Nattuvartha

കേരള പുനർനിർമ്മാണ പദ്ധതി: റോഡുകളുടെ പുനരുദ്ധാരണം 2020 ഡിസംബർ 31 നകം പൂർത്തിയാക്കാൻ മുഖ്യമന്ത്രിയുടെ നിർദേശം

തിരുവനന്തപുരം: കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിനും തദ്ദേശ സ്വയംഭരണ വകുപ്പിനും കീഴിലുള്ള റോഡുകളിൽ അറ്റകുറ്റ പണികളും പുനർനിർമ്മാണവും നടത്തേണ്ടവ അടിയന്തിരമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട തുടർ നടപടികൾ പരിശോധിക്കാൻ തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കേരള പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായി സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കീഴിൽ 295 കിലോമീറ്റർ ദൈർഘ്യം വരുന്ന 31 റോഡുകൾക്കായി മുന്നൂറ് കോടി രൂപ ലോകബാങ്കിന്റെ വികസനനയ വായ്പയിൽ നിന്നു അനുവദിക്കാൻ കഴിഞ്ഞ ആഗസ്റ്റിൽ മാസം തീരുമാനിച്ചിരുന്നു. തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിൽ 602 കിലോമീറ്റർ ദൈർഘ്യം വരുന്ന 322 റോഡുകൾക്കായി 488 കോടി രൂപയും ഇതുപ്രകാരം അനുവദിച്ചിരുന്നു. ഇതിന്റെ തുടർ നടപടികൾ യോഗം വിലയിരുത്തി. നിലവിൽ സുഗമമായ യാത്രാസൗകര്യം ഒരുക്കാനാവാത്ത റോഡുകളുടെ ജില്ല തിരിച്ചുള്ള കണക്കും പ്രവർത്തന പദ്ധതിയും യോഗത്തിൽ ചർച്ച ചെയ്തു.മെച്ചപ്പെട്ട ദുരന്ത പ്രതിരോധശേഷിയോടെ നിർമ്മിക്കുന്ന റോഡുകളുടെ പ്രവൃത്തി 2020 ഡിസംബർ 31നകം പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. അറ്റകുറ്റപണികൾ മാത്രമുള്ളവ 2020 മെയ് മാസത്തോടെയും പൂർത്തിയാക്കണം. മഴക്കാലം മുൻകൂട്ടികണ്ട് പ്രവൃത്തികൾ ആസൂത്രണം ചെയ്യണം. മഴമാറിയാൽ ഉടൻ ഫീൽഡ് പ്രവർത്തനങ്ങൾ ആരംഭിക്കണം. ഊർജിതമായും സുതാര്യമായും സമയബന്ധിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാനുള്ള നടപടികൾ കേരള പുനർനിർമ്മാണ പദ്ധതിയുടെയും വകുപ്പുതല സമിതിയുടെയും സംയുക്തയോഗത്തിൽ ചർച്ചചെയ്യണമെന്നും മുഖ്യമന്ത്രി പറയുകയുണ്ടായി.

Read also: മുഖ്യമന്ത്രി പിണറായി വിജയന് ‘ബിഗ്‌ സല്യൂട്ട്’ നല്‍കി ജന്മഭൂമി ദിനപത്രം

2018ലെ മഹാപ്രളയത്തിന് ശേഷം പൊതുമരാമത്ത് വകുപ്പും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കൂടി ആകെ 613.71 കോടി രൂപ ചെലവിൽ 9064.49 കിലോമീറ്റർ റോഡിന്റെ അറ്റകുറ്റപണികൾ നടത്തി സഞ്ചാരയോഗ്യമാക്കിയിട്ടുണ്ട്. ഇതിൽ കുറച്ചു ഭാഗത്ത് 2019 ലെ പ്രളയത്തിൽ നാശനഷ്ടം വീണ്ടും ഉണ്ടായി. ബാക്കിയുള്ള അറ്റകുറ്റ പണികൾ പൊതുമരാമത്ത് വകുപ്പു റോഡുകളിൽ ഡിസംബർ 31നു മുമ്പും തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലുള്ള റോഡുകളിൽ ജനുവരി 31നു മുമ്പും പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. തദ്ദേശ സ്വയംഭരണ വകുപ്പിന് ലഭ്യമാക്കിയിട്ടുള്ള മെയിന്റനൻസ് ഗ്രാന്റും ഇക്കാര്യത്തിൽ ഉപയോഗിക്കും. ഈ സമയക്രമം ഉറപ്പാക്കി റോഡുകൾ സഞ്ചാരയോഗ്യമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.നിർമ്മിക്കപ്പെടേണ്ട റോഡുകളെ മൂന്നു മാസത്തിനുള്ളിൽ പണിതീർക്കാവുന്ന പാക്കേജുകളായി തിരിച്ച് നിർവഹണത്തിനുള്ള ഏർപ്പാടുകൾ ചെയ്യണം. ഫീൽഡ് സർവ്വേ നടത്തി വിശദാംശരേഖ തയ്യാറാക്കാൻ മുൻപരിചയവും തെളിയിക്കപ്പെട്ട ശേഷിയുമുള്ള ഏജൻസികളെയും റോഡുനിർമ്മാണത്തിന് ആധുനിക സന്നാഹങ്ങളുള്ള നിർമ്മാണ കമ്പനികളെയും മുൻകൂട്ടി എംപാനൽ ചെയ്യണം. പ്രളയത്തിൽ തകർന്ന റോഡുകളുടെ പുനരുദ്ധാരണത്തിനായി ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും തുക അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button