KeralaLatest NewsNews

സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിട്ടു കൊടുക്കുന്നു – വെല്‍ഫെയർ പാർട്ടി

തിരുവനന്തപുരം•സംഘ്പരിവാര്‍ ഉയർത്തുന്ന വാദങ്ങളെ കേരളത്തില്‍ അതേപടി ആവർത്തിക്കുകയും സംഘ്പരിവാറിന്‍റെ പോലീസ് നയം നടപ്പാക്കുകയും വഴി സി.പി.എം സംഘ്പരിവാറിന് വഴിമരുന്നിട്ടുകൊടുക്കുകയാണെന്ന് വെല്‍ഫെയർ പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവ് പ്രസ്താവിച്ചു.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്‍ലാമിക തീവ്രവാദികളാണെന്ന് പറഞ്ഞത് യാദൃശ്ചികമല്ല. സംഘ്പരിവാർ ഭരിക്കുന്ന സംസ്ഥാനങ്ങളുടെ മാതൃകയില്‍ നടത്തിയ പോലീസ് വേട്ടയില്‍ സ്വന്തം പാർട്ടി സഖാക്കളായ രണ്ട് യുവാക്കള്‍ കുടുങ്ങിയത് അണികളിലാകെ ഉണ്ടാക്കിയ പ്രതിഷേധത്തെ മറയിടാനാണ് യാതൊരു വസ്തുതയുമില്ലാത്തതും ഒരു മതസമൂഹത്തെ സംശയത്തില്‍ നിർത്താനുതകും വിധമുള്ള പരാമർശം കോഴിക്കോട് ജില്ലാ സെക്രട്ടറി നടത്തിയത്. ഇതിനെ കുമ്മനം രാജശേഖരനടക്കമുള്ള സംഘ്പരിവാർ നേതാക്കളാണ് ആവേശപൂർവ്വം സ്വാഗതം ചെയ്തത് എന്നതുതന്നെ ആർക്കാണ് ഇത്തരം അടിസ്ഥാന രഹിത പരാമർശങ്ങളിലൂടെ നേട്ടമുണ്ടാകുന്നത് എന്ന് വ്യക്തമാണ്. യു.എ.പി.എ പോലെയുള്ള ഭീകര നിയമങ്ങളുടെ കാര്യത്തില്‍ കേരള സർക്കാരും സി.പി.എമ്മും തികഞ്ഞ കാപട്യമാണ് പുലർത്തുന്നത്.

രണ്ടു സ്ത്രീകളടക്കം ഏഴുപേരെയാണ് പിണറായി സർക്കാർ വ്യാജ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയത്. സ്വന്തം ഘടകകക്ഷിയായ സി.പി.ഐക്ക് പോലും വിശ്വാസ്യതയില്ലാത്ത ഈ നടപടിയേയും സംഘ്പരിവാർ മാത്രമാണ് പിന്തുണച്ചത്. ആദ്യം നടന്ന രണ്ട് വ്യാജ ഏറ്റുമുട്ടലുകളുടേയും മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോർട്ട് പോലും പൂഴ്ത്തി വെച്ചിരിക്കുയാണ് പിണറായി സർക്കാർ.

ശബരിമല വിഷയത്തിലെ നിലപാട് മൂലം സംഘ്പരിവാറിലേക്ക് ഒഴുകിയ സി.പി.എം അണികളെ തിരിച്ചുപിടിക്കാനുള്ള തന്ത്രമായി നടത്തുന്ന ഇത്തരം നടപടികള്‍ ആത്യന്തികമായി സി.പി.എമ്മിനെയും കേരളത്തിലെ മതേതര സ്വഭാവത്തെയുമാണ് ഇല്ലാതാക്കുക. സംഘ്പരിവാറിന് മാത്രമാണ് നേട്ടം എന്ന് മനസ്സിലാക്കാനുള്ള വിവേകം സി.പി.എമ്മിന് ഇല്ലാതായി.

സി.പി.എമ്മും കേരള സർക്കാരും എത്രയും വേഗം നിലപാട് തിരുത്തുകയാണ് വേണ്ടത്. ഇല്ലെങ്കില്‍ ബംഗാളിലും ത്രിപുരയിലുമുണ്ടായ പോലെ വന്‍ തകർച്ചയാകും അവർക്ക് നേരിടേണ്ടി വരികയെന്നും എക്സിക്യൂട്ടിവ് മുന്നറിയിപ്പ് നല്‍കി. സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ ഷഫീഖ് റിപ്പോർട്ട് അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button