KeralaLatest NewsNews

പ്രിയ മുഖ്യമന്ത്രി, നിങ്ങൾ പോലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ്- അഡ്വ. ഹരീഷ് വാസുദേവന്‍‌

കോഴിക്കോട് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്ത അലനും താഹയും സി.പി.എം അല്ലെന്ന മുഖ്യമന്ത്രി പിണറയി വിജയന്റെ പ്രസ്താവനയ്ക്കെതിരെ അഡ്വ. ഹരീഷ് വാസുദേവന്‍‌ രംഗത്ത്. പിണറായി വിജയൻ പാർട്ടിയ്ക്കും മുകളിലാണോ എന്ന് ചോദിച്ച അദ്ദേഹം പാര്‍ട്ടി അംഗമായ ഒരാളെ പോലീസ് ‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചുഅറസ്റ്റ് ചെയ്താൽ പാർട്ടിക്കാർ ആര് പറയുന്നതാണ് വിശ്വസിക്കുകയെന്നും ചോദിച്ചു.

അംഗത്തേക്കാൾ പോലീസിനെ വിശ്വസിക്കാനുള്ള മണ്ടത്തരം ഒരു പാർട്ടി ഘടകവും കാണിക്കില്ല. കോഴിക്കോട്ടെ സി.പി.എം ജില്ലാ സെക്രട്ടറി നേരിൽ അലനെ പോയി കണ്ടു, സംസാരിച്ചു, കള്ളക്കേസ് ആണെന്ന് ബോധ്യപ്പെട്ടു, നിയമസഹായം ഏർപ്പാടാക്കി, ആ അംഗത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിച്ചു. പാർട്ടിയിലെ സമുന്നത നേതാക്കൾ വീട്ടുകാരെ വിളിച്ചു ഐകദാർഢ്യം പറഞ്ഞു. UAPA എന്ന കരിനിയമത്തിനെതിരെ CPIM എടുത്ത നിലപാട് ഊട്ടി ഉറപ്പിക്കുന്നതാണ് കോഴിക്കോട് സംഭവം.

“പാർട്ടിക്കാരല്ല, മാവോയിസ്റ്റുകളാണ് എന്നു തെളിഞ്ഞു കഴിഞ്ഞല്ലോ” എന്നു പരസ്യമായി പറയാൻ പിണറായി വിജയന് കഴിയുന്നുണ്ടെങ്കിൽ അത് നിലവിൽ പിണറായി വിജയൻ ഈ പാർട്ടി ഉണ്ടാക്കിയ എല്ലാ സിസ്റ്റങ്ങൾക്കും മുകളിൽ ആയതുകൊണ്ട് മാത്രമാണെന്നും ഹരീഷ് പറഞ്ഞു.

പോലീസ് വകുപ്പില്‍ പിണറായി വിജയന്‍ ഒരു പരാജയം ആണെന്ന് മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ് എന്നാണ് നിങ്ങൾ പരസ്യമായി പറയുന്നത്. നിങ്ങൾക്ക് അക്കൗണ്ടബിലിറ്റി വേണ്ടത് നിങ്ങളെ നിങ്ങളാക്കിയ ജനങ്ങളോടും പാർട്ടിയോടും മുന്നണിയോടും ആണ്. പൊലീസുകാരോട് അല്ല. ആ പോലീസ് വിധേയത്വം ഏത് കാരണത്താൽ ആണെങ്കിലും, അത് ജനാധിപത്യത്തിൽ അപകടകരമായ കീഴ്വഴക്കമാണെന്നും ഹരീഷ് ഓര്‍മ്മിപ്പിക്കുന്നു.

ഹരീഷ് വാസുദേവന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

പിണറായി വിജയൻ പാർട്ടിയ്ക്കും മുകളിലോ?

CPIM അംഗമായ ഒരാളെ പോലീസ് ‘മാവോയിസ്റ്റ് ബന്ധം’ ആരോപിച