KeralaLatest NewsNews

‘അപ്പൂപ്പന്‍ പ്രഷറിന് കഴിക്കുന്നത് അമ്മൂമ്മയുടെ ഷുഗറിന്റെ ഗുളികയും അമ്മൂമ്മ ഷുഗറിന് കഴിക്കുന്നത് അപ്പുപ്പന്റെ പ്രഷറിന്റെ ഗുളികയും’ ഡോക്ടറുടെ കുറിപ്പ് വായിക്കേണ്ടത്

പ്രമേഹത്തെ കുറിച്ച് വിശദമായി പറഞ്ഞു കൊണ്ടുള്ള ഡോക്ടര്‍ ഷമീര്‍ വി കെയുടെ കുറിപ്പ് വൈറലാവുന്നു. ദൈനംദിന ജീവിതത്തെ ഏതെല്ലാം രീതിയില്‍ ബാധിക്കുമെന്ന് രസകരമായ സംഭവങ്ങളിലൂടെ ബോധ്യപ്പെടുത്തി തരുകയാണ് ഡോക്ടര്‍. ഇന്‍ഫോക്ലിനിക് ആണ് ഫെയ്‌സ്ബുക്കില്‍ ഈ കുറിപ്പ് പങ്കുവെച്ചത്.

കുറിപ്പ് വായിക്കാം

1. സൽക്കാരത്തിനിടയിലെ ഉപ്പാപ്പ:

അരി, ഗോതമ്പ്, മൈദ ഇവ കൊണ്ടുണ്ടാക്കാൻ കഴിയുന്ന എല്ലാ മോഡലുകളും… വിവിധ മേക്കപ്പിൽ ഊഴം കാത്തു നിൽക്കുന്ന മീൻ, കോഴി, ആട്, പോത്ത് തുടങ്ങി അനേകം ജീവജാലങ്ങൾ…. ഒഴിയുമ്പോൾ ഒഴിയുമ്പോൾ പ്ലേറ്റ് നിറക്കാൻ രണ്ടു പരിചാരകർ മേശക്കിരുവശവും… പ്രോൽസാഹന വാക്കുകളുമായി ഗൃഹനാഥ.

“നിങ്ങളെന്താണ് ഒന്നും_ _കഴിക്കാത്തത്? കഴിക്കേണ്ട പ്രായമല്ലേ?” (40 വയസ്സേ !)

അവരുടെ മേശയിലും നമ്മുടെ ആമാശയത്തിലും ഒരു ഇഞ്ച് സ്പേസ് ഒഴിവു വന്നാൽ അതൊരു മാനഹാനി ആണ് അവർക്ക്. കുടുംബത്തിലെ കാര്യപ്പെട്ടവരെല്ലാം മേശക്ക് ചുറ്റും ഉപവിഷ്ടരായിട്ടുണ്ട്, ഒരാൾ ഒഴികെ. വീട്ടിലെ ഏറ്റവും മുതിർന്ന അംഗം. മുത്തച്ഛൻ.

“അയ്യോ ഉപ്പാപ്പക്ക് ഷുഗറാ”

ഉപ്പാപ്പയുടെ ഭക്ഷണം – രണ്ട് ചപ്പാത്തിയും കുറച്ച് വെജിറ്റബിൾ കറിയും കുറച്ച് കക്കിരിക്ഷണങ്ങളും!

70 വയസ്സിനു മുകളിൽ പ്രായം കാണും. ആയ കാലത്ത് കഷ്ടപ്പെട്ട് പണിയെടുത്തതിന്റെ വിയർപ്പാണ് ഇന്ന് മേശപ്പുറത്ത് കാണുന്ന പറോട്ടയും പൊരിച്ച കോഴിയുമൊക്കെ!

