KeralaLatest NewsNews

റാവുവിനെ പ്രതിക്കൂട്ടിലാക്കാനുള്ള മൻമോഹന്റെ പദ്ധതി പാളിയപ്പോൾ: ഒരു മുൻ പ്രധാനമന്ത്രി തുറന്നുകാട്ടപ്പെടുന്ന ദിവസങ്ങൾ വീണ്ടും- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

മൻമോഹൻ സിങ് ഒരു രാഷ്ട്രീയക്കാരനല്ല; അദ്ദേഹം നല്ലൊരു ഭരണകർത്താവാണോ എന്ന് ചോദിച്ചാലും ‘ യെസ് ‘ എന്ന് പൂർണ്ണമായി പറയാൻ പ്രയാസമാണ്. പിന്നെ, ഒരു എക്കണോമിസ്റ്റ് ആണ് എന്ന് സമ്മതിക്കാതെയും വയ്യ. എന്നാൽ ആ സാമ്പത്തിക വിദഗ്ദ്ധന്റെ നേതൃത്വത്തിലുള്ള ഒരു ഭരണകൂടത്തിന് കീഴിലാണ് രാജ്യം കണ്ട ഏറ്റവും ഭീകരമായ അഴിമതികൾ നടന്നത് എന്നത് അടിവരയിട്ട് പറയേണ്ടുന്ന കാര്യമാണ് താനും. അങ്ങിനെ ഒരു സംശയത്തിന്റെ നിഴലിൽ എന്നും നിന്നിട്ടുള്ള ഒരാളാണ് ആ മുൻ പ്രധാനമന്ത്രി. അദ്ദേഹം എന്തെങ്കിലും പറയുമ്പോൾ രാജ്യം അതീവ ശ്രദ്ധയോടെ ചെവികൊടുക്കാരൊന്നുമില്ല താനും. പക്ഷെ ഇപ്പോൾ ആ പ്രസ്താവനകൾ വിവരക്കേടായി മാറുമ്പോൾ ശ്രദ്ധിക്കാതെ പറ്റില്ലല്ലോ. അതാണിപ്പോൾ മൻമോഹൻ സിങ്ങിനെക്കുറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്. അതിലെ കുൽസിത ശ്രമത്തിന് പിന്നിലെ വൃത്തികെട്ട രാഷ്ട്രീയം നാമൊക്കെ തിരിച്ചറിഞ്ഞല്ലേ പറ്റൂ.

കഴിഞ്ഞ ദിവസം മൻമോഹൻ സിങ് നടത്തിയ ഒരു അഭിപ്രായ പ്രകടനം രാജ്യം ചർച്ചചെയ്യുകയാണ്. 1984- ലെ സിഖ് കൂട്ടക്കൊല സംബന്ധിച്ചാണത്; ഇന്ദിരാ ഗാന്ധി മരണമടഞ്ഞശേഷം ഡൽഹിയിൽ നടന്ന സിഖ് കൂട്ടക്കൊല. കലാപം തുടങ്ങിയപ്പോൾ തന്നെ സൈന്യത്തെ ഇറക്കാൻ ഐകെ ഗുജ്റാൾ അന്നത്തെ ആഭ്യന്തര മന്ത്രി പിവി നരസിംഹ റാവുവിനോട് ആവശ്യപ്പെട്ടു എന്നും അതിന് റാവു തയ്യാറായിരുന്നുവെങ്കിൽ വലിയ ഒരു കൂട്ടക്കൊല ഒഴിവാവുമായിരുന്നു എന്നുമാണ് മൻമോഹൻ സിങ് പറഞ്ഞത്. ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രാഥമിക പാഠങ്ങൾ അറിയുന്ന ഒരാൾക്ക് അത്തരമൊരു നിരീക്ഷണം നടത്താൻ പ്രയാസമാണ്. യഥാർഥത്തിൽ അന്ന് റാവു ആഭ്യന്തര മന്ത്രി ആയിരുന്നെങ്കിലും എല്ലാം തീരുമാനിച്ചിരുന്നത് പിഎംഓ -യിൽ നിന്നായിരുന്നു എന്നത് ആർക്കാണ് അറിയാത്തത്‌. കോൺഗ്രസിന്റെ തലപ്പത്തെ കുടുംബത്തിന്റെ ആഗ്രഹത്തിനനുസൃതമായി, അവരോട് ചേർന്ന് നിന്നിരുന്നവരാണ് ആ കൂട്ടക്കൊലക്ക് തുടക്കമിട്ടത് എന്നത് ഇപ്പോൾ ഡൽഹിയിലുള്ളവർക്കും ഏറെക്കുറെ വ്യക്തമാവുന്നുണ്ട്. കമൽനാഥിന്റെ റോൾ, ഡൽഹിയിലെ സജ്ജൻ കുമാർ, ജഗദിഷ് ടൈറ്റ്ലർ അടക്കമുള്ളവർ……… അങ്ങിനെ എന്തെല്ലാം നാം കണ്ടു. അവരെയൊക്കെ വിചാരണക്ക് വിധേയമാക്കാൻ കഴിഞ്ഞത് ഇപ്പോൾ മോഡി സർക്കാർ അധികാരത്തിലേറിയശേഷമാണ് എന്നതും മറന്നുകൂടാ. ചിലരെല്ലാം ജയിലിലായി. അതുവരെ എല്ലാ കേസുകളിലും ക്ളീൻ ചിറ്റ് കൊടുക്കുകയാണ് കോൺഗ്രസ് ഭരണകൂടങ്ങൾ ചെയ്തിരുന്നത്. കുറെയേറെ കേസുകളിൽ പുനരന്വേഷണവും വിചാരണയും നടത്താൻ കോടതി തയ്യാറായപ്പോഴാണ് യഥാർഥ പ്രതികൾ കുടുങ്ങിയത്. ആ കലാപത്തിന് പിന്നിലും മുന്നിലും നിലകൊണ്ടിരുന്ന നേതാക്കളെ വിലയിരുത്തിയാൽ മാത്രം മതി അതിൽ കോൺഗ്രസിനും അവരുടെ നേതാക്കൾക്കുമുള്ള പങ്ക് എത്രത്തോളമുണ്ട് എന്ന് വ്യക്തമാവാൻ.

