KeralaLatest NewsNews

ജീവിച്ചിരിക്കുന്ന സ്ത്രീ മരിച്ചു എന്ന് റിപ്പോര്‍ട്ടെഴുതി ബാങ്ക് അധികാരികളുടെ തട്ടിപ്പ്

തിരുവല്ല പുല്ലാട് 1375 നമ്പര്‍ സഹകരണ ബാങ്കില്‍ വന്‍ അഴിമതി. ജീവിച്ചിരിക്കുന്ന സ്ത്രീ മരിച്ചു എന്ന് റിപ്പോര്‍ട്ടെഴുതി വിധവപെന്‍ഷന്‍ ബാങ്ക് അധികാരികള്‍ മുക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. വിധവയെ പരേതയാക്കി പെന്‍ഷന്‍ മുടക്കിയ പുല്ലാട് സര്‍വീസ് സഹകരണ ബാങ്കിനെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ അറിയിച്ചു.

തിരുവല്ല താലൂക്കില്‍ കോയിപ്രം വില്ലേജില്‍ ചിറക്കരോട്ട് വീട്ടില്‍ അന്നമ്മ ജോഷ്വ പുല്ലാട് എന്ന വ്യക്തി മരിച്ചു എന്ന് റിപ്പോര്‍ട്ട് നല്‍കി പുല്ലാട് 1375 നമ്പര്‍ സഹകരണ ബാങ്ക് അധികാരികള്‍ വിധവ പെന്‍ഷന്‍ മുക്കിയതായാണ് ആരോപണം. ഈ സഹകരണ ബാങ്ക് വഴി സര്‍ക്കാര്‍ നല്‍കിയ പെന്‍ഷനില്‍ പലതും പെന്‍ഷന്‍കാര്‍ക്ക് നല്‍കാതെ തിരിച്ചടച്ചു എന്ന് നിരവധി പരാതി ലഭിച്ചതിനെത്തുടര്‍ന്ന് തിരുവല്ല അസി: രജിസ്ട്രാര്‍ നേരിട്ട് പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ മരിച്ചിട്ടില്ല എന്ന് ബോധ്യപ്പെട്ടത്.. ഇത്തരത്തില്‍ നിരവധി പേരുടെ പെന്‍ഷന്‍ അധികാരികള്‍ മുക്കിയതായാണ് വിവരം.

പെന്‍ഷന് വേണ്ടി സഹകരണ ബാങ്ക് ഭരണസമിതിയുടെയും ജീവനക്കാരുടെയും പിറകെ നടക്കേണ്ട അവസ്ഥയാണെന്ന ആരോപണവും ഉയരുന്നുണ്ട്. അധികൃതര്‍ക്ക് ഇഷ്ടമില്ലാത്തവരും എതിര്‍ പാര്‍ട്ടിയില്‍ ഉള്ളവരും മരിച്ചെന്നോ സ്ഥലത്ത് താമസം ഇല്ലെന്നോ എഴുതിവിട്ട് പെന്‍ഷന്‍ മുക്കുന്ന രീതിയില്‍ ആണ് കാര്യങ്ങള്‍ അരങ്ങേറുന്നത്. പുല്ലാട് ബാങ്കിനെപ്പറ്റി നിരവധി പരാതികളുണ്ടെന്നും ഇടപാടുകാര്‍ പറയുന്നു.

ഈ ബാങ്കിനെ സംബന്ധിച്ച് 2015ല്‍ ഡിപ്പാര്‍ട്ടുമെന്റു തലത്തില്‍ 65 എന്‍ക്വയറി നടത്തുകയും ലക്ഷങ്ങളുടെ ക്രമക്കേടുകള്‍ കണ്ടെത്തുകയും സെക്രട്ടറിക്ക് എതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്തിട്ടും നാളിതുവരെയായി ബാങ്ക് ബോര്‍ഡ് സെക്രട്ടറിക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാതെ അതില്‍ നിന്നും ബാങ്ക് ബോര്‍ഡ് ഉം പ്രസിഡന്റ ഉം സെക്രട്ടറിയെ സംരക്ഷിക്കുകയാണെന്നും ആക്ഷേപമുണ്ട്.

shortlink

Post Your Comments


Back to top button