Latest NewsNewsIndia

മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തി 13 കോടിയുടെ സ്വര്‍ണം കവര്‍ന്നതിനു പിന്നിലെ മുഖ്യ ബുദ്ധി കേന്ദ്രം പ്രമുഖ സിനിമാ നിര്‍മാതാവ്

ചെന്നൈ : മൃഗങ്ങളുടെ മുഖംമൂടി ധരിച്ചെത്തി 13 കോടിയുടെ സ്വര്‍ണം കവര്‍ന്നതിനു പിന്നിലെ മുഖ്യ ബുദ്ധി കേന്ദ്രം പ്രമുഖ സിനിമാ നിര്‍മാതാവ് . തിരുച്ചിറപ്പള്ളിയിലെ ലളിത ജ്വല്ലറിയുടെ ഭിത്തി തുരന്നാണ് 13 കോടിയുടെ ആഭരണം കവര്‍ന്നിരിക്കുന്നത്. സംഭവത്തിന്റെ സൂത്രധാരന്‍ തെലുങ്കു സിനിമാ നിര്‍മാതാവും കള്ളക്കടത്തുകാരനുമായ മുരുകനെന്നാണ് പൊലീസ് പറയുന്നത് ഇയാള്‍ക്കായി തിരച്ചില്‍ ശക്തമാക്കി.

തിരുവാരൂരില്‍ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ മണികണ്ഠനെ ചോദ്യം ചെയ്തതില്‍ നിന്നാണു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇയാളില്‍നിന്നു ലളിത ജ്വല്ലറിയില്‍ നിന്നു മോഷ്ടിച്ച 5 കിലോ സ്വര്‍ണം കണ്ടെടുത്തിരുന്നു. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചിട്ടും നിര്‍ത്താതെ പോയ ബൈക്കിനെ കിലോമീറ്ററുകള്‍ പിന്തുടര്‍ന്നാണു മണികണ്ഠനെ പിടികൂടിയത്.

ബൈക്കിലുണ്ടായിരുന്ന സുരേഷ് എന്നയാള്‍ ഇതിനിടെ കടന്നുകളഞ്ഞിരുന്നു. ഇയാള്‍ മുരുകന്റെ സഹായിയാണെന്നു വ്യക്തമായിട്ടുണ്ട്. മുരുകന്‍ നിര്‍മിച്ച തെലുങ്ക് സിനിമയില്‍ ഇയാള്‍ അഭിനിയിച്ചിട്ടുമുണ്ട്.

തിരുച്ചിറപ്പള്ളി ചൈത്രം ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലളിത ജ്വല്ലറിയില്‍ ചൊവ്വാഴ്ച രാത്രിയാണു മോഷണം നടന്നത്. 35 കിലോ സ്വര്‍ണവും വജ്ര നെക്ലേസുകളുമാണു മോഷണം പോയത്. രാവിലെ ജീവനക്കാരെത്തി ഷോറൂം തുറന്നപ്പോഴാണു സംഭവം പുറത്തറിഞ്ഞത്. മുഖംമൂടി ധരിച്ച രണ്ടു പേര്‍ അകത്തു കയറി ആഭരണങ്ങള്‍ ചാക്കില്‍ നിറയ്ക്കുന്ന ദൃശ്യങ്ങള്‍ പിന്നീട് സിസിടിവി ക്യാമറയില്‍ നിന്നു ലഭിച്ചു.അന്വേഷണം ഊര്‍ജിതമാക്കിയ പൊലീസ് ഏഴു പ്രത്യേക സംഘങ്ങള്‍ക്കു രൂപം നല്‍കി.

ഷോറൂമിനു മുന്നില്‍ അഞ്ചു സുരക്ഷാ ജീവനക്കാര്‍ കാവല്‍ നില്‍ക്കെയാണു പിന്നില്‍ ചുമര്‍ തുരന്നു മോഷണം നടത്തിയത്. ഒരു മണിക്കൂര്‍ നേരം മോഷ്ടാക്കള്‍ ജ്വല്ലറിക്കകത്ത് ചെലവഴിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. ഒരാള്‍ നായയുടെയും രണ്ടാമന്‍ പൂച്ചയുടെയും മുഖം മൂടിയാണു ധരിച്ചിരുന്നത്. സുരക്ഷാ ജീവനക്കാരുള്‍പ്പെടെ ഇരുനൂറോളം പേരെ പൊലീസ് ചോദ്യം ചെയ്തു. മൂന്നു നിലയുള്ള കെട്ടിടത്തില്‍ സ്വര്‍ണ, വജ്ര ആയുധങ്ങള്‍ വില്‍ക്കുന്ന താഴത്തെ നിലയിലാണു മോഷണം നടന്നത്.

സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളിനോടു ചേര്‍ന്നാണു ജ്വല്ലറി ഷോറൂം. സ്‌കൂള്‍ കെട്ടിടത്തിനകത്തൂകൂടിയാകാം മോഷ്ടാക്കള്‍ പിന്‍ഭാഗത്തെത്തിയതെന്നാണു പൊലീസിന്റെ നിഗമനം. ലോക്കറിലേക്കു മാറ്റാതെ ഷോകേസില്‍ പ്രദര്‍ശിപ്പിച്ചിരുന്ന ആഭരണങ്ങളാണു മോഷ്ടിച്ചത്. ആഭരണങ്ങള്‍ ലോക്കറിലേക്കു മാറ്റിയിട്ടില്ലെന്ന വിവരം ആരെങ്കിലും ഇവര്‍ക്കു കൈമാറിയിട്ടുണ്ടോയെന്നു പൊലീസ് അന്വേഷിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button