന ചില സ്ഥലങ്ങള്‍ പരിചയപ്പെടുത്തുകയാണ് ഇവിടെ. സ്ഥിരം കുറച്ചു സ്ഥലങ്ങള്‍ ഒഴിവാക്കി തന്നെയാണ് ഈ കുറിപ്പ്. ഇതില്‍ ഏതെങ്കിലും ഒക്കെ സ്ഥലത്തോടൊപ്പം കോവളം, ശംഖുമുഖം, വേളി, വിഴിഞ്ഞം, പൊന്‍മുടി, നെയ്യാര്‍ എന്നിവ പോലുള്ള ഉല്ലാസയിടങ്ങള്‍ തിരഞ്ഞെടുക്കാം

സുനില്‍സ് വാക്‌സ് മ്യൂസിയം

ഇന്ത്യയിലെ ഏക വാക്‌സ് സ്‌കള്‍പ്ചറുടെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയിലെ കിഴക്കേക്കോട്ടയില്‍ അനന്തവിലാസം അനക്‌സില്‍ സ്ഥിതിചെയ്യുന്ന മെഴുക് മ്യൂസിയമാണ് സുനില്‍സ് വാക്‌സ് മ്യൂസിയം. സുനില്‍ കണ്ടല്ലൂരിന്റെ കലാവിരുന്ന് കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കി അതിശയമായിരിക്കും. ഇരുനൂറിലധികം മെഴുകു പ്രതിമകള്‍ നിര്‍മിച്ച സുനിലിനു മഹാരാഷ്ട്രയിലെ ലോനവാലയില്‍ സ്വന്തമായി മ്യൂസിയമുണ്ട്. അമ്പതോളം മെഴുകു പ്രതിമകളാണ് ഇപ്പോള്‍ വാക്‌സ് മ്യൂസിയത്തിലുള്ളത്. വി.എസ്.അച്യുതാനന്ദന്‍, ശ്രീനാരായണഗുരു, രജനീകാന്ത്, വിരാട് കോഹ്ലി, ശ്രീശ്രീ രവിശങ്കര്‍, സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, നരേന്ദ്രമോഡി, രാജാരവിവര്‍മ, മോഹന്‍ലാല്‍, രാജീവ്ഗാന്ധി, ഇന്ദിരാഗാന്ധി, സല്‍മാന്‍ ഖാന്‍, കരീന കപൂര്‍, ബാഹുബലി, ദുബായ് വൈസ് പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ്-ബിന്‍ അല്‍ മഖ്‌തോമിന്റെ പൂര്‍ണകായ മെഴുകു പ്രതിമ എന്നിങ്ങനെ നിരവധി വ്യക്തികളുടെ ജീവനുള്ളതെന്ന് തോന്നിക്കുന്ന പ്രതിമകളാണ് മ്യൂസിയത്തിന്റെ മുഖ്യ സവിശേഷത.മാജിക് പ്ലാനറ്റ്

മജീഷ്യന്‍ മുതുകാട് ഗോപിനാഥിന്റെ മാന്ത്രിക കൊട്ടാരമാണ് മാജിക് പ്ലാനറ്റ്. കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്‍ഡ് വിഡിയോ പാര്‍ക്കിലാണ് മാജിക് പ്ലാനറ്റ് സ്ഥിതി ചെയ്യുന്നത്. മുതിര്‍ന്നവരെ പോലും വിസ്മയിപ്പിക്കുന്ന ഈ മാന്ത്രിക കൊട്ടാരം കുട്ടികള്‍ക്ക് മറക്കാന്ഡ കഴിയാത്തൊരു അനുഭവമായിരിക്കും. മാജിക്കിന്റെ ചരിത്രം പഠിക്കാന്‍ സഹായിക്കുന്ന ഹിസ്റ്ററി മ്യൂസിയം.

