News

സംസ്ഥാനത്ത യത്തീംഖാനകളിലേയ്ക്ക് അന്യസംസ്ഥാനത്തു നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം : വിവാദ കേസില്‍ യത്തിംഖാനകള്‍ക്ക് അനുകൂലമായി സിബിഐ റിപ്പോര്‍ട്ട് : ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും തള്ളി

കൊച്ചി: സംസ്ഥാനത്ത യത്തീംഖാനകളിലേയ്ക്ക് അന്യസംസ്ഥാനത്തു നിന്ന് കുട്ടികളെ കൊണ്ടുവന്ന സംഭവം ഏറെ വിവാദത്തിന് വഴിവെച്ചിരുന്നു. യത്തീംഖാനകളില്‍ നടക്കുന്നത് കുട്ടിക്കടത്താണെന്ന് ശിശുക്ഷേമസമിതിയും ഒരു വഭാഗം ഉദ്യോഗസ്ഥരും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ ആ വാദങ്ങളെ പാടെ നിരാകരിച്ചുകൊണ്ടാണ് ഇപ്പോള്‍ അന്തിമ റിപ്പോര്‍ട്ട് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച യത്തിംഖാന കുട്ടിക്കടത്ത് കേസില്‍ അസ്വാഭാവികമായി ഒന്നും നടന്നിട്ടില്ലെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെ യത്തീംഖാനകളിലേക്ക് കുട്ടികളെ കൊണ്ടുവന്ന സംഭവത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്നാണ് ഇപ്പോള്‍ സിബിഐ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

2014ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യത്തിം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്ന സംഭവമാണ് കുട്ടിക്കടത്തെന്ന രീതിയില്‍ ശ്രദ്ധയാകര്‍ഷിച്ചത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവന്നു എന്നായിരുന്നു പാലക്കാട് ശിശുക്ഷേമ സമിതിയും ഒരു വിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പോലീസില്‍ നല്‍കിയ പരാതി.

പാലക്കാട് റെയില്‍വെ പൊലീസ് യത്തീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയ്തു. കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയെ സമീപിച്ചു. വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ ബന്ധപ്പെട്ട കേസായതിനാല്‍ ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു.

ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് മുക്കം, വെട്ടത്തൂര്‍,യത്തിംഖാനകള്‍ സുപ്രിം കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയും കേസ് കോടതി ഫയലില്‍ സ്വീകരിക്കുകയും ചെയ്തു. സിബിഐയോട് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യാനും സുപ്രിം കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇതിനിടയിലാണ് കേസിന്റെ അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ എറണാകുളം സിജെഎം കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കുട്ടികളുടെ അന്തര്‍ സംസ്ഥാന സഞ്ചാരം സൗജന്യ വിദ്യാഭ്യാസത്തിന് വേണ്ടിയായിരുന്നുവെന്നാണ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിബിഐ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button