Latest NewsArticleNews

മഹാരാഷ്ട്രയിൽ രാഷ്‌ട്രപതി ഭരണം തന്നെ പോംവഴി : ശിവസേന- കോൺഗ്രസ്- എൻസിപി സഖ്യത്തിന് ആശയക്കുഴപ്പം: മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു

മഹാരാഷ്ട്രയിൽ ആർക്കെങ്കിലും സർക്കാർ ഉണ്ടാക്കാനാവുമെന്ന് കരുതുന്നില്ലെന്ന് ഗവർണർ ഭഗത് സിങ് കോഷിയാരി. അത് സംബന്ധിച്ച റിപ്പോർട്ട് അദ്ദേഹം കേന്ദ്ര സർക്കാരിനും നൽകി. അതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രാഷ്‌ട്രപതി ഭരണം ഏർപ്പെടുത്താനുള്ള സാധ്യത കേന്ദ്ര സർക്കാരും പരിഗണിച്ചു. യഥാർഥത്തിൽ ജനാധിപത്യത്തെയും ജനവിധിയെയും അട്ടിമറിക്കാനുള്ള ശിവസേനയുടെ നീക്കത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ പുതിയ സംഭവവികാസങ്ങൾ. പുതിയൊരു സർക്കാരുണ്ടാക്കൽ എളുപ്പമല്ലെന്നും അക്കാര്യത്തിൽ ഉചിത തീരുമാനം എടുക്കാൻ എൻസിപി നിയമസഭാ കക്ഷി യോഗവും നേതൃ യോഗ വും ശരദ് പവാറിനെ ചുമതലപ്പെടുത്തിയിരുന്നു. കാര്യങ്ങൾ നേരാംവണ്ണമല്ല നടക്കുന്നതെന്ന വ്യക്തമായ സൂചന ഇന്നലെ ഗവർണറെ സന്ദർശിച്ച എൻസിപി നേതാക്കളും നൽകിയിരുന്നു എന്നതാണ് അറിയുന്നത്. ആ പശ്ചാത്തലത്തിലാണ് തത്ക്കാലം മറ്റു മാർഗങ്ങളില്ല എന്ന് ഗവർണർ നിഗമനത്തിലെത്തിയത് എന്നതാണ് മനസിലാക്കുന്നത്. എന്നാൽ നിയമസഭ പിരിച്ചുവിടുന്നുണ്ടാവില്ല, അത് മരവിപ്പിച്ചു നിർത്തും. ആർക്കെങ്കിലും എപ്പോഴെങ്കിലും ഭൂരിപക്ഷഅംഗങ്ങളുടെ പിന്തുണ തെളിയിക്കാനായാൽ അപ്പോൾ രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാൻ കേന്ദ്രത്തോട് ശുപാർശ നൽകാൻ ഗവർണ്ണർക്ക് സാധിക്കുകയും ചെയ്യും. അതായത് ഇപ്പോഴത്തേത് താത്കാലിക സംവിധാനമാണ്; ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കുന്നതിനുള്ള മാർഗം എന്ന നിലക്ക് അതിനെ കണ്ടാൽ മതി.

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് നടന്നത് കഴിഞ്ഞ മാസം 21 -നാണ്; 24 ന് ഫലം പുറത്തുവന്നു. നിയമസഭയുടെ കാലാവധിയും പൂർത്തിയായി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നിട്ട് ഇന്നിപ്പോൾ ഏതാണ്ട് 18 ദിവസം കഴിഞ്ഞു. ഇതുവരെ ഒരാളും സർക്കാരുണ്ടാക്കാൻ ആവശ്യമായ പിന്തുണയുമായി ഗവർണറെ കണ്ടില്ല. അവസാനം ഗവർണർ തന്നെ രാഷ്ട്രീയ കക്ഷികളുടെ അടുത്തേക്ക് ചെല്ലുകയായിരുന്നുവല്ലോ. ആദ്യം ബിജെപിയോട് സർക്കാരുണ്ടാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു; അവരാണല്ലോ ഏറ്റവും വലിയ ഒറ്റക്കക്ഷി; അവർ സർക്കാറുണ്ടാക്കാനില്ല എന്ന് പറഞ്ഞപ്പോൾ അടുത്ത ഏറ്റവും വലിയ കക്ഷിയായ ശിവസേനയെ ക്ഷണിച്ചു; അവർക്കും താല്പര്യവും ഭൂരിപക്ഷവും തെളിയിക്കാൻ സമയം കൊടുത്തു. എന്നാൽ നിശ്ചിത സമയത്തിനകം അവർക്ക് അതിന് സാധിച്ചില്ല. എന്തിനേറെ ഇത്ര എംഎൽഎമാരുടെ പിന്തുണയുണ്ട് എന്ന് കാണിച്ചുകൊണ്ട് ഒരു കത്തും ആ അംഗങ്ങളുടെ പേരും പോലും ശിവസേനയ്ക്ക് നൽകാനായില്ല. കോൺഗ്രസും എൻസിപിയും ശിവസേനയെ തുണക്കുന്നു എന്നാണല്ലോ പറഞ്ഞിരുന്നത്. 175 എംഎൽഎമാരുടെ പിന്തുണയുണ്ട് എന്ന് ശിവസേന വക്താവ് സൻജയ്‌ റൗത് പറഞ്ഞുകൊണ്ട് നടന്നതും നാമൊക്കെ കണ്ടതാണ്. അത്രക്ക് ഉറപ്പ് അവർക്കുണ്ടായിരുന്നു എന്നതല്ലേ അത് കാണിച്ചത്. അത് യാഥാർഥ്യമായിരുന്നുവെങ്കിൽ എന്തുകൊണ്ടാണ് ചുരുങ്ങിയത് ആ പേരുകൾ എങ്കിലും കൊടുക്കാനാവാതെ വന്നത്?. അതായത് അവർക്ക് ആ പിന്തുണയൊന്നും ഉണ്ടായിരുന്നില്ല എന്ന് ഗവർണർ കരുതിയെങ്കിൽ കുറ്റപ്പെടുത്താൻ പറ്റുമോ?

വേറൊന്ന് കോൺഗ്രസിന്റെ ദുരവസ്ഥയാണ്. ശിവസേന നേതാവിനെ മുഖ്യമന്ത്രിയാക്കാൻ ആ പാർട്ടിയിലെ ചിലർക്ക് അമിതാവേശമായിരുന്നു. എന്നാൽ അനവധി നേതാക്കൾ എതിർപ്പുമായി രംഗത്ത് വന്നു. ശിവസേനയെ പിന്താങ്ങിയാൽ ന്യൂനപക്ഷ വോട്ട് കൈമോശം വരുമെന്ന് അവർ ഭയപ്പെട്ടു. അത് പലരും തുറന്നു പറയുകയും ചെയ്തു. എന്നാൽ മഹാരാഷ്ട്ര എന്നത് മുംബൈ ആണെന്നും ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമാണ് എന്നും മനസ്സിൽ കണ്ട കോൺഗ്രസുകാർ അവസാനം സഖ്യത്തിന് അനുകൂലമായി എന്നാണ് കേട്ടത്. പക്ഷെ, പിന്തുണ അറിയിച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് കൊടുക്കാൻ തയ്യാറായില്ല. കത്ത് ഫാക്സ് ചെയ്തു എന്നുവരെ തിങ്കളാഴ്ച വൈകീട്ട് വാർത്ത വന്നതോർക്കുക. എന്നാൽ അവസാനം അവർ പിന്മാറി. എന്സിപിയും അത്തരമൊരു കത്ത് ഗവർണ്ണർക്ക് കൊടുക്കാൻ തയ്യാറായില്ല; ഇപ്പോഴും ഈ പാർട്ടികൾ അതിന് തയ്യാറായിട്ടില്ല. അതിനെക്കാൾ രസകരമാണ് കോൺഗ്രസ് നിയമസഭാ കക്ഷിയുടെ അവസ്ഥ. തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ എംഎൽഎമാരെ മുഴുവൻ ആ പാർട്ടി രാജസ്ഥാനിലെ റിസോർട്ടിലേക്ക് മാറ്റി. കൂറുമാറ്റം ഭയന്നതുകൊണ്ടാവണം ആ നീക്കം. എന്നാൽ ഇതുവരെ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്തില്ല. ഇന്നലെ കേട്ടത് അത് സോണിയ ഗാന്ധി നേതാവിനെ തീരുമാനിക്കും എന്നാണ്. നിയമസഭാ കക്ഷി നേതാവില്ലാത്ത ഒരു പാർട്ടിയെ സർക്കാർ രൂപീകരിക്കാൻ ഗവർണർക്ക് ചർച്ചക്ക് പോലും ക്ഷണിക്കാനാവില്ലല്ലോ. അതുകൊണ്ടാണ് എൻസിപിയുമായുള്ള ചർച്ചയോടെ ഗവർണർ കൂടിയാലോചന അവസാനിപ്പിച്ചത് എന്നുവേണം കരുതാൻ.

എസ്ആർ ബൊമ്മെ കേസിലെ വിധിയുടെ പശ്ചാത്തലത്തിൽ ഒരു സർക്കാരിന് ഭൂരിപക്ഷമുണ്ടോ എന്ന് നിശ്ചയിക്കേണ്ടത് നിയമസഭയിലാണ്. എന്നാൽ ഇവിടെ ഒരു സർക്കാർ രൂപീകരിച്ചിട്ടില്ല; അതിന് അവകാശ വാദം പോലും ആരും ഉന്നയിച്ചിട്ടില്ല. താല്പര്യമുണ്ടെന്ന് പറഞ്ഞവർക്ക് അവരെ പിന്തുണക്കുന്നവരുടെ പേരും ആ പാർട്ടികളുടെ കത്തും പോലും നൽകാനായില്ല. അതുകൊണ്ട് പ്രശ്നം നിയമസഭയിലേക്ക് എത്തുന്നേയില്ല. ഇത്തരമൊരു സാഹചര്യത്തിൽ എന്താണ് വേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഗവർണറാണ്. ഇത്തരുണത്തിൽ മറ്റൊന്ന് കൂടി ഓർക്കുന്നത് നല്ലതാണ്. കർണാടകത്തിൽ യെദിയൂരപ്പയെ സർക്കാരുണ്ടാക്കാൻ അനുവദിച്ചതിനെതിരെ കോൺഗ്രസും ജെഡിഎസും സുപ്രീം കോടതിയിൽ പോയ സംഭവമാണത്. അന്ന് സുപ്രീം കോടതി സ്വീകരിച്ച നിലപാട് ഓർക്കേണ്ടതാണ്; പിന്തുണയുണ്ടെന്നു കാണിച്ചു കത്ത് നൽകിയ കോൺഗ്രസ് സഖ്യത്തെ ക്ഷണിച്ചില്ല; പിന്തുണ ഉണ്ടെന്ന് വാക്കാൽ പറഞ്ഞ യെദിയൂരപ്പയെ ക്ഷണിച്ചു എന്ന്. അന്ന് ഏതാണ്ട് 12 മണിക്കൂറിനകം വിശ്വാസവോട്ടെടുപ്പ് നടത്താൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. അന്ന് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയയെയാണ് ഗവർണർ സർക്കാരുണ്ടാക്കാൻ ക്ഷണിച്ചത് എന്നതോർക്കുക. അതാണ് കീഴ്വഴക്കം എന്നതുമോർക്കുക. അതുകൊണ്ട് ഭൂരിപക്ഷ പിന്തുണയുണ്ടോ എന്ന് പിന്തുണക്കുന്ന കത്ത് എങ്കിലും പരിഗണിച്ച് മാത്രമേ ഗവർണർക്ക് ഒരു നിലപാടെടുക്കാൻ സാധിക്കൂ. അതാവണം ഇപ്പോൾ മഹാരാഷ്ട്ര ഗവർണറുടെ മനസിലുണ്ടായിരുന്നത് എന്നതാണ് ഊഹിക്കേണ്ടത്.

ഇനി എന്താണ് നടക്കുക?. നിയമസഭാ അവിടെയുണ്ടാകും; എംഎൽഎമാർ സത്യപ്രതിജ്ഞ ചെയ്യാത്തതിനാൽ അവർക്ക് എംഎൽഎമാരുടെ ആനുകൂല്യങ്ങൾ ലഭിക്കുകയില്ല. എന്നാൽ ആർക്കെങ്കിലും നാളെ ഭൂരിപക്ഷമുണ്ട് എന്ന് തെളിയിക്കാനായാൽ ഗവർണർക്ക് ആ സഖ്യത്തെയോ നേതാവിനെയോ സർക്കാരുണ്ടാക്കാൻ ക്ഷണിക്കാനും അതിനൊപ്പം രാഷ്‌ട്രപതി ഭരണം അവസാനിപ്പിക്കാനും സാധിക്കും. ഇതല്ലാതെ അത്രയുംനാൾ അനിശ്ചിതത്വം കൊണ്ടുപോകാൻ കഴിയില്ലല്ലോ. ഇപ്പോൾ കെയർ ടേക്കർ സർക്കാരാണ്; അതിന് അനിശ്ചിതമായി അങ്ങിനെ തുടരാനാവുകയുമില്ല. ഭരണസ്തംഭനം ഒഴിവാക്കാൻ ഇപ്പോൾ ഏക മാർഗം രാഷ്‌ട്രപതി ഭരണം തന്നെയാണ് എന്ന് ഗവർണർ കരുതിയതും ന്യായയുക്തമാണ് എന്നുവേണം വിലയിരുത്താൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button