KeralaLatest NewsNews

സംസ്ഥാനത്ത് എംബിബിഎസ് പരീക്ഷയില്‍ കൂട്ടകോപ്പിയടി : രണ്ട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെ അഞ്ച് മെഡിക്കല്‍ കോളേജുകളുടെ ഫലം തടഞ്ഞു

തിരുവനന്തപുരം: സംസ്ഥാനത്ത് എം.ബി.ബി.എസ്. അവസാനവര്‍ഷ പരീക്ഷയില്‍ കൂട്ട കോപ്പിയടി . ഇതേതുടര്‍ന്ന് അഞ്ചു മെഡിക്കല്‍ കോളേജുകളുടെ പരീക്ഷാഫലം ആരോഗ്യ സര്‍വകലാശാല തടഞ്ഞു. ആലപ്പുഴ, എറണാകുളം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെയും തിരുവനന്തപുരം എസ്.യു.ടി. കൊല്ലം അസീസിയ, പെരിന്തല്‍മണ്ണ എം.ഇ.എസ്. എന്നീ കോളേജുകളുടെയും ഫലമാണ് തടഞ്ഞത്.

കുറ്റക്കാരെന്ന് കണ്ടെത്തിയ അഞ്ചുവിദ്യാര്‍ഥികളുടെ വിവരം കോളേജുകള്‍ കൈമാറി. ഇവരെ അയോഗ്യരാക്കാന്‍ സര്‍വകലാശാല നടപടി തുടങ്ങി. വെള്ളിയാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഗവേണിങ് കൗണ്‍സില്‍ അന്തിമതീരുമാനമെടുക്കും. ക്രമക്കേടില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്.

ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലായി നടന്ന പരീക്ഷയില്‍ കോപ്പിയടിയും പരസ്പരം പറഞ്ഞുകൊടുക്കലുമുണ്ടായതായി വിദ്യാര്‍ഥികള്‍തന്നെയാണ് പരാതി നല്‍കിയത്. സംശയമുള്ള കോളേജുകളിലെ ദൃശ്യങ്ങള്‍ പരീക്ഷാക്രമക്കേടുകള്‍ വിലയിരുത്താനുള്ള സര്‍വകലാശാലാ സമിതി പരിശോധിച്ചതോടെയാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്.

എസ്.യു.ടി., എം.ഇ.എസ്. എന്നീ കോളേജുകള്‍ കോപ്പിയടിച്ച വിദ്യാര്‍ഥികളുടെ വിവരം നല്‍കിയിട്ടില്ല. ഇവര്‍ കൈമാറിയ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നാണ് സൂചന. വിദ്യാര്‍ഥികളെ തിരിച്ചറിയാനാവുന്നില്ലെന്നും പരീക്ഷാസമയം മുഴുവന്‍ ചിത്രീകരിച്ചിട്ടില്ലെന്നുമാണ് കോളേജ് അധികൃതര്‍ സര്‍വകലാശാലയ്ക്ക് നല്‍കിയ വിശദീകരണം.

മൂല്യനിര്‍ണയത്തിനായി ഉത്തരക്കടലാസ് സര്‍വകലാശാലയ്ക്ക് അയക്കുമ്പോള്‍ പരീക്ഷാഹാളിലെ സി.സി.ടി.വി. ദൃശ്യവും സി.ഡി.യിലാക്കി അതേ പാക്കറ്റില്‍ത്തന്നെ മുദ്രവെച്ച് നല്‍കണമെന്നാണ് ചട്ടം. ഇത്തരം സി.ഡി.കളില്‍ ചിലതുമാത്രം തിരഞ്ഞെടുത്താണ് സര്‍വകലാശാല പരിശോധിക്കാറ്്‌. ഇത് കര്‍ക്കശമല്ലെന്നതിനാല്‍ കോളേജുകള്‍ ദുരുപയോഗം ചെയ്യുകയായിരുന്നെന്നാണ് സര്‍വകലാശാലയുടെ വിലയിരുത്തല്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button