ഇതിന്റെ പല പല രൂപഭേദങ്ങൾ നമ്മൾ നിത്യവും കാണുന്നു. പ്രമേഹം ഉള്ള വൃദ്ധൻമാർക്ക് കർശന നിയന്ത്രണം, ചികിത്സ. ചെറുപ്പക്കാർക്ക് ഭക്ഷണം, ആർമാദം. ഒരു വീട് ഒരേ സമയം സിദ്ധീഖ് ലാൽ സിനിമയും അടൂർ സിനിമയും ഓടുന്ന മൾട്ടിപ്ലക്സ് പോലെ.
എന്നാൽ പ്രമേഹം കർശനമായി നിയന്ത്രിക്കേണ്ടത് എപ്പോഴാണ്? ജീവിത ശൈലിയിൽ ഏറ്റവും ശ്രദ്ധ വേണ്ടത് ഏതു പ്രായത്തിലാണ്?

പ്രമേഹം കൊണ്ട് ഒരാൾക്കുണ്ടാകുന്ന സങ്കീർണ്ണതകൾ തീരുമാനിക്കുന്നത് പ്രധാനമായും രണ്ട് ഘടകങ്ങളാണ്.

ഒന്ന് – പ്രമേഹത്തിന്റെ കാലയളവ്.
രണ്ട് – പ്രമേഹത്തിന്റെ അത്രയും കാലത്തെ നിയന്ത്രണം.

പ്രായമായവരിൽ ഉള്ള പ്രമേഹരോഗത്തിൽ ഭൂരിഭാഗവും അവരുടെ ‘നല്ല’ പ്രായത്തിൽ തുടങ്ങിയവയാവും. ആദ്യകാലത്തെ നിയന്ത്രണമില്ലായ്മ അയാളുടെ കണ്ണ്, ഞരമ്പ്, വൃക്ക, ഹൃദയത്തിലേക്കും കാലുകളിലേക്കുമുള്ള രക്തക്കുഴലുകൾ തുടങ്ങിയവയെ എല്ലാം ബാധിച്ചു തുടങ്ങുന്നു. പ്രായമാകുമ്പോഴേക്കും അവ പല സങ്കീർണ്ണതകൾക്കും കാരണമായിട്ടുണ്ടാകും. അതു കൊണ്ട് തന്നെ പ്രമേഹം നേരത്തേ തിരിച്ചറിയുകയും, ജീവിതശൈലികളിൽ ഉള്ള മാറ്റം നേരത്തേ ആരംഭിക്കുകയും, വേണ്ടിവന്നാൽ നേരത്തേ തന്നെ മരുന്നുകൾ തുടങ്ങുകയും ചെയ്യണം. ആദ്യകാലത്തെ നിയന്ത്രണം ഭാവിയിലെ സങ്കീർണ്ണതകൾ വളരെയധികം കുറക്കുമെന്ന് നിരവധി പoനങ്ങളിൽ തെളിയിച്ചിട്ടുണ്ട്.

2. അക്രമാസക്തനാകുന്ന അപ്പൂപ്പൻ:

ഒരു വീട്ടിൽ ഒരു അപ്പൂപ്പനും അമ്മൂമ്മയും മാത്രം. കുട്ടികൾ എല്ലാം ജോലിയും കുടുംബവുമായി പല വഴിക്ക്. അമ്മൂമ്മക്ക് ഷുഗറും അപ്പൂപ്പന് പ്രഷറും. കുറച്ച് നാളായി അപ്പൂപ്പന്റെ സ്വഭാവത്തിൽ ഒരു മാറ്റം. രാവിലെ ഉണർന്നു കഴിഞ്ഞാൽ ദേഷ്യം, അമ്മൂമ്മയെ തെറി വിളി, ബഹളം. അസ്ഥാനത്ത് മലമൂത്ര വിസർജ്ജനം വരെ നടത്തിക്കളയും. വെയിലിന് ചൂടുപിടിച്ച് വരുമ്പോഴേക്കും ആള് നോർമൽ ആകും.