ഇനി വേറൊന്ന് കൂടി; അന്ന് വെടിയേറ്റുവീണ ഇന്ദിരാ ഗാന്ധിക്ക് പ്രാഥമിക ചികിത്സ വേഗത്തിൽ ലഭ്യമാക്കാതിരുന്നത്, അവരെ അടുത്തുള്ള ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കാതിരുന്നത്, ദൂരെയുള്ള ആശുപത്രിയിലെത്തുമ്പോഴേക്ക് അവരുടെ ആരോഗ്യ സ്ഥിതി മോശമായത് ഒക്കെ പല കോണുകളിൽ നിന്നും ചർച്ചചെയ്യപ്പെട്ടതാണ്. ആരെയെങ്കിലും സംശയിച്ചിട്ടാണോ എന്നതല്ല, വീഴ്ചകൾ ഇന്ദിരാ ഗാന്ധിയുടെ വസതിയിൽ നിന്ന് തന്നെ തുടങ്ങിയിരുന്നു എന്നർത്ഥം. അതിനൊക്കെ ശേഷമാണ് സിഖുകാർക്കെതിരെയുള്ള കലാപം തുടങ്ങുന്നത്. തലയിൽ കെട്ടുള്ളവരെ കൊന്നൊടുക്കുന്ന പ്രവർത്തനമാണ് നടന്നത്. എത്രയോ നിരപരാധികളെ കൊന്നൊടുക്കി. ഇന്ത്യ കണ്ട ഏറ്റവും വലിയ വംശഹത്യയായി അതിന്നും നിലകൊള്ളുകയാണല്ലോ. ആ സിഖ് സമുദായം എന്നും രാജ്യത്തിനൊപ്പം നിലകൊണ്ടവരാണ്; രാജ്യസ്നേഹികളാണ് അവർ. മൻമോഹൻ സിങ് ആ പരമ്പരയുടെ ഭാഗമാണ്. എന്നിട്ടാണ് ഇപ്പോൾ ആ കൂട്ടക്കൊലക്ക് ഉത്തരവാദികളായ പാർട്ടിയെയും നേതാക്കളെയും വെള്ളപൂശാൻ അദ്ദേഹം ഇറങ്ങിത്തിരിക്കുന്നത്. എന്തൊരു വഞ്ചനയാണ് മൻമോഹൻ സിങ് അതിലൂടെ കാണിച്ചത്.

