KeralaNewsIndia

വി എസ് അച്യുതാനന്ദന്റെ ശ്രദ്ധേയമായ മുന്നറിയിപ്പ്: പുനരധിവാസം ആലോചിച്ച് ചെയ്യേണ്ടത്

തിരുവനന്തപുരം: മരടിലെ ഫ്‌ളാറ്റ് ഉടമകളുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി. എസ് അച്യുതാനന്ദന്‍. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍ തന്നെ ചൂണ്ടിക്കാണിച്ച സ്ഥിതിക്ക് പൊളിക്കലും പുനരധിവാസം നഷ്ടപരിഹാരം എന്നിവ നല്‍കുന്നതും ഒരു കീഴ്‌വഴക്കം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. മരടിലെ ഫ്‌ളാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റ് ആദ്യം തയ്യാറാക്കണമെന്നും മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ലെന്നും വി.എസ് പറഞ്ഞു.

പലകാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുന്നിലുണ്ട്. ഫ്‌ളാറ്റുടമകള്‍ക്ക് അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ നല്‍കുന്നതിലൂടെ ഇടതുപക്ഷ സര്‍ക്കാര്‍ തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും വിഎസ് വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മരട് ഫ്‌ലാറ്റിലെ താമസക്കാരുടെ പുനരധിവാസവും നഷ്ടപരിഹാരവും സംബന്ധിച്ച് നടപടികളിലേക്ക് കടക്കുമ്‌ബോള്‍ സര്‍ക്കാര്‍ ഏറെ ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്. സമാനമായ നിയമലംഘനങ്ങള്‍ സര്‍ക്കാര്‍തന്നെ ചൂണ്ടിക്കാട്ടിയ സ്ഥിതിക്ക് പൊളിക്കലും പുനരധിവാസവും നഷ്ടപരിഹാരം നല്‍കലും ഒരു കീഴ്‌വഴക്കം സൃഷ്ടിക്കും.

മരടിലെ ഫ്‌ലാറ്റുകളില്‍ പുനരധിവാസം ആവശ്യമായവരുടെ കൃത്യമായ ലിസ്റ്റാണ് ആദ്യം തയ്യാറാക്കേണ്ടത്. മറ്റ് പാര്‍പ്പിട സൗകര്യം ഉള്ളവര്‍ക്ക് പുനരധിവാസം നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനില്ല. എന്നു മാത്രമല്ല, അനേകം കാരണങ്ങളാല്‍ പുനരധിവസിപ്പിക്കപ്പെടേണ്ട നിരവധി ആളുകളുടെ പട്ടിക സര്‍ക്കാരിനു മുമ്ബിലുണ്ട്. അവരേക്കാള്‍ മുന്‍ഗണനയോ, അവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങളെക്കാള്‍ മുന്തിയ സൗകര്യങ്ങളോ ഇടതുപക്ഷ സര്‍ക്കാര്‍ ഫ്‌ലാറ്റുടമകള്‍ക്ക് നല്‍കുന്നത് തെറ്റായ സന്ദേശമാണ് നല്‍കുക.

നഷ്ടപരിഹാരം നല്‍കേണ്ടത് നിര്‍മ്മാതാക്കളാണെങ്കിലും ഈ വിഷയത്തില്‍ നഷ്ടപരിഹാരത്തിന്റെ ആദ്യ ഗഡു നല്‍കുന്നത് സര്‍ക്കാരാണ്. ആ തുക നിര്‍മ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടി വീണ്ടെടുക്കേണ്ടതുമുണ്ട്. ഫ്‌ലാറ്റ് തിരികെ നല്‍കുന്നതോടെ മാത്രമേ ഫ്‌ലാറ്റുടമകള്‍ നഷ്ടപരിഹാരത്തിന് അര്‍ഹരാവുന്നുള്ളു എന്നതിനാല്‍, ഫ്‌ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുകയും തുടര്‍ന്ന് മാത്രം നഷ്ടപരിഹാരം നല്‍കുകയും ചെയ്യേണ്ടതുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button