Latest NewsIndiaNews

പ്രസാദത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കി കൊന്നത് 10 പേരെ, 20 പേരെ കൂടി കൊല്ലാന്‍ പദ്ധതി; സീരിയല്‍ കില്ലര്‍ പിടിയില്‍

ഹൈദരാബാദ് : കോഴിക്കോട് കൂടത്തായിയില്‍ ജോളി നടത്തിയ സയനൈഡ് കൊലപാതക പരമ്പരകള്‍ക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു കൊലയാളി. ആന്ധ്രപ്രദേശിലെ ഏളൂരു പോലീസാണ് പത്തുപേരെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലറെ അറസ്റ്റ് ചെയ്തത്. വെല്ലാങ്കി സിംഹാദ്രി എന്ന ശിവ (38 )യാണ് പോലീസ് പിടിയിലാകുന്നത്.

ഇയാള്‍ കഴിഞ്ഞ 20 മാസത്തിനുള്ളില്‍ 10 പേരെയാണ് പൊട്ടാസ്യം സയനൈഡ് നല്‍കി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൃഷ്ണ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി ജില്ലകളില്‍ നിന്നുള്ളവരാണ് ഇയാളുടെ ക്രൂരതകള്‍ക്ക് ഇരയായതെന്നും പോലീസ് വ്യക്തമാക്കി. 2018 ഫെബ്രുവരി മുതലാണ് ശിവ കൊലപാതക പരമ്പരയ്ക്ക് തുടക്കമിടുന്നത്. രണ്ടുമാസത്തില്‍ ഒരാള്‍ എന്നതായിരുന്നു ഇയാളുടെ കൊലപാതക രീതിയെന്നും പോലീസ് പറഞ്ഞു.

ALSO READ: പ്രണയം നടിച്ച് കൊലപാതക പരമ്പര: സയനൈഡ് മോഹനന് ശിക്ഷ വിധിച്ചു

മുത്തശ്ശി, സഹോദരഭാര്യ, ശിവയുടെ വീട്ടുടമസ്ഥ, രാജമുന്ദ്രിയിലെ പുരുഷോത്തപട്ടനം ആശ്രമത്തിലെ മതപുരോഹിതന്‍ ശ്രീരാമകൃഷ്ണാനന്ദ തുടങ്ങിയവരെ ഇയാള്‍ കൊലപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. പിടിക്കപ്പെടുമ്പോള്‍ ഇയാള്‍ അടുത്തതായി കൊല്ലാന്‍ പദ്ധതിയിട്ടിരുന്ന 20ഓളം പേരെ സംബന്ധിച്ച വിവരങ്ങളും പോലീസിന് ലഭിച്ചു. ഇപ്പോല്‍ ഇയാള്‍ പിടിയിലായിരുന്നില്ലെങ്കില്‍, രാജ്യം കണ്ട വന്‍ കൂട്ടക്കൊലയാകും ഇയാള്‍ നടത്തുകയെന്നും പോലീസ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.

റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന ശിവ, തന്റെ ബിസിനസ് പൊളിഞ്ഞതോടെ തനിക്ക് അമാനുഷിക ശക്തികളുണ്ടെന്ന് പ്രചരിപ്പിച്ച് ആളുകളെ പറ്റിക്കാന്‍ ആരംഭിക്കുകയായിരുന്നു. നിധിയുടെയും അമൂല്യ രത്‌നങ്ങളുടെയും പേരിലും ധനം ഇരട്ടിയാക്കി നല്‍കാമെന്ന വാഗ്ദാനം നല്‍കിയുമായിരുന്നു തട്ടിപ്പ്. തന്റെ കൈവശം പ്രത്യേക ശക്തിയുള്ള ധാന്യങ്ങളുണ്ടെന്നും, മാന്ത്രിക നാണയങ്ങളുണ്ടെന്നും, ഇരട്ടത്തലയന്‍ സര്‍പ്പമുണ്ടെന്നും, ഇതുവഴി സമ്പത്ത് ഇരട്ടിയാക്കാമെന്നും, മാറാവ്യാധികള്‍ മാറ്റാനാകുമെന്നും ശിവ ഇരകളെ വിശ്വസിപ്പിച്ചിരുന്നു. തങ്ങളുടെ പക്കലുള്ള പണവും ആഭരണങ്ങളുമടക്കം എല്ലാം പൂജകള്‍ക്കായി കൊണ്ടുവരാന്‍ ഇയാള്‍ ആവശ്യപ്പെടും. ആളൊഴിഞ്ഞ പ്രദേശത്ത് ആഭരണങ്ങളും പണവുമായി എത്തുന്നവര്‍ക്ക് ശിവ സയനൈഡ് കലര്‍ത്തിയ പ്രസാദം നല്‍കുകയായിരുന്നു ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു.

