KeralaLatest NewsNewsTechnology

സാത്താൻ പൂജയും കുട്ടികളുടെ അശ്ലീല വിഡിയോയും മുതല്‍ കൊലപാതക ക്വട്ടേഷൻ വരെ: ഡാർക്‌വെബ് അഥവാ ഇന്റർനെറ്റിലെ അധോലോകത്തിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്

തിരുവനന്തപുരം•സാത്താൻ പൂജയും കുട്ടികളുടെ അശ്ലീല വിഡിയോയും മുതല്‍ കൊലപാതക ക്വട്ടേഷൻ വരെ നടക്കുന്ന ഡാർക്‌വെബ് അഥവാ ഇന്റർനെറ്റിലെ അധോലോകത്തിനെതിരെ മുന്നറിയിപ്പുമായി കേരള പോലീസ്. ഡാർക് വെബിലൂടെയും ഡീപ് വെബ്ബിലൂടെയും ലോകമാകമാനം നടക്കുന്ന കുറ്റകൃത്യങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് പോലീസ് പറയുന്നു.

ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്നും വ്യത്യസ്ത രാജ്യങ്ങളിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന സൈറ്റുകളിലൂടെ വ്യത്യസ്ത ബ്രൗസറുകൾ ഉപയോഗിച്ച് പല രാജ്യങ്ങളുടെ നെറ്റ് വർക്കുകളിലൂടെ തട്ടിപ്പ് നടത്തുന്നവരെയും സൈറ്റിന്റെ ഉടമകളെയും കണ്ടെത്തുക സൈബർ ഫോറൻസിക് വിദഗ്ദർ നേരിടുന്ന വെല്ലുവിളിയാണ്. ഡാർക്‌വെബ്ബിലെ സൈറ്റ് ഉടമകളെയും ഇടപാടുകാരെയും പിടികൂടുക എളുപ്പമല്ലെന്നും പോലീസ് പറയുന്നു. ഇതിനെതിരെ സ്വീകരിക്കേണ്ട മുന്‍ കരുതലുകളും പോലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.

കേരള പോലീസിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഡാർക്‌വെബ് അഥവാ ഇന്റർനെറ്റിലെ അധോലോകം.

നമുക്കു പരിചിതമായ ഇന്റെർനെറ്റിനപ്പുറത്തുള്ള ഇരുണ്ട ലോകം. കള്ളനോട്ട്, ലഹരിക്കടത്ത്, ബാങ്കിങ് തട്ടിപ്പ്, ഹാക്കിങ്, ആയുധ വിൽപന, കള്ളക്കടത്ത്, ഭീകരപ്രവർത്തനം, സാത്താൻ പൂജ, മനുഷ്യക്കടത്ത്, കുട്ടികളുടെ അശ്ലീല വിഡിയോ, കൊലപാതക ക്വട്ടേഷൻ തുടങ്ങി ഡാർക് വെബിലൂടെയും ഡീപ് വെബ്ബിലൂടെയും ലോകമാകമാനം നടക്കുന്ന കുറ്റകൃത്യങ്ങൾ നമ്മൾ ചിന്തിക്കുന്നതിലും അപ്പുറമാണ്. ബാങ്ക് ഇടപാടുകാരുടെ അക്കൗണ്ട് വിവരങ്ങൾ, ഡിജിറ്റൽ കറൻസിയുള്ള വ്യാജ ഇടപാടുകൾ തുടങ്ങി തട്ടിപ്പിന്റെ സാധാരണക്കാർക്ക് അറിയാൻ കഴിയാത്ത മേഖലകൾ. ലക്ഷക്കണക്കിനു ആൾക്കാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങളും ഡാർക്‌വെബ്ബിലെ സൈറ്റുകളിൽ നിന്നാണ് തട്ടിപ്പുകാർ കൈക്കലാക്കുന്നത്.. രാസലഹരിമരുന്നു കടത്തിന് പിന്നിലും ഡാർക്‌വെബിന്റെ പങ്ക് ചെറുതല്ല.