തെരുവു ജാല വിദ്യ കോര്‍ണര്‍, ജാലവിദ്യ തിയറ്റര്‍, സയന്‍സ് കോര്‍ണര്‍, ഭൂഗര്‍ഭ തുരങ്കം, ഓഡിറ്റോറിയം, ഷാഡോ പ്ലേ, ചില്‍ഡ്രന്‍സ് പാര്‍ക്ക്, മാജിക് ഷോര്‍ട് ഫിലിം എന്നിങ്ങനെ നിരവധി അദ്ഭുതങ്ങള്‍ കുട്ടികളെ കാത്ത് മാജിക് പ്ലാനറ്റിലുണ്ട്. ഒരു പകല്‍ മുഴുവന്‍ ചെലവഴിക്കാനുള്ളതിനാല്‍ ഭക്ഷണം സഹിതം എല്ലാ സൗകര്യങ്ങളും പ്ലാനറ്റിനകത്ത് തന്നെ ഒരുക്കിയിട്ടുണ്ട്. സന്ദര്‍ശന സമയം രാവിലെ 10 മണിമുതല്‍ വൈകിട്ട് 5 വരെയാണ്.

മ്യൂസിയം, സൂ

തിരുവനന്തപുരം നഗരത്തിലെ സ്വച്ഛസുന്ദരയിടമെന്ന് എല്ലാവരും മ്യൂസിയത്തെ പുകഴ്ത്താറുണ്ട്. നഗരത്തിലെ തിരക്കുകള്‍ക്കിടെ സമാധാനത്തോടെ പോയിരിക്കാന്‍ കഴിയുന്നയിടം. നേപ്പിയര്‍ മ്യൂസിയത്തിന്റെ ചുറ്റുമുള്ള മരത്തണലും പുല്‍മേടകളും എല്ലാവര്‍ക്കും വിശ്രമയിടം ഒരുക്കുന്നു, ആശ്വാസം പകരുന്നു.

ബ്രിട്ടീഷ് ഗവര്‍ണറായിരുന്ന നേപ്പിയറുടെ പേരില്‍ അറിയപ്പെടുന്ന മ്യൂസിയം 1885 ലാണ് നിര്‍മിച്ചത്. റോബര്‍ട്ട് ക്രിസോം എന്ന വാസ്തുവിദ്യാ വിദഗ്ധന്റെ രൂപ കല്‍പ്പനയാണ് മ്യൂസിയത്തിന്റെ സവിശേഷത. പുരാതന ആഭരണങ്ങള്‍, മുഗള്‍, തഞ്ചാവൂര്‍ വംശങ്ങളുടെ ചിത്രങ്ങള്‍, ആനക്കൊമ്പിലും ലോഹത്തിലും നിര്‍മിച്ച കരകൗശല വസ്തുക്കള്‍ തുടങ്ങിയവയൊക്കെയാണ് മ്യൂസിയത്തിലുള്ളത്.

മ്യൂസിയത്തിന്റെ സമീപത്ത് തന്നെയാണ് മൃഗശാലയും. ഒരിക്കലെങ്കിലും കുട്ടികളെയും കൊണ്ട് പോയിരിക്കേണ്ടയിടം. കടുവ, സിംഹം, കരിങ്കുരങ്ങ്, കാണ്ടാമൃഗം, സീബ്ര, കാട്ടു പോത്ത് തുടങ്ങിയ വന്യ ജീവികളെ പാര്‍പ്പിച്ചിട്ടുള്ള മൃഗശാലയില്‍ അവധിക്കാലത്ത് തിരക്കേറെയാണ്. 55 ഏക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന മൃഗശാല ചുറ്റി കാണാന്‍ ഏറെ നടക്കേണ്ടതുണ്ട് എന്നതിനാല്‍ ചെറിയ സൈറ്റ് സീയിങ് വാഹനങ്ങള്‍ ലഭ്യമാണ്. നേരത്തെ ബുക്കുചെയ്താല്‍ വാഹനത്തിനായി അധികം കാത്തുനില്‍ക്കേണ്ടി വരില്ല. ലോകത്ത് മറ്റേതു മൃഗശാലയോടും കിടപിടിക്കാന്‍ തക്ക ഭംഗിയുള്ള തലസ്ഥാനത്തെ മൃഗശാല കുട്ടികള്‍ക്ക് പുത്തന്‍ അനുഭനവമാകും.

