Life Style

കഴുത്തു വേദനയുടെ കാരണങ്ങള്‍

ചെറിയ കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവര്‍ വരെ പറയുന്ന കാര്യമാണ് കഴുത്തു വേദന, തലയുടെ പുറം ഭാഗത്തായി ഭാരം തോന്നുക, തലവേദന, തോളുകളിലേക്ക് ഇറങ്ങി വരുന്ന വേദന തുടങ്ങിയവ. പോഷകസമൃദ്ധമായ ആഹാരം അല്ലാത്തതുകൊണ്ടും വളര്‍ച്ചയുടെ ഘട്ടത്തില്‍ ലഭിക്കേണ്ട പോഷകങ്ങളും വൈറ്റമിനുകളും ആവശ്യത്തിനു ലഭിക്കാത്തതുകൊണ്ടുമാണ് കുട്ടികളില്‍ ഇത്തരം വേദനകള്‍ ഉണ്ടാകുന്നത്. പല സ്‌കൂളുകളുകളും ബാഗിന്റെ ഭാരം കുറയ്ക്കുന്ന രീതികളിലേക്കും എത്തിയിട്ടുണ്ട്. ഇതിന് സര്‍ക്കാരിന്റെ തീരുമാനവുമുണ്ട്. ഭാരം കൂടിയ ബാഗ് തൂക്കിപ്പോകുന്നതും സ്‌കൂള്‍ വിദ്യാര്‍ഥികളില്‍ കഴുത്ത്, പുറം വേദനയ്ക്കുള്ള കാരണങ്ങളാണ്.

കംപ്യൂട്ടര്‍ യുഗം ആയതോടെ കഴുത്തുവേദനയെ അധികരിച്ചുള്ള പ്രശ്‌നങ്ങളും വര്‍ധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി കംപ്യൂട്ടറിനു മുന്നില്‍ ഇരിക്കുമ്പോള്‍ നട്ടെല്ലിന്റെ ഘടനയില്‍ വരുന്ന വ്യതിയാനം പലപ്പോഴും പ്രശ്‌നങ്ങളിലേക്കു നയിക്കുന്നുണ്ട്. സെര്‍വിക്കല്‍ ഡിസ്‌കിനു വരുന്ന നീര്‍ക്കെട്ട്, തേയ്മാനം തുടങ്ങിയവയെല്ലാം കഴുത്തുവേദനയ്ക്കുള്ള പ്രധാന കാരണമാണ്. സ്ഥിരമായുള്ള കഫക്കെട്ട്, മൈഗ്രേന്‍ തലവേദന ഇവയെല്ലാം കഴുത്തുവേദനയ്ക്കും കാരണമാകുന്നുണ്ട്.

കഴുത്തുവേദനയ്ക്കുള്ള കാരണം മനസ്സിലാക്കിയുള്ള ചികിത്സയാണു ചെയ്യേണ്ടത്. സെര്‍വിക്കല്‍ ഡിസ്‌കിനു വരുന്ന തേയ്മാനം, സെര്‍വിക്കല്‍ സ്‌പോണ്ടിലൈറ്റിക് ചെയ്ഞ്ചസ് ഇവയിലെല്ലാം ചെയ്യുന്നത് അസ്ഥികള്‍ക്കു പോഷണമായിട്ടുള്ള ഔഷധങ്ങള്‍ മേമ്പൊടി ചേര്‍ത്ത് കഷായത്തില്‍ കൊടുക്കുകയാണ്. ദോഷനിവാരണത്തിനായുള്ള ചികിത്സയാണ് സ്വീകരിക്കുന്നതെന്നതാണ് ആയുര്‍വേദത്തിന്റെ പ്രത്യേകത.

വാതവൃദ്ധിയില്‍ വരുന്ന വിവിധ തരത്തിലുള്ള വേദനകള്‍ ശരിയാക്കുന്നതിനുള്ള സ്‌നേഹസ്വേദ പ്രയോഗങ്ങള്‍ ചെയ്യാവുന്നതാണ്. നസ്യപ്രയോഗത്തിലൂടെ മൂക്കിലൂടെ ഒരു പ്രത്യേക രീതിയില്‍ വിയര്‍പ്പിച്ചതിനുശേഷം മെഡിക്കേറ്റഡ് ഓയില്‍ നസ്യത്തിനായി ഉപയോഗപ്പെടുത്തുന്നു. കഴുത്തില്‍ നിന്ന് ശിരസ്സിലേക്കുള്ള ഞരമ്പിന്റെ നീര്‍ക്കെട്ട് അകറ്റാനും രക്തസഞ്ചാരം സുഗമമാക്കാനും ഇത് ഉപയോഗപ്രദമാണ്. നീര്‍ക്കെട്ട് അകറ്റാന്‍ ധാന്യാമ്ലധാര, രൂക്ഷമായിട്ടുള്ള കിഴിപ്രയോഗങ്ങള്‍ എന്നിവ സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button