KeralaLatest NewsNews

1070 വോട്ടിന് തോറ്റ സ്ഥാനാര്‍ത്ഥിയെ ആശ്വസിപ്പിക്കാന്‍ വിളിച്ചു; മറുതലയ്ക്കലെ ചോദ്യം കേട്ട് അമ്പരന്നു- എംഎല്‍എയുടെ ഭാര്യയുടെ കുറിപ്പ്

വിവാഹവാര്‍ഷികത്തില്‍ പ്രണയദിനത്തിന്റെ മധുരസ്മരണകള്‍ അയവിറക്കി വിപി സജീന്ദ്രന്‍ എംഎല്‍എയുടെ ഭാര്യയും മാധ്യമപ്രവര്‍ത്തകയുമായ ലേബി സജീന്ദ്രന്‍. 18ാം വിവാഹവാര്‍ഷികദിനത്തിലാണ് പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ലേബി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. 1998 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ 1070 വോട്ടിന് തോറ്റ വിപി സജീന്ദ്രനെ ആശ്വസിപ്പിയ്ക്കാന്‍ വേണ്ടി വിളിച്ചപ്പോള്‍, ‘ഞാന്‍ ലേബിയെ കല്യാണം കഴിച്ചോട്ടേ?’ എന്നായിരുന്നു സജീന്ദ്രന്റെ മറുചോദ്യമെന്ന് ലേബി കുറിക്കുന്നു.

ലേബിയുടെ കുറിപ്പ് വായിക്കാം.

ഇടതുകോട്ടയായ
വൈക്കത്ത്
1998 ലെ നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ
1070 വോട്ടിന് തോറ്റ
കോൺഗ്രസ് സ്ഥാനാർത്ഥി
വി.പി.സജീന്ദ്രനെ
ആശ്വസിപ്പിയ്ക്കാൻ വേണ്ടി വിളിച്ചപ്പോൾ,
“ഞാൻ ലേബിയെ
കല്യാണം കഴിച്ചോട്ടേ?”
എന്നാണ് ഫോണിന്റെ മറുതലയ്ക്കൽ നിന്ന് കേട്ടത്.
എം എൽ.എ.ആകാൻ പോകുന്നയാൾ
സുഹൃത്തായിരിയ്ക്കട്ടെ
എന്നതിനപ്പുറം ചിന്തിയ്ക്കാൻ
അന്ന്
എനിയ്ക്ക് ധൈര്യമുണ്ടായിരുന്നില്ല.

മലയാളമനോരമയിൽ
ആ തിരഞ്ഞെടുപ്പ് സമയത്ത് പ്രസിദ്ധീകരിച്ച
സ്ഥാനാർത്ഥി പരിചയം
ഒന്നുമതി സജീന്ദ്രനെ
കണ്ണും പൂട്ടി ഇഷ്ടപ്പെടാൻ!
സജീന്ദ്രനുവേണ്ടി
അന്നത്തെ കെ.എസ്.യു.സംസ്ഥാന പ്രസിഡൻറായിരുന്ന
ജയ്സൺ ജോസഫ്
തയ്യാറാക്കിയ
ഗംഭീര
‘സ്ഥാനാർത്ഥി അഭ്യർത്ഥന ‘
വായിച്ചാൽ 20 കാരിയായ ഏത് പെണ്ണും
വീണുപോകും!!

പക്ഷേ ഇതൊന്നുമായിരുന്നില്ല,
ഞാൻ വി.പി.സജീന്ദ്രൻ
എന്ന 28 കാരനിൽ
അന്ന് കണ്ടത്.
ദളിതത്വത്തിന്റെ അരക്ഷിത ബാല്യം.
അച്ഛനുപേക്ഷിച്ച് പോയതിന്റെ
അനാഥത്വം മൂന്നര വയസ്സിൽ അറിഞ്ഞ
മകൻ.
ആറു മക്കളുമായി
ജീവിതത്തോട് പടവെട്ടിയ,
ഉരുക്കുപോലെ ഉള്ളുറപ്പുള്ള
ഒരമ്മയുടെ വയറ്റിൽ
പിറന്നതിന്റെ പുണ്യം.
അഞ്ചു വയസു മുതൽ
പത്രം വിതരണം ചെയ്ത്
ബുക്ക് വാങ്ങി സ്വയം പര്യാപ്തനായതിന്റെ
കരുത്ത്.
മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തിൽ
പഠിച്ച് മുന്നേറാൻ കാണിച്ച ഇച്ഛാശക്തി.
എൽ.എൽ.എം.എത്തും വരെ
ഉയർന്ന മാർക്കിൽ വിജയിച്ച്,
ഇല്ലായ്മകളെ
തോൽപ്പിച്ചവന്റെ
ഉറച്ച കാൽവയ്പ്….
മതി, എന്റെ ആൺ സങ്കല്പത്തോട് ചേർന്ന്
നിൽക്കാൻ ഇത്രയും
ധാരാളമായിരുന്നു.
വിവാഹത്തിന് സമ്മതം
എന്ന് മറുപടി നൽകി….