ഒരു ദിവസം രാവിലെ അപ്പൂപ്പൻ ഉറക്കം ഉണരുന്നില്ല. അമ്മുമ്മ ബന്ധുക്കളെ കൂട്ടി ആശുപത്രിയിലെത്തിച്ചപ്പോൾ അപ്പൂപ്പന്റെ രക്തത്തിലെ ഷുഗർ വല്ലാതെ കുറഞ്ഞു പോയിരിക്കുന്നു. ഭക്ഷണം കഴിക്കാൻ മടിയോ പ്രയാസമോ ഇല്ലാത്ത ആളുടെ ഷുഗർ എങ്ങനെ കുറഞ്ഞ് പോകുന്നുവെന്ന ചോദ്യം ഡോക്ടർമാരെ കുഴക്കുന്നു. ഒടുവിൽ ഉത്തരം മരുന്ന് സൂക്ഷിക്കുന്ന പെട്ടിയിൽ നിന്ന് കണ്ടെത്തുന്നു.

കുറച്ച് നാളായി അപ്പൂപ്പൻ പ്രഷറിന് കഴിക്കുന്നത് അമ്മൂമ്മയുടെ ഷുഗറിന്റെ ഗുളികയും അമ്മൂമ്മ ഷുഗറിന് കഴിക്കുന്നത് അപ്പുപ്പന്റെ പ്രഷറിന്റെ ഗുളികയും! രാവിലെ അപ്പൂപ്പന്റെ ഷുഗറിൽ വന്ന കുറവായിരുന്നു സ്വഭാവമാറ്റത്തിനും അബോധാവസ്ഥക്കുമൊക്കെ കാരണം. രാവിലെ ഷുഗർ കുറഞ്ഞ് സ്വഭാവത്തിൽ മാറ്റം കാണിക്കുന്ന അപ്പൂപ്പൻ പ്രാതൽ കഴിക്കുമ്പോഴേക്കും നോർമൽ ആകുന്നു. ഒരു ദിവസം ഷുഗർ വല്ലാതെ കുറഞ്ഞ് അബോധാവസ്ഥയിൽ പോകുമ്പോഴാണ് കാര്യം പിടി കിട്ടുന്നത്.

വാർദ്ധക്യത്തിലെ ഓർമ്മക്കുറവ്, കാഴ്ച്ച, കേൾവി പ്രശ്നങ്ങൾ തുടങ്ങിയവ പലപ്പോഴും പ്രമേഹ ചികിത്സയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇത്തരം പ്രശ്നങ്ങൾ ഉള്ള പ്രായമായവരെ മരുന്ന് എൽപ്പിക്കുമ്പോൾ വളരെ ശ്രദ്ധ വേണം.

മരുന്നുകൾ സൂക്ഷിക്കുന്ന സ്ഥലം, വെക്കുന്ന പെട്ടി അല്ലെങ്കിൽ ബാഗ് എല്ലാം പ്രത്യേകം തരം തിരിച്ച് വെച്ച് സഹായിക്കണം.

പറ്റുമെങ്കിൽ പ്രത്യേകം കളർ കോഡോ, നമ്പർ കോഡോ, പുറത്ത് വലിയ അക്ഷരത്തിൽ എഴുതിക്കൊടുക്കാം.
ഓരോ നേരം കഴിക്കേണ്ടവ വെവ്വേറെ അടയാളപ്പെടുത്തി സൂക്ഷിക്കാം. അവർക്ക് മനസ്സിലാക്കാൻ എളുപ്പമുള്ള സൂചനകൾ പാക്കറ്റിനോ പെട്ടിക്കോ കൊടുത്ത് അവരെ അത് പഠിപ്പിച്ച് കൊടുക്കുകയും, അവർ ചെയ്യുന്നത് കൃത്യമായ രീതിയിലാണെന്ന് നിരീക്ഷിച്ച് ഉറപ്പു വരുത്തുകയും വേണം.

