Kerala

റോഡ് വികസിക്കുന്നതിനോടൊപ്പം സുരക്ഷാ നിയമങ്ങളും പാലിക്കണമെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: ഉയര്‍ന്ന നിലവാരത്തിലുളള റോഡുകള്‍ക്ക് നല്‍കുന്ന പ്രാധാന്യം ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തിലും ഉണ്ടാകണമെന്ന് പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. നവീകരിച്ച കൊല്ലകടവ്- ചെങ്ങന്നൂര്‍ ടൗണ്‍- പുത്തന്‍കാവ് റോഡിന്റേയും ഇടമുറി പാലത്തിന്റേയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി. ഗതാഗത നിയമങ്ങള്‍ പാലിക്കാതിരിക്കുന്നത് അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നു. വഴിയോരക്കച്ചവടക്കാരും അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കമെത്തുന്ന വലിയ വാഹനങ്ങളും റോഡുകള്‍ കൈയ്യേറുന്നതിനെതിരെ കര്‍ശ്ശന നടപടിയെടുക്കും. പഞ്ചായത്ത് തലങ്ങളില്‍ നിന്നടക്കമുള്ള ജനപ്രതിനിധികളും പ്രദേശവാസികളും ഇത്തരം റോഡ് കൈയ്യേറ്റങ്ങള്‍ക്കെതിരെ രംഗത്തിറങ്ങണം. മന്ത്രിമാരും ജനപ്രതിനിധികളുമാണ് ഗതാഗത നിയമങ്ങള്‍ പാലിക്കുന്ന കാര്യത്തില്‍ ജനങ്ങള്‍ക്ക് മാതൃകയാകേണ്ടതെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Read also: കല്ല് സൂക്ഷിക്കാന്‍ എം.എല്‍.എ.ക്കു പറ്റുമോ..? സര്‍വേക്കല്ല്‌ മോഷണം ‘കുണ്ടാമണ്ടി’യെന്ന് ജി സുധാകരന്‍

പാലങ്ങളും റോഡുകളുമടക്കം സമാനതകളില്ലാത്ത വികസന പ്രവര്‍ത്തനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നത്. ചെങ്ങന്നൂരിലെ 16 പാലങ്ങളും കുട്ടനാട്ടിലെ 14 പാലങ്ങളും ഈ വികസന പ്രവര്‍ത്തനങ്ങളുടെ ഉദാഹരണങ്ങളാണെന്നും മന്ത്രി പറഞ്ഞു. യോഗത്തില്‍ സജി ചെറിയാന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. റോഡിന്റെ നവീകരണത്തിനായി 4 കോടി രൂപയും പാലം നവീകരിക്കുന്നതിനായി ഒന്നര കോടി രൂപയുമാണ് ചെലവഴിച്ചത്. പൊതുമരാമത്ത് വകുപ്പ് എക്സി. എഞ്ചിനീയര്‍ പി. ബിനു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചെറിയനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ രാധമ്മ, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. വിവേക്, ജില്ലാ പഞ്ചായത്തംഗം വി. വേണു, ജനപ്രനിധികള്‍ വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button