കുതിരമാളിക

പത്മനാഭ സ്വാമി ക്ഷേത്രത്തിനടുത്ത് പദ്മതീര്‍ഥക്കുളത്തിന് എതിര്‍വശത്തായി രണ്ടു നിലയുള്ള കൊട്ടാരം നിര്‍മിച്ച സ്വാതി തിരുനാള്‍ മഹാരാജാവ് അതിനു പുത്തന്‍ മാളികയെന്നു പേരിട്ടു. മരത്തില്‍ കടഞ്ഞെടുത്ത 122 കുതിരകള്‍ മേല്‍ക്കൂര താങ്ങുന്ന കൊട്ടാരം കുതിരമാളികയെന്നാണ് അറിയപ്പെടുന്നത്. കുതിര മാളിക ഇപ്പോള്‍ ചരിത്ര മ്യൂസിയമാണ്. നവരാത്രി സംഗീതോത്സവം അരങ്ങേറുന്ന സ്ഥലമാണു കുതിരമാളികയുടെ മുറ്റം. കൊട്ടാരത്തിനുള്ളില്‍ വിസ്മയിപ്പിക്കുന്ന പെയിന്റിങ്ങുകള്‍ ഉണ്ട്. കൊട്ടാരത്തിലെ അമൂല്യമായ ആഡംബരം സിംഹാസനങ്ങളും പഴമയേറുന്ന കൊട്ടാര കാഴ്ചകളും കുട്ടികള്‍ക്ക് കൗതുകമേകും. കൊട്ടാരത്തിനു മുന്നില്‍ നിന്നു നോക്കിയാല്‍ വലതുഭാഗത്ത് ആദ്യത്തെ മണ്ഡപം. അതിന്റെ ഒന്നാം നില കടന്നാല്‍ ആഭരണങ്ങള്‍ സൂക്ഷിക്കുന്ന പേടകത്തിന്റെ രൂപത്തില്‍ മേല്‍ക്കൂരയുള്ള രണ്ടാം മണ്ഡപത്തിലെത്തുന്നു. അഷ്ടകോണ്‍ മാതൃകയിലാണു നിര്‍മിതി. മറ്റൊരു ഇടനാഴി താണ്ടിയാല്‍ മൂന്നാമത്തെ ഗോപുരത്തിലെത്താം.

സ്വാതി തിരുനാളിന്റെ ധ്യാനമണ്ഡപമാണിത്. ഇവിടെയിരുന്നാണ് സ്വാതി തിരുനാള്‍ രാജാവ് കൃതികള്‍ രചിച്ചത്. ഈ ചെറിയ മുറിയില്‍ നിന്നാല്‍ പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ മുഖമണ്ഡപം തെളിഞ്ഞു കാണാം. മൂന്നാമത്തെ ഗോപുരത്തിനു താഴെയാണ് ഒറ്റത്തടയില്‍ കൊത്തിയെടുത്ത കഴുക്കോലും മേല്‍ക്കൂരയും. മരത്തില്‍ നിര്‍മിച്ച മോതിരം ഇവിടെയാണ്. കുതിര മാളികയുടെ മുറ്റത്തു നിന്നു തെക്കോട്ടുള്ള വഴി ചെന്നെത്തുന്നത് കൃഷ്ണപുരം കൊട്ടാരത്തിനു മുന്നിലാണ്. കളരിയുടെ മുന്നില്‍ നിന്ന് അല്‍പ്പം മുന്നോട്ടു നടന്ന് ഇട ത്തോട്ടുള്ള വഴിയിലൂടെ നടന്നാല്‍ രംഗവിലാസം പാലസിനു മുന്നിലെത്താം. രാജാക്കന്മാരുടെ ഔദ്യോഗിക വസതികളാണ് കൃഷ്ണപുരവും രംഗവിലാസവും. ഇവിടെയാണ് ചിത്രാലയം ആര്‍ട് ഗാലറി.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button