Latest NewsKeralaNews

ശബരിമല വിഷയത്തില്‍ നിയമനിര്‍മ്മാണം നടത്തില്ലെന്ന് പറഞ്ഞിട്ടില്ല : ശ്രീധരന്‍പിള്ള

തിരുവനന്തപുരം•കാസര്‍ഗോഡ് വച്ച് ശബരിമല പ്രശ്‌നത്തില്‍ വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കാന്‍ കേന്ദ്രം നിയമമിര്‍മ്മാണം നടത്തില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ള. ഇത് സംബന്ധിച്ച് തെറ്റായ പ്രചാരണം നടന്നുവരുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ ശക്തിയായി നിഷേധിക്കുന്നു. കാസര്‍ഗോഡ് വച്ച് ഞാന്‍ പത്രസമ്മേളനം നടത്തിയതല്ല. അവിടെ പ്രസ്സ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ സംബന്ധിക്കുകയും, കേന്ദ്ര നിയമ മന്ത്രിയെയും, ബി.ജെ.പിയുടെ കേന്ദ്ര പ്രകടന പത്രികയും ഉദ്ധരിച്ച്, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയാണ് ഉണ്ടായത്. ആവശ്യമെങ്കില്‍ ശബരിമല ആചാര സംരക്ഷണത്തിനായി നിയമ നിര്‍മ്മാണം വേണമെന്ന് തന്നെയാണ് ബി.ജെ.പി നിലപാട്.

‘വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കാന്‍ ഏത് തലം വരെയും ബിജെപി പോകുമെന്നും ശബരിമല കേസ്സില്‍ റിവ്യൂ ഹര്‍ജിയില്‍ വിധി വന്നശേഷം വിശദമായി കാര്യങ്ങള്‍ വ്യക്തമാക്കാം’ എന്നുമാണ് ഞാന്‍ പറഞ്ഞത്. ‘സ്റ്റേറ്റ് നിയമത്തിന്റെ മൂന്നാം ചട്ടമാണ് സുപ്രീംകോടതി റദ്ദാക്കിയതെന്നും, ഇക്കാര്യത്തില്‍ സംസ്ഥാന നിയമസഭ നിയമം പാസാക്കണമെന്നും അതിനെ ബിജെപി പിന്തുണക്കും’ എന്നുമാണ് താന്‍ പറഞ്ഞത്.

ബിജെപി മാനിഫെസ്റ്റോയും ഇക്കാര്യം പരാമാര്‍ശിച്ചിട്ടുള്ളത് ഇപ്രകാരമാണ്-

We will undertake every effort to ensure that the subject of faith, tradition and worship rituals related to Sabarimala are presented in a comprehensive manner before the Hon’ble Supreme Court. We will endeavor to secure constitutional protection on issues related to faith and belief.

ശബരിമലയുമായി ബന്ധപ്പെട്ട വിശ്വാസവും പാരമ്പര്യവും ആചാരങ്ങളും സമഗ്രമായി സുപ്രീംകോടതി മുമ്പാകെ അവതരിപ്പിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞബദ്ധമാണ്. വിശ്വാസ സംരക്ഷണത്തിനായി ഭരണഘടനാ പരിരക്ഷ നേടിയെടുക്കാന്‍ ശ്രമിക്കും.

ശബരിമല പ്രശ്‌നത്തില്‍ സംസ്ഥാനത്തെ ഇടത് മുന്നണി ഭരണകൂടം വിശ്വാസികളെ വേട്ടയാടുകയും അടിച്ചമര്‍ത്തുകയും കള്ളകേസുകളില്‍ കുടുക്കി കൊടുംപാതകം നടത്തുകയുമാണ് ഉണ്ടായത്. കോണ്‍ഗ്രസ്സ് ഇക്കാര്യത്തില്‍ വിശ്വാസികളോട് കൊടും വഞ്ചനയാണ് കാട്ടിയത്. കോണ്‍ഗ്രസ്സ്, 2018 ഒക്‌ടോബര്‍ 4ന്, സമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് പത്തനംതിട്ടയില്‍ ഉപവാസം നടത്തി. രണ്ട് ദിവസത്തിനുള്ളില്‍ സമരത്തിനില്ലെന്ന് പറഞ്ഞ് അതില്‍ നിന്ന് പിന്‍മാറുകയും ചെയ്തു. AICC യുടെ ട്വിറ്ററില്‍ ഏതാണ്ട് 10 മാസക്കാലം തുടര്‍ച്ചയായി സുപ്രീംകോടതിയുടെ ശബരിമല വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇവരുടെ വഞ്ചന വിശ്വാസികള്‍ ഒരിക്കലും മറക്കില്ല. സംസ്ഥാനത്തിന് നിയമനിര്‍മ്മാണത്തിന് അവകാശമില്ല എന്ന് സമര കാലത്ത് പ്രഖ്യാപിച്ച പ്രതിപക്ഷ നേതാവ് ഇപ്പോള്‍ തങ്ങള്‍ക്ക് അധികാരം ലഭിച്ചാല്‍ നിയമം പാസാക്കുമെന്ന് പറയുന്നത് ആത്മാര്‍ത്ഥതയോടെ അല്ല. ജനങ്ങളെ കബളിപ്പിക്കാനുള്ള ശ്രമമാണ്. ശബരിമലയില്‍ വിശ്വാസികളുടെ അവകാശം സംരക്ഷിക്കാന്‍ ബിജെപി നിയമ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള നിയമ നടപടികളും പോരാട്ടവും തുടരുക തന്നെ ചെയ്യും. മറിച്ചുള്ള കുപ്രചരണങ്ങളെ ചെറുത്തു തോല്‍പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും പിള്ള പ്രസ്താവനയില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button