സാധാരണ ഓൺലൈൻ ഉപയോക്താക്കൾ നൽകുന്ന പോലെ ഉൽപ്പന്നങ്ങളുടെ പ്രത്യേകതകൾ, റേറ്റിങ്, ഉപയോക്താക്കളുടെ അനുഭവ വിവരണം തുടങ്ങിയ നമുക്കു പരിചിതമായ ഓൺലൈൻ ഷോപ്പിങ് സൈറ്റുകളുടെ അതേ മാതൃകയിൽ ഡാർക്ക് വെബ്ബിൽ ലഭ്യമാണ്. . മാരകവും ശാരീരിക, മാനസിക അടിമത്തവുമുണ്ടാക്കുന്ന, വിദഗ്ധർക്കു പോലും തിരിച്ചറിയാൻ കഴിയാത്ത ലഹരി മരുന്നുകളും ഡാർക്ക് വെബ് വഴി വിതരണം ചെയ്യുന്നതും സൈബർ വിദഗ്ദർ കണ്ടെത്തിയിട്ടുണ്ട്.

ലോകത്തിന്റെ വ്യത്യസ്ത കോണുകളിൽ നിന്നും വ്യത്യസ്ത രാജ്യങ്ങളിൽ ഹോസ്റ്റ് ചെയ്തിരിക്കുന്ന സൈറ്റുകളിലൂടെ വ്യത്യസ്ത ബ്രൗസറുകൾ ഉപയോഗിച്ച് പല രാജ്യങ്ങളുടെ നെറ്റ് വർക്കുകളിലൂടെ തട്ടിപ്പ് നടത്തുന്നവരെയും സൈറ്റിന്റെ ഉടമകളെയും കണ്ടെത്തുക സൈബർ ഫോറൻസിക് വിദഗ്ദർ നേരിടുന്ന വെല്ലുവിളിയാണ്. ഡാർക്‌വെബ്ബിലെ സൈറ്റ് ഉടമകളെയും ഇടപാടുകാരെയും പിടികൂടുക എളുപ്പമല്ല. ഇവർ വ്യത്യസ്ത ബ്രൗസറാണുപയോഗിക്കുന്നത്. മാത്രമല്ല കാശ് ഇടപാടുകൾ ബിറ്റ് കോയിൻ തുടങ്ങിയ ഡിജിറ്റിൽ കറൻസി വഴിയുമായതിനാൽ യഥാർഥ കുറ്റവാളികളെ കണ്ടെത്താനും ബുദ്ധിമുട്ടാണ്.

മുൻകരുതലുകൾ

⚠️ വൈഫൈ തുടങ്ങിയ സൗജന്യ ഇന്റർനെറ്റ് സേവനങ്ങൾ കരുതലോടെ ഉപയോഗിക്കുക.

⚠️ അത്യാവശ്യ ഘട്ടങ്ങളിൽ, വിർച്വൽ പ്രൈവറ്റ് നെറ്റ്‌വർക്ക് (വിപിഎൻ) മാത്രം ഉപയോഗിക്കുക.

⚠️ നിശ്ചിത ഇടവേള കൂടുമ്പോൾ പാസ്‌വേഡുകൾ മാറ്റുക.

⚠️ ഓരോ അക്കൗണ്ടിനും വെവ്വേറെ പാസ്സ്‌വേർഡുകൾ ഉപയോഗിക്കുക.

⚠️ നീളമുള്ള ആൽഫ ന്യുമെറിക് പാസ്‌വേഡുകൾ ഉപയോഗിക്കുക.

⚠️ സോഫ്റ്റ് വെയറുകളും ആപ്പ്ളിക്കേഷനുകളും കൃത്യമായ ഇടവേളകളിൽ അപ്ഡേറ്റ് ചെയ്യുക.

⚠️ ആന്റി വൈറസ് സോഫ്റ്റ്‌വെയറുകൾ ഉപയോഗിക്കുക.

⚠️ സംശയകരമാ ഇ–മെയിലുകളിലെ ലിങ്കുകൾ ക്ലിക് ചെയ്യാതിരിക്കുക.

⚠️ URL ൽ https ഉണ്ടെന്ന് ഉറപ്പുവരുത്തുക.

⚠️ ഔദ്യോഗിക ആവശ്യത്തിനും വ്യക്തിപരമായ ആവശ്യത്തിനും വെവ്വേറെ ഇമെയിൽ വിലാസങ്ങൾ ഉപയോഗിക്കുക.

⚠️ രക്ഷിതാക്കളുടെ നിരീക്ഷണത്തിലാണ് കുട്ടികൾ കംപ്യൂട്ടർ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക

shortlink

Related Articles

Post Your Comments

Related Articles


Back to top button