വാർദ്ധക്യത്തിലെ ഹൈപോഗ്ലൈസീമിയ (ഷുഗർ കുറഞ്ഞു പോകുന്ന അവസ്ഥ) എന്ന വില്ലൻ:

വാർദ്ധക്യത്തിലെ പ്രമേഹ ചികിത്സയിലെ ഏറ്റവും അപകടകാരിയാണ് ഇത്. വാർദ്ധക്യ സഹജമായ മറ്റു പല രോഗങ്ങൾ കാരണവും, വിശപ്പില്ലായ്മ, ഭക്ഷണത്തിൽ കൃത്യതയില്ലായ്മ തുടങ്ങിയവ മൂലവുമെല്ലാം പ്രായം കൂടുമ്പോൾ ഇതിന്റെ സാധ്യതയും കൂടുന്നു. വിറയൽ, വിയർക്കൽ, ക്ഷീണം, പെരുമാറ്റത്തിലെ വ്യത്യാസം, അബോധാവസ്ഥ തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ. തിരിച്ചറിയാൻ വൈകിയാൽ മരണം വരെ സംഭവിക്കാം.

സാധാരണ രക്തത്തിലെ ഷുഗർ കുറഞ്ഞ് തുടങ്ങിയാൽ ശരീരത്തിലുണ്ടാകുന്ന പ്രതി പ്രവർത്തനങ്ങൾ അയാൾക്ക് വരാനിരിക്കുന്ന അപകങ്ങളെ കുറിച്ച് സൂചന നൽകുകയും അയാൾക്ക് ഷുഗർ നോർമലിലേക്കെത്തിക്കാനുള്ള അവസരം കൊടുക്കുകയും ചെയ്യും. ഉദാഹരണത്തിന് വിശപ്പ് അനുഭവപ്പെടുക. (hypoglycemia awareness). എന്നാൽ പ്രായം കൂടിയവരിൽ ഈ പ്രക്രിയകൾ മന്ദഗതിയിലാവുകയും, ചില ഘട്ടങ്ങളിൽ ഷുഗർ കുറയുന്നതിന്റെ സൂചനകൾ കിട്ടാതിരിക്കുകയും ചെയ്യാം. (Hypoglycemia unawareness). ഇത് അത്യന്തം അപകടകരമാണ്. രക്തത്തിലെ ഷുഗർ കുറഞ്ഞ് അബോധാവസ്ഥയിലായിക്കഴിഞ്ഞ് മറ്റാരെങ്കിലും തിരിച്ചറിയുമ്പോഴാകും ഇത് കണ്ടെത്തുന്നത്.

ഒരു നിശ്ചിത സമയത്തിൽ കൂടുതൽ ഷുഗർ കുറഞ്ഞ അവസ്ഥയിൽ തുടർന്നാൽ മസതിഷ്കത്തിന് തിരിച്ചു വരാനാവാത്ത രീതിയിൽ തകരാറുകൾ സംഭവിക്കാം. ഓരോ ഹൈപോഗ്ലൈസീമിയയും അയാളുടെ പ്രധാന അവയവങ്ങൾക്ക് പരിക്കേൽപ്പിക്കുകയും ആയുസ്സ് കുറക്കുകയും ചെയ്യും. അതു കൊണ്ട് പ്രമേഹ ചികിത്സയിൽ ഹൈപോഗ്ലൈസീമിയ തടയൽ ഏറ്റവും പ്രധാനമാണ്.

ഈ കാരണങ്ങളാൽ പ്രമേഹത്തിലെ കർശന നിയന്ത്രണം പ്രായമായവരിൽ ലക്ഷ്യം വെക്കാറില്ല. ഷുഗർ നിയന്ത്രണത്തിന്റെ സൂചികയായ HbA1C ചെറുപ്പക്കാരിൽ 6.5 ൽ താഴെ ലക്ഷ്യം വെക്കുമ്പോൾ 70 വയസ്സിൽ കൂടുതൽ ഉള്ള, പ്രമേഹം കൂടാതെ മറ്റു പല രോഗങ്ങൾക്കു് അടിമയായ ഒരാളിൽ അത് 7നും 8 നും ഇടയിൽ മതിയാകും. ദൈനംദിന കാര്യങ്ങളിൽ പരാശ്രയം വേണ്ടിവരുന്ന വൃദ്ധരിൽ 8.5 വരെ ആയാലും കുഴപ്പമില്ല.

