KeralaMollywoodLatest NewsNews

ഷെയ്ൻ നിഗത്തെ വിലക്കുകയല്ല അയാളെ ഞങ്ങൾക്ക് ആവശ്യമില്ല; നടനെതിരെ കടുത്ത വിമർശനവുമായി നിർമാതാവ് സിയാദ് കോക്കർ

25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടത്. ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും, ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു

കൊച്ചി: ഷെയ്ൻ നിഗത്തെ വിലക്കുകയല്ല അയാളെ ഞങ്ങൾക്ക് ആവശ്യമില്ലെന്ന് ചലച്ചിത്ര നിർമാതാവ് സിയാദ് കോക്കർ. ഷെയ്ൻ പലപ്പോഴും സ്വബോധത്തോടെയല്ല പെരുമാറുന്നതെന്ന് പറഞ്ഞ നിർമാതാവ് സിനിമ മേഖലയിലെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പറഞ്ഞു.

നടന്‍ ഷെയിന്‍ നിഗമിനെ ഇനി സിനിമയില്‍ അഭിനയിപ്പിക്കില്ലെന്നും മലയാള സിനിമാരംഗത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നും തുറന്നടിച്ച നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഷെയിന്‍ കരാര്‍ ലംഘിച്ച രണ്ട് സിനിമ‌കളും വേണ്ടെന്നുവച്ച നിര്‍മാതാക്കളുടെ നഷ്ടം നികത്തിയില്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കി. വിലക്കിന്‍റെ കാര്യം അമ്മ സംഘടനയെ അറിയിച്ചിട്ടുണ്ടെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കി. ഷെയ്നില്‍ നിന്ന് മലയാള സിനിമയിൽ ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണ് ഉണ്ടായത്. ഇത്രയും മോശം അനുഭവം മറ്റൊരാളിൽ നിന്നും ഉണ്ടായിട്ടില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനാ ഭാരവാഹികൾ ആരോപിച്ചു.

ഷെയ്ൻ നിഗത്തിനെതിരെ വീണ്ടും പരാതി ഉയര്‍ന്നതിന് പിന്നാലെയാണ് സംഘടനയുടെ നടപടി. ഉല്ലാസം സിനിമയുടെ അണിയറപ്രവര്‍ത്തകരാണ് നടനെതിരെ പരാതിയുമായി രംഗത്തെത്തിയത്. സിനിമയ്ക്ക് കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടു. 25 ലക്ഷം രൂപ പ്രതിഫലം നിശ്ചയിച്ചായിരുന്നു കരാർ ഒപ്പിട്ടത്. ഡബ്ബിംഗ് സമയത്ത് 20 ലക്ഷം രൂപ വീണ്ടും ആവശ്യപ്പെട്ടതായും, ഈ പണം കൂടി തന്നില്ലെങ്കില്‍ ഡബ്ബിംഗിന് എത്തില്ലെന്ന് ഷെയിന്‍ നിഗം അറിയിക്കുകയായിരുന്നുവെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ ആരോപങ്ങളൊക്കെ ഷെയ്ൻ നിഗം തള്ളിയിരുന്നു.

വെയിൽ സിനിമയുടെ സംവിധായകൻ മാനസികമായി പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഷെയ്ൻ നിഗം സെറ്റിൽ നിന്നും ഇറങ്ങിപ്പോയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇതിന് പിന്നാലെ മുടി പറ്റെവെട്ടി താടിയും മീശയും വടിച്ചുള്ള പുതിയ ലുക്കിലെ ഫോട്ടോ ഷെയ്ൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു പ്രതിഷേധം എന്ന് ടാഗ് ചെയുകയും ചെയ്തു. ശരത് സംവിധാനം ചെയ്യുന്ന വെയിൽ സിനിമയിൽ മുടിയും താടിയും നീട്ടിയുള്ള വേഷമാണ് ഷെയ്നിന്റേത്.

ALSO READ: ഷെയ്‌നിനെ വിലക്കാന്‍ നിര്‍മാതാക്കളുടെ അസോസിയേഷന് അധികാരമില്ല, ഷെയ്ന്‍ തിരിച്ച്‌ വന്നില്ലെങ്കില്‍ തല മുണ്ഡനം ചെയ്ത് കൊച്ചിയിലൂടെ നടക്കും ; വെല്ലുവിളിയുമായി സംവിധായകൻ

വെയിലിന്‍റെ ചിത്രീകരണം പൂർത്തിയാകും വരെ രൂപമാറ്റം വരുത്തരുതെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താരസംഘടനയായ അമ്മയും ചേർന്ന് നടത്തിയ ഒത്തുതീർപ്പുചർച്ചയിൽ കരാറുണ്ടാക്കിയിരുന്നു. എന്നാൽ ഇതിന് വിപരീതമായി ഷെയ്നിന്റെ പ്രവർത്തി ഗൗരവമായി നേരിടാൻ തന്നെയാണ് നിർമ്മാതാക്കളുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്. അതേസമയം, തനിക്കെതിരായ വിലക്ക് അംഗീകരിക്കില്ലെന്ന് ഷെയിനും പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button