പിന്നെ മൂന്നര വർഷം.
കത്തുകൾ മാത്രം.
കോട്ടയത്തു വച്ച്
അപൂർവ്വമായി
നേരിൽ കണ്ടു.
അതിനിടയിൽ സ്വന്തം കാലിൽ നിൽക്കാനുള്ള
ഓട്ടം പൂർത്തീകരിച്ച്
ഗ്യാസ് ഏജൻസി
ആരംഭിച്ച് സജീന്ദ്രൻ
വരുമാനമാർഗം കണ്ടെത്തി.
“രാഷ്ട്രീയം വരുമാന മാർഗമാക്കരുത്;
സജീവ രാഷ്ട്രീയ പ്രവർത്തകന് സ്വന്തമായി വരുമാനം ഉണ്ടാകണം”,
അമ്മാവനായ മുൻ രാഷ്ട്രപതി
ശ്രീ.കെ.ആർ.നാരായണൻ നൽകിയ
ഉപദേശമാണ് ഫലം
കണ്ടത് എന്ന്
ഏറ്റുമാനൂർ കാരിത്താസ് ആശുപത്രിയ്ക്ക് മുന്നിൽ വച്ച് അന്തസ്സോടെ, തല ഉയർത്തി സജീന്ദ്രൻ
പറഞ്ഞപ്പോൾ
ഞാനാ കൈകളിൽ മുറുകെപ്പിടിച്ചിട്ട് പറഞ്ഞു,
” വരുമാന മാർഗം ഉണ്ടായില്ലെങ്കിലും ഞാൻ ഒപ്പം ജീവിയ്ക്കുമല്ലോ!”.

പ്രണയവാർത്ത
അറിഞ്ഞതോടെ രണ്ടു വീടുകളും ഇളകിമറിഞ്ഞു.
ഒരു ദളിതനെ അംഗീകരിയ്ക്കാൻ മടിച്ച്
എന്റെ കുടുംബാന്തരീക്ഷം
കലുഷിതമായി.
സുന്ദരിയായ എം.ബി.ബി.എസ്.കാരിയുടെ
ആലോചന
കുടുംബത്തിനുള്ളിൽ നിന്ന്
മുറുകിയപ്പോൾ
എന്നെ മറക്കാൻ
സജീന്ദ്രനു മേലും കടുത്ത
സമ്മർദ്ദമുണ്ടായി.
ആറ് മാസം…
ഞങ്ങൾ ഉറച്ചുനിന്നു.
എന്റെ പാവം പപ്പ,
ബന്ധുക്കളെയെല്ലാം പറഞ്ഞ് സമ്മതിപ്പിച്ച്
മോളെ
വിവാഹപന്തലിൽ
എത്തിച്ച് സജീന്ദ്രന് നൽകി!
18 വർഷം മുമ്പ്
ഇതേ ദിവസം, ഇതേ സമയത്തായിരുന്നു അത്…..❤❤

എതിർത്തവരെയെല്ലാം
ആശ്ചര്യപ്പെടുത്തി,
ഞങ്ങൾ
ഒരുമിച്ച് ഒരേ മനസ്സോടെ മുന്നോട്ടു
പോകുന്നു.
ചുള്ളിക്കാടിന്റെ കവിതയിലെ
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങൾ
തൻ
കിരണമേറ്റെന്റെ ചില്ലകളൊന്നും
പൂത്തിട്ടില്ല.
പരുക്കൻ ജീവിതയാഥാർത്ഥ്യങ്ങളുടെ
ഇന്നലെകളിൽ പാകപ്പെട്ട
ആ മിഴികളിൽ പ്രണയത്തിന്റെ ആഴക്കടലുമില്ല.
പക്ഷേ ‘ നിനക്കൊപ്പം
എന്നും ഏത് പ്രതിസന്ധിയിലും
ഞാനുണ്ടാകും” എന്ന
ഉറപ്പ് ആ കണ്ണുകളിലുണ്ട്.
അതുകൊണ്ടാണ്
എല്ലാ പ്രതിസന്ധികളും
ഒരുമിച്ച് മറികടന്ന്
ഞങ്ങളിങ്ങനെ
ചേർന്നു നിൽക്കുന്നത്.
സ്നേഹം….

https://www.facebook.com/leby.sajeendran/posts/2502448119850357

 

shortlink

Related Articles

Post Your Comments

Related Articles


Back to top button