KeralaLatest NewsNews

ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം അറിഞ്ഞതോടെ കലഹം പതിവായി, ഭാര്യയെ കൊന്ന് കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയെന്ന് യുവാവ്; 11 വര്‍ഷത്തെ ദാമ്പത്യ ജീവിതം കൊലപാതകത്തില്‍ കലാശിച്ചതിങ്ങനെ

കാസര്‍കോട്: ഭാര്യയെ കാണാതായെന്ന യുവാവിന്റെ പരാതിയിലുള്ള അന്വേഷണം എത്തിച്ചേര്‍ന്നത് ഞെട്ടിക്കുന്ന കൊലപാതകത്തില്‍. കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് ചന്ദ്രഗിരിപ്പുഴയില്‍ കെട്ടിത്താഴ്ത്തിയെന്ന് യുവാവ് മൊഴി നല്‍കി. മൃതദേഹം കണ്ടെത്താനായി പോലീസ് പുഴയില്‍ തിരച്ചില്‍ ആരംഭിച്ചതോടെയാണ് യുവാവിന്റെ മൊഴി പുറത്ത് വന്നത്. ചന്ദ്രഗിരി പുഴയില്‍ തെക്കില്‍ പാലത്തിനോട് ചേര്‍ന്നാണ് ഭാര്യയുടെ മൃതദേഹം കെട്ടിതാഴ്ത്തിയതെന്ന് ഓട്ടോറിക്ഷ ഡ്രൈവര്‍ പന്നിപ്പാറയില്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷെല്‍വിന്‍ (35) മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പുഴയില്‍ തിരച്ചില്‍ നടത്തിവരുന്നത്. പോലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെയാണ് തിരച്ചില്‍ നടത്തുന്നത്.

കണ്ണൂര്‍ ആലക്കോട് സ്വദേശിയും പന്നിപ്പാറയിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ ഷെല്‍വിന്‍ ജോണാണ് തന്റെ ഭാര്യയായ കൊല്ലം ഇരവിപുരം സ്വദേശിനി പ്രമീള (30) യെ കാണാനില്ലെന്ന് കാണിച്ച് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നത്. കഴിഞ്ഞ മാസം 19-ാം തീയ്യതി മുതല്‍ പ്രമീളയെ കാണാനില്ലെന്നായിരുന്നു ഷെല്‍വിന്റെ പരാതി. എന്നാല്‍ ഷെല്‍വിനെ ചോദ്യം ചെയ്തതോടെ സംശയം തോന്നുകയും മൊഴിയില്‍ വൈരുദ്ധ്യമുണ്ടായതോടെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്യാന്‍ തീരുമാനിക്കുകയുമായിരുന്നു. ഇതോടെയാണ് അടിപിടിക്കിടെ കൊല്ലപ്പെട്ട പ്രമീളയെ തെക്കില്‍ പാലത്തില്‍ നിന്നും കല്ലുകെട്ടി പുഴയില്‍ താഴ്ത്തിയതായി ഷെല്‍വിന്‍ പോലീസിനോട് വെളിപ്പെടുത്തിയത്. 20 ദിവസം മുന്‍പായിരുന്നു കൃത്യം നടന്നത്.

14 വര്‍ഷം മുന്‍പ് എറണാകുളത്ത് വെച്ചാണ് ഷെല്‍വിനും പ്രമീളയും തമ്മില്‍ പ്രണയത്തിലാകുന്നത്. ഷെല്‍വിന്‍ എറണാകുളത്തെ പൗഡര്‍ കമ്പനിയിലെയും പ്രമീള തൊട്ടടുത്ത ഫാന്‍സി കടയിലെയും ജോലിക്കാരായിരുന്നു. മൂന്നു വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ഒളിച്ചോടിയ ഇരുവരും 11 വര്‍ഷം മുന്‍പ് കാസര്‍കോട്ടെത്തി ഒരുമിച്ച് താമസിക്കുകയായിരുന്നു. ഈ ബന്ധത്തില്‍ ഇവര്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. ഇതോടെ ഒന്നരവര്‍ഷം മുന്‍പ് പ്രമീള മതം മാറി ഷെല്‍വിനെ വിവാഹം കഴിച്ചു. സപ്ലൈ ഓഫീസില്‍ ക്ലീനിംഗ് ജോലിക്കാരിയായി പ്രമീളയ്ക്ക് ജോലി ലഭിച്ചിരുന്നു. എന്നാല്‍ ഷെല്‍വിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്ന് പ്രമീള അറിഞ്ഞു. ഇതോടെ ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായി. ഇതിനിടെയാണ് സെപ്തംബര്‍ 19ന് രാത്രിയുണ്ടായ വഴക്കിനിടെ പ്രമീള കൊല്ലപ്പെട്ടത്.

പ്രമീള മരിച്ചതോടെ അന്ന് രാത്രി തന്നെ മൃതദേഹം ചാക്കില്‍കെട്ടി പുഴയില്‍ തള്ളാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് ഷെല്‍വിന്‍ മൊഴി നല്‍കിയിട്ടുണ്ട്. തന്റെ ഓട്ടോറിക്ഷയില്‍ മൃതദേഹവുമായി നായന്മാര്‍മൂലയിലെത്തിയെങ്കിലും അവിടെ പോലീസ് ജീപ്പ് കണ്ടതിനെ തുടര്‍ന്ന് പെരുമ്പുഴയിലെത്തുകയായിരുന്നു. പെരുമ്പുഴയില്‍ ഒരു വാഹനം നിര്‍ത്തിയിട്ട് ആളുകളെ കണ്ടതിനെ തുടര്‍ന്ന് തെക്കില്‍ പാലത്തിലെത്തുകയും അവിടെ നിന്നും കല്ലുകെട്ടി മൃതദേഹം പുഴയില്‍ താഴ്ത്തുകയും ചെയ്തു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള യുവാവിന്റെ മൊഴി പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. അന്വേഷണം തുടരുകയാണെന്നും മൃതദേഹം കണ്ടെത്തിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങളെ കുറിച്ച് വ്യക്തതയുണ്ടാക്കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button