ALSO READ: സയനൈഡ് അടുക്കളയില്‍ സൂക്ഷിച്ചതിന്റെ കാരണം വ്യക്തമാക്കി ജോളി
അസ്വാഭാവികത ഒന്നും തോന്നാത്ത വിധത്തില്‍ സ്വാഭാവിക മരണം തന്നെയാണെന്ന് വരുത്തി തീര്‍ക്കാനാണ് ഇയാള്‍ കൊലപാതകത്തിന് സയനൈഡ് തന്നെ ഉപയോഗിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ എലൂരുവില്‍ കഴിഞ്ഞ മാസം നടന്ന ഒരു ദുരൂഹ മരണത്തെ തുടര്‍ന്നുണ്ടായ അന്വേഷണമാണ് ശിവ എന്ന സീരിയല്‍ കില്ലറിലേക്കുള്ള വഴി തെളിക്കുന്നത്. കഴിഞ്ഞ ഒക്ടോബര്‍ 16ന് എലൂരില്‍ കെ. നാഗരാജു എന്ന 49 കാരനായ അധ്യാപകന്‍ മരിച്ചിരുന്നു. പെട്ടെന്നുള്ള മരണത്തില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നുകയും പോസ്റ്റുമോര്‍ട്ടം നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയുണ്ടായ അന്വേഷണമാണ് ശിവയെ കുടുക്കിയത്. വീട്ടില്‍ സമ്പല്‍-സമൃദ്ധി കൊണ്ടു വരുമെന്ന് വിശ്വാസിക്കപ്പെടുന്ന ധനം ആകര്‍ഷിക്കുന്ന നാണയം നല്‍കാമെന്ന പേരിലായിരുന്നു നാഗരാജുവിനെ ഇയാള്‍ പറ്റിച്ചത്. രണ്ടു ലക്ഷം രൂപയാണ് ഇതിനായി ഇയാള്‍ വാങ്ങിയത്.

ശിവയുടെ ഫോണിലുണ്ടായിരുന്ന കോണ്‍ടാക്റ്റുകളില്‍ പത്തോളം പേരുടെ കുടുംബാംഗങ്ങളും അവരുടെ അസ്വാഭാവിക മരണങ്ങളില്‍ സംശയം പ്രകടിപ്പിച്ചെത്തി. തുടര്‍ന്ന് പോലീസ് അന്വേഷണം വ്യാപിപ്പിക്കുകയും കൊല്ലപ്പെട്ട എല്ലാവരും സയനൈഡ് കലര്‍ന്ന പ്രസാദം കഴിച്ചാണ് മരിച്ചതെന്ന നിഗമനത്തില്‍ പോലീസ് എത്തുകയുമായിരുന്നു. നിലവില്‍ നാല് പേരുടെ മരണത്തില്‍ മാത്രമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ശിവ കൊലപ്പെടുത്തിയെന്ന് കരുതുന്ന ബാക്കി ആളുകളുടെയും മൃതദേഹങ്ങള്‍ പുറത്തെടുത്ത് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. ഇയാള്‍ക്ക് സയനൈഡ് നല്‍കിയെന്ന് സംശയിക്കുന്ന ഷെയ്ഖ് അമീനുളള എന്നയാളും പിടിയിലായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button