3. ഒ പി യിലെ സന്തോഷവതിയായ അമ്മച്ചി:

20 വർഷത്തിൽ കൂടുതലായി പ്രമേഹത്തിന് ചികിത്സയെടുക്കുന്ന അമ്മച്ചി ഒപിയിൽ വന്നിരിക്കുന്നു. വളരെ സന്തോഷത്തിലാണ്. ഒട്ടും നിയന്ത്രണത്തിൽ അല്ലാതിരുന്ന തന്റെ ഷുഗർ ഈയിടെയായി വല്ലാതെ കുറഞ്ഞിരിക്കുന്നു. രണ്ട് മൂന്നു തവണ കുറഞ്ഞ് പഞ്ചസാരയും കഴിക്കേണ്ടി വന്നിരിക്കുന്നു.

നേരത്തേ അനിയന്ത്രിതമായ ഷുഗർ ഉണ്ടായിരുന്ന ഒരാൾക്ക് മരുന്നുകളുടെ (അല്ലെങ്കിൽ ഇൻസുലിന്റെ) ആവശ്യം പഴയ ഡോസിനെ അപേക്ഷിച്ച് വളരെ കുറഞ്ഞു വരികയോ, ഇടക്കിടെ ഷുഗറിന്റെ അളവ് കുറഞ്ഞ് പോവുകയോ ചെയ്താൽ അവരുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലായിട്ടുണ്ടോ എന്ന് പരിശോധിപ്പിക്കണം. അനിയന്ത്രിതമായ പ്രമേഹം ഏറ്റവും സാധാരണയായി ബാധിക്കുന്ന ഒരു അവയവമാണല്ലോ വൃക്ക.

വൃക്കകൾക്ക് കേട് സംഭവിച്ചാൽ ഷുഗർ കുറഞ്ഞ് പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ശക്തമായ രീതിയിലുള്ള അണുബാധ, കരളിന്റെ രോഗം തുടങ്ങിയവയും ഷുഗർ കുറഞ്ഞു പോകാനുള്ള കാരണങ്ങളാണ്. മരുന്നിന്റെയോ ഇൻസുലിന്റെയോ അളവ് അടുത്ത ദിവസങ്ങളിൽ വർദ്ധിപ്പിക്കുക, സാധാരണ അളവിൽ ഭക്ഷണം കഴിക്കാതിരിക്കുക, പതിവിൽ കൂടുതൽ ശരീരം ആയാസപ്പെടുക (വ്യായാമം, ജോലി) എന്നീ മൂന്ന് കാരണങ്ങൾ ആണ് സാധാരണ ഷുഗർ നോർമലിൽ താഴെ കുറവുണ്ടാക്കുന്നത്. ഈ മൂന്ന് കാരണങ്ങൾ കാണുന്നില്ലെങ്കിൽ ടെസ്റ്റുകൾ നിർബന്ധമാണ്.

4. ചേരുംപടി ചേർക്കുക:

ഒ പി യിൽ വന്ന അമ്മാവനോട് ഷുഗറിനും പ്രഷറിനുമായി കഴിക്കുന്ന മരുന്നുകളുടെ വിശദാംശം ചോദിക്കുന്നു. അമ്മാവന്റെ കയ്യിൽ പല ഡോക്ടർമാരേയും പലപ്പോഴായി കാണിച്ച കടലാസുകൾ ഉണ്ട്. കണ്ണിന് കണ്ണു ഡോക്ടർ, നീരിന് വൃക്ക ഡോക്ടർ, കാലു പുകച്ചിലിന് ഞരമ്പു ഡോകടർ, കൂടാതെ പ്രമേഹ ഡോക്ടർ വേറേയും. ഇതിൽ ഏതൊക്കെ എന്തിനൊക്കെ കഴിക്കുന്നു എന്ന് അമ്മാവനൊരു പിടിപാടും ഇല്ല. ഒരു സഞ്ചിയിൽ നിന്ന് അമ്മാവൻ ഒരു ലോഡ് മരുന്നുകൾ ചൊരിയുന്നു. അമ്മാവൻ ഒരു സഞ്ചരിക്കുന്ന ഫാർമസി തന്നെ!