ഇവിടെ നാമൊക്കെ മറന്നുകൂടാത്ത ഒരു കാര്യം കൂടിയുണ്ട്; അല്ലെങ്കിൽ ഒരാളും മറക്കാൻ ഇടയില്ലാത്ത കാര്യം. “വന്മരങ്ങൾ വീഴുമ്പോൾ ഭൂമി കുലുങ്ങും ” എന്ന രാജീവ് ഗാന്ധിയുടെ വിവാദ പരസ്യ പ്രസ്താവന. അത് അദ്ദേഹം പിന്നീടും ആവർത്തിച്ചത് കണ്ടിട്ടുണ്ട്, കേട്ടിട്ടുണ്ട്. എന്താണ് അതുകൊണ്ട് ലക്ഷ്യമിട്ടത്? വ്യക്തമല്ലേ. ഒരർഥത്തിൽ ആ കൂട്ടക്കൊലയെ ന്യായീകരിക്കുകയല്ലേ രാജീവ് അന്നുചെയ്തത്? ആണ്, സംശയമില്ല. അതിനൊക്കെ ശേഷമാണ് സിഖ് സമുദായത്തിൽ ജനിച്ച്‌ സിഖുകാരന്റെ സൗജന്യം പറ്റി മുന്നോട്ട് പോയ മൻമോഹൻ ഇങ്ങനെയൊക്കെ പറയുന്നത്. ആ രാജീവ് ഗാന്ധിയുടെ കുടുംബത്തോട് അടക്കാനാവാത്ത സ്നേഹം ഉള്ളത് കൊണ്ടാവണം ഇതൊക്കെ ചെയ്തുകൂട്ടുന്നത്.

എന്താണ് ഇതിന് മൻമോഹൻ സിംഗിനെ പ്രേരിപ്പിച്ചത്? ഒരു സംശയവുമില്ല, അത് ദൽഹി നിയമസഭാ തിരഞ്ഞെടുപ്പാണ്. ഏതാനും മാസത്തിനകം ഡൽഹിയിൽ തിരഞ്ഞെടുപ്പ് നടക്കും. അനവധി സിഖ് കൊലപാതക കേസുകളിൽ ഡൽഹിയിലെ കോൺഗ്രസ് നേതാക്കൾ ഉൾപ്പെട്ടിരിക്കുന്നു; നേരത്തെ സൂചിപ്പിച്ചത് പോലെ ചിലർ ജയിലിലാണ്; ചിലരൊക്കെ ജയിലിലാവുന്ന ഘട്ടത്തിലാണ് എന്നും പറയപ്പെടുന്നു. ഇന്നിപ്പോൾ സിഖ് സമുദായം മുഴുവൻ കോൺഗ്രസിനെതിരാണ് എന്നതാണ് അവസ്ഥ. ആ പ്രതിച്ഛായ ഒന്ന് മാറ്റാൻ സോണിയ ഗാന്ധി ഇറക്കിയ തുറുപ്പ് ചീട്ടാണ് മുൻ പ്രധാനമന്ത്രിയുടെ പുറപ്പാട്. നികൃഷ്ടമായ രാഷ്ട്രീയക്കളി എന്ന് അതിനെ വിശേഷിപ്പിക്കണം. സോണിയ പരിവാറിന്റെ മേലുള്ള പാപം കഴുകിക്കളയാനായി ഒരു നുണക്കഥ ഇറക്കി നോക്കിയതാണ്. നരസിംഹ റാവുവാണ് കൂട്ടക്കൊലക്ക് ഉത്തരവാദി എന്ന് പറഞ്ഞാൽ കോൺഗ്രസും തങ്ങളുടെ പരിവാരവും രക്ഷപ്പെടുമെന്ന് സോണിയ കരുതിയിരിക്കണം. അതിനായി അവർ സിഖുകാരനായ മൻമോഹനെ രംഗത്തിറക്കുകയും ചെയ്തു. റാവുവിനോട് സോണിയ പരിവാറിനുള കലിപ്പ് ആരെയും ഇനി പറഞ്ഞു മനസിലാക്കേണ്ടതില്ലല്ലോ. എന്നാൽ അത് ഏറ്റുചൊല്ലുമ്പോൾ തന്നെ താനാക്കിയത് നരസിംഹ റാവുവാണ് എന്ന് മൻമോഹൻ സിങ് ചിന്തിക്കേണ്ടതായിരുന്നില്ലേ? റാവു ഇല്ലായിരുന്നുവെങ്കിൽ ആരാവുമായിരുന്നു മൻമോഹൻ ? ഇത്രക്ക് വലിയ അപരാധം റാവുവിനോട് ചെയ്തുകൂടായിരിന്നു, തീർച്ച.

