KeralaLatest NewsNews

”ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്’; മരണത്തിന് മുമ്പിലെത്തിയ അനുഭവം വിവരിച്ച് സലിം കുമാര്‍

നടന്‍ സലിംകുമാറിന് ഇന്ന് അമ്പതാംപിറന്നാള്‍. ഈ അമ്പത് വര്‍ഷത്തിനിടയില്‍ ഒരുപാട് വേഷത്തില്‍ ഞാന്‍ നിങ്ങളുടെ മുന്നില്‍ എത്തിയിട്ടുണ്ടെന്ന് താരം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാര്‍ത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ ഒരുപാട് വേഷത്തില്‍ എത്തിയ താന്‍ ഇന്ന് ഹാഫ് സെഞ്ച്വറി തികച്ചുവെന്ന് സലിം കുമാര്‍ പറഞ്ഞു. ഇതുവരെ പിറന്നാളിനു കേക്കുമുറിച്ചു ശീലമില്ലാത്ത സലിം കുമാര്‍ ഇന്നത്തെ പിറന്നാളിനെക്കുറിച്ച് പറയുന്നതിന് കാരണമുണ്ട്. എന്റെ പ്രായം സംബന്ധിച്ചു ചിലര്‍ക്കു ചില സംശയങ്ങള്‍ ഉണ്ട്. എനിക്കിത്രയേ പ്രായമുള്ളൂ എന്ന് എപ്പോഴും പറയാനാകില്ലല്ലോ? അതുകൊണ്ട് അന്‍പതാം പിറന്നാളിന് ചെറിയൊരു കേക്ക് മുറിക്കുമെന്നും സലിം കുമാര്‍ പറഞ്ഞു.

അതേസമയം ”ഒരിക്കല്‍ ഔട്ട് ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്. എന്നാല്‍ തേര്‍ഡ് അമ്പയര്‍ ഇടപെട്ട് എന്നെ തിരികെ വിളിച്ചു” എന്ന് മരണത്തിന് മുമ്പിലെത്തിയ അനുഭവത്തെ കുറിച്ചും അദ്ദേഹം കുറിക്കുന്നുണ്ട്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

അങ്ങനെ ഈ കളിയിൽ ഞാനും ഹാഫ് സെഞ്ച്വറി തികച്ചു….

ദുർഘടമായിരുന്നു ഈ ഇന്നിങ്സിലുടനീളം എനിക്ക് നേരിടേണ്ടിവന്നത്.

എന്നാലും…..

അനുഭവം എന്ന കോച്ചിന്റെ കീഴിലുള്ള എന്റെ പ്രാക്ടീസുകൊണ്ടു അവയെല്ലാം എനിക്ക് സുഗമമാക്കിതീർക്കാൻ സാധിച്ചു….

അനുഭവങ്ങളേ നന്ദി…. !

ഈ ഇന്നിങ്സിൽ ടോട്ടൽ 10 പ്രാവശ്യമാണ് അമ്പയർമാർ ഔട്ട്‌ വിളിച്ചത്…

എന്നാൽ എന്റെ അപ്പീലിൽ അതെല്ലാം തള്ളി പോവുകയാണുണ്ടായത്.

ഒരിക്കൽ ഔട്ട്‌ ആണെന്ന് വിചാരിച്ചു ഞാനും പവലിയനിലേക്ക് മടങ്ങിയിട്ടുണ്ട്.

എന്നാൽ തേർഡ് അമ്പയർ ഇടപെട്ട് എന്നെ തിരികെ വിളിച്ചു.

എന്നോടൊപ്പം ബാറ്റ് ചെയ്തിരുന്ന ഒത്തിരി ബാറ്റ്സ്മാന്മാർ ഔട്ട്‌ ആയി എന്റെ മുന്നിലൂടെ പവലിയനിലേക്ക് മടങ്ങുന്നത് കണ്ണീരോടെ നോക്കി നിന്നിട്ടുള്ളവനാണ് ഞാൻ.

പ്രിയ സുഹൃത്തുക്കളുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം…..

ഈ ഇന്നിങ്സിന്റെ സൂര്യൻ പടിഞ്ഞാറോട്ട് ചാഞ്ഞുതുടങ്ങി എന്നെനിക്കറിയാം.

എന്നാലും ക്രീസിൽ നിൽക്കുന്നതിന്റെ സമയദൈർഘ്യം കൂട്ടുവാൻവേണ്ടി ഒരു ഡിഫെൻസ് ഗെയിമും ഞാൻ കളിക്കുകയില്ല.

നിൽക്കുന്ന സമയംവരെ സിക്സും ഫോറും അടിച്ചു നിങ്ങളെ രസിപ്പിച്ചുകൊണ്ടേ ഇരിക്കും…

ഈ അമ്പത് വർഷത്തിനിടയിൽ ഒരുപാട് വേഷത്തിൽ ഞാൻ നിങ്ങളുടെ മുന്നിൽ എത്തിയിട്ടുണ്ട്. ഒരു കൈക്കുഞ്ഞായി, ബാലനായി, വിദ്യാർത്ഥിയായി, മിമിക്രിക്കാരനായി, ടി. വി അവതാരകനായി, സിനിമാനടനായി അങ്ങനെ….

അപ്പോഴെല്ലാം എനിക്ക് വേണ്ട സ്നേഹവും പ്രോത്സാഹനവും തന്ന നിങ്ങൾക്കേവർക്കും ഞാൻ ഇപ്പോൾ നന്ദി രേഖപ്പെടുത്തുന്നില്ല,

കാരണം ‘നന്ദി’ വാക്കുകൾകൊണ്ട് രേഖപ്പെടുത്തേണ്ട ഒന്നല്ല മനസ്സിൽ എക്കാലവും സൂക്ഷിച്ചു വയ്‌ക്കേണ്ട ഒന്നാണ് എന്ന് ഞാൻ വിശ്വസിക്കുന്നു.

സ്നേഹത്തോടെ

*സലിംകുമാർ*

https://www.facebook.com/SalimKumarOfficialPage/photos/a.572216782883265/2182490211855906/?type=3&__xts__%5B0%5D=68.ARDlUSrAkhJv-NNEKWpSyy6SOowdKsgmqJQXynHxN3IOi1VWMjhzw5_WzbTAQS9nBhAfe-pTfTL0dy7BdHzVBLQVoCnVyVMDAXDaMeZVhnexW7e9eVHkpC8IMoxGT6gATmTqcx6mfu4OIGC6mdJw37KCLYdHpHRGNBC_PqBFQvjy0GFsZNZnqrIpgrWzhsGP4Ke_QKHIDgQhaiOpxPUYOmKrA9YEggyreNTS8XtB15s5k1zY45DcSAU-nFMeHgeqdCmOt8gbgfm6AvE_pQw9LYs8tB76vXS6NEfGQC03cwZLmimYPHo3Wa2l3TG9Xd1AA01PlU2A7ZfcVnnwAfgDpclYKg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button