Latest NewsIndia

പ്രധാനമന്ത്രിയെ കാണാന്‍ ശരദ് പവാറെത്തിയതോടെ അങ്കലാപ്പുമായി ശിവസേന, ഞങ്ങള്‍ എന്‍ഡിഎ ഉപേക്ഷിച്ചിട്ടില്ലെന്ന് ഉപരാഷ്ട്രപതിക്ക് കത്ത്

എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ശിവസേന അംഗങ്ങളുടെ സീറ്റ് മൂന്നാം നിരയില്‍ നിന്ന് അഞ്ചാം നിരയിലേക്ക് നീക്കി.

ന്യൂഡല്‍ഹി : മഹാരാഷ്ടയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നിര്‍ണ്ണായക ചര്‍ച്ചകള്‍ തുടരുന്നതിനിടെ എന്‍ സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാനെത്തി . സംസ്ഥാനത്തെ കാര്‍ഷിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനെന്നാണ് പറഞ്ഞിരുന്നതെങ്കിലും നിര്‍ണ്ണായകമായ മഹാരാഷ്ട്ര രാഷ്ട്രീയവും ചര്‍ച്ചയായെന്നാണ് സൂചന . പാര്‍ലമെന്റിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച .ഇതോടെ അങ്കലാപ്പിലായിരിക്കുകയാണ് ശിവസേന. എന്‍ഡിഎ സഖ്യത്തില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ശിവസേന അംഗങ്ങളുടെ സീറ്റ് മൂന്നാം നിരയില്‍ നിന്ന് അഞ്ചാം നിരയിലേക്ക് നീക്കി.

എന്നാല്‍ രാജ്യസഭയിലെ ഇരുപ്പ് പിന്നിലേക്ക് മാറ്റിയത് ശിവസേനയെ ചൊടിപ്പിച്ചു. ഈ മാറ്റത്തില്‍ പ്രതിഷേധം അറിയിച്ച്‌ ശിവസേന എംപി സഞ്ജയ് റൗത്ത് ചെയര്‍മാന്‍ വെങ്കയ്യ നായിഡുവിന് കത്തെഴുതി. എന്‍ഡിഎയില്‍ നിന്നും ശിവസേനയെ നീക്കിയതായി ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ലെന്നാണ് റൗത്ത് പരാതിയില്‍ ചൂണ്ടിക്കാണിച്ചത്. ശിവസേനയുടെ വികാരങ്ങളെ മുറിവേല്‍പ്പിക്കാനും, ശബ്ദം അടിച്ചമര്‍ത്താനും ലക്ഷ്യമിട്ട് മനഃപ്പൂര്‍വ്വം ആരോ സ്വീകരിച്ച തീരുമാനമാണിത്, റൗത്ത് ആരോപിച്ചു.സഭയുടെ അന്തസ്സിനെ ഹനിക്കുന്ന തീരുമാനമാണിതെന്ന് പരാതിപ്പെട്ട റൗത്ത് ശിവസേന എംപിമാര്‍ക്ക് ഒന്ന് മുതല്‍ മൂന്ന് വരെയുള്ള നിരയില്‍ സീറ്റ് നല്‍കണമെന്നാണ് നായിഡുവിനോട് ആവശ്യപ്പെട്ടത്.

‘എന്തിനാണ് ഈ നടപടിയെന്ന് മനസ്സിലാകുന്നില്ല, എന്‍ഡിഎയില്‍ നിന്ന് പുറത്താക്കി ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല’, റൗത്ത് കത്തില്‍ വ്യക്തമാക്കി. ഇതിനിടെ ശിവസേനയിൽ തന്നെ പൊട്ടിത്തെറി ഉണ്ടായിരിക്കുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. 17 എംഎല്‍എമാര്‍ പുറത്തുപോകാന്‍ ഒരുങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസുമായി കൂടിച്ചേരാന്‍ താല്‍പര്യമില്ലാത്ത എംഎല്‍എമാരാണ് വിമതരാകാനൊരുങ്ങുന്നുവെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ എംഎൽഎമാരെ റിസോർട്ടിലേക്ക് വീണ്ടും മാറ്റി താമസിപ്പിച്ചിരിക്കുകയാണ് ശിവസേന എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button