വാർദ്ധക്യത്തിലെ അടുത്ത പ്രശ്നമാണിത്. നിരവധി രോഗങ്ങൾ, നിരവധി ചികിത്സകൾ. എന്നാൽ ഇത് ഏകോപീകരിച്ച് പോകാൻ, ആവശ്യമുള്ളത് മാത്രം തെരഞ്ഞെടുത്ത് നൽകാൻ ഒരു കുടുംബ ഡോക്ടർ പലപ്പോഴും ഉണ്ടാവില്ല. ഓരോ പ്രശ്നം പറയുമ്പോൾ ബന്ധുക്കൾ ഓരോ ഡോക്ടറുടെ അടുത്ത് കൊണ്ട് പോയി അവർ എഴുതുന്ന മരുന്നുകൾ വാങ്ങിച്ചു കൊടുക്കും. നിലവിൽ കഴിക്കുന്ന മരുന്നിന്റെ വിശദാംശം കൊണ്ടു പോകാൻ പലപ്പോഴും മറക്കും. ഫലം ഇതേ പോലെ കണക്കില്ലാത്ത മരുന്നുകൾ. ചിലപ്പോൾ ഒരേ മരുന്ന് രണ്ട് തവണ എഴുതിയിട്ടുണ്ടാകാം. പ്രായം കൂടിയവരിൽ മരുന്നുകളുടെ എണ്ണം കൂടുന്നതും അവരെ പ്രതികൂലമായി ബാധിക്കാം.

മരുന്നുകൾക്കിടയിലെ പ്രതി പ്രവർത്തനങ്ങളും ശ്രദ്ധിക്കാതെ പോകാം. വാർധക്യത്തിൽ മരുന്നുകൾക്കായി ഒരു ഡയറി സൂക്ഷിക്കുന്നതാണ് നല്ലത്. ഓരോ തവണ ഡോക്ടറെ കാണുമ്പോഴും ഈ ഡയറി കയ്യിൽ പിടിക്കുകയും കാണിച്ച് ബോദ്ധ്യപ്പെടുത്തുകയും വേണം. പുതിയ ഓരോ മരുന്നും കഴിവതും അവിടുന്ന് തന്നെ അതിൽ രേഖപ്പെടുത്താൻ ശ്രമിക്കണം. പറ്റുമെങ്കിൽ ഒരു കുടുംബ ഡോക്ടറെ തന്നെ കാണാൻ ശ്രമിക്കാം. അവർ നിർദ്ദേശിക്കുമ്പോൾ മാത്രം സ്പെഷ്യലിസ്റ്റുകളെ കാണുകയും, സ്പെഷ്യലിസ്റ്റുകളുടെ നിർദ്ദേശം കുടുംബ ഡോക്ടറെ അറിയിച്ചു ആ ഡോക്ടറെക്കൊണ്ട് തന്നെ മരുന്നുകൾ ക്രമീകരിപ്പിക്കാം.

പ്രായം കൊണ്ടും, രോഗങ്ങൾ കൊണ്ടും, ഏകാന്തത കൊണ്ടും എല്ലാം പലവിധ കഷ്ടപ്പാടുകൾ അനുഭവിക്കുന്നവരാണ്. മരുന്നുകൾ വാർദ്ധക്യത്തിൽ ഒരു അധിക ബാദ്ധ്യതയാവരുത്. പകരം അവർക്ക് ബാക്കിയുള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാനുള്ള ഒരു സഹായം മാത്രം ആവണം.

സമ്പത്ത് കാലത്ത് നട്ട പത്ത് തൈ ആപത്ത് കാലത്ത് ഒരു പാരയാവരുത് !

എഴുതിയത്: Dr. Shameer V K

shortlink

Post Your Comments


Back to top button