ഇനി വേറൊന്ന് കൂടി പറഞ്ഞാലേ ഇത് പൂര്ണമാവൂ; 1991 ൽ റാവു സർക്കാരിൽ ധനമന്ത്രിയായിരിക്കെ എന്തെല്ലാം അവകാശവാദങ്ങളാണ് മൻമോഹൻ സിങ് നടത്തിയത് എന്നത് ശ്രദ്ധിക്കേണ്ടതാണ്. എല്ലാം തന്റെ കൈവെള്ളയിലാണ് എന്നദ്ദേഹം കരുതിപ്പോന്നു. എന്നാൽ അതിനിടയിൽ മൂക്കിന് കീഴിൽ കോടികളുടെ വലിയ തട്ടിപ്പ് നടക്കുന്നത് കണ്ടതുമില്ല അല്ലെങ്കിൽ അതിന് മൂക സാക്ഷിയായി നിന്നുകൊടുത്തു എന്ന് കരുതേണ്ടിവരും . സൂചിപ്പിക്കുന്നത്, ഹർഷദ് മേത്ത തട്ടിപ്പാണ്; അക്കാലത്ത്‌ തന്നെ 4,000 കോടിയുടെ തട്ടിപ്പ്. അത് സർക്കാരിനെ ചെറുതയല്ല ബാധിച്ചത്. അവസാനം അത് വിവാദമാവുകയും ധനമന്ത്രാലയം പ്രതികൂട്ടിൽ ആവുകയും ചെയ്തപ്പോൾ മന്മോഹന് പിടിച്ചുനിൽക്കുക പ്രയാസകരമായി. അത്രയേറെ വിമര്ശനമാണ് റാവുവും മന്മോഹനും കേൾക്കേണ്ടിവന്നത്. അതിനെത്തുടർന്നാണ് രാജിവെക്കാൻ മൻമോഹൻ സ്വയം തയ്യാറാവുന്നത്. രാജിക്കത്ത് പ്രധാനമന്ത്രിക്ക് കൊടുത്തു; കുറച്ചുനാൾ ഓഫീസിൽ പോയതുമില്ല. എന്നാൽ നരസിംഹ റാവു മൻമോഹനെ തിരിച്ചുവിളിച്ചു; ‘ഏല്പിച്ച ദൗത്യം പൂർത്തിയാക്കാൻ ‘ നിർദ്ദേശിച്ചു എന്നാണ് അതിനെക്കുറിച്ചു മൻമോഹൻ പിന്നീടൊരിക്കൽ പറഞ്ഞത്. അന്നും യഥാർഥത്തിൽ വീഴ്ച സംഭവിച്ചത് ധന മന്ത്രാലയത്തിനായിരുന്നു; അതിന് കീഴിൽനടന്ന തട്ടിപ്പ് മന്ത്രി അറിഞ്ഞില്ല. യുപിഎ കാലഘട്ടത്തിലും അതൊക്കെയാണ് നാം കണ്ടത്; ആദ്യമൊക്കെ ഹർഷദ് മേത്തയായിരുന്നു തട്ടിപ്പ് നടത്തിയതെങ്കിൽ യുപിഎ കാലത്ത് കോൺഗ്രസുകാർ തന്നെയായിരുന്നു എന്ന വ്യത്യാസം മാത്രം. പറഞ്ഞവന്നത് അത്രയൊക്കെയേ ‘ക്രെഡിബിലിറ്റി’ മൻമോഹൻ സിങ്ങിനുള്ളൂ എന്നതാണ്.

ഇവിടെ ഇപ്പോൾ കാണുന്നത് പരാജയപ്പെട്ട ഒരു മൻമോഹൻ സിങ്ങിനെയാണ്; പരാജയപ്പെടുക മാത്രമല്ല ആരുടേയും മുഖത്ത് നോക്കാൻ കഴിയാത്തവിധത്തിൽ തുറന്നുകാട്ടപ്പെടുന്ന ഒരു മുൻ പ്രധാനമന്ത്രിയെ. അതിലേക്ക് അദ്ദേഹത്തെ തള്ളിവിട്ട ആ സോണിയ കുടുംബത്തെ താങ്ങി നില്ക്കാൻ ഇപ്പോഴും അദ്ദേഹം തയ്യാറാവുന്നു എന്നത് ദേശീയ ദുരന്തവും.

shortlink

Related Articles

Post Your Comments

Related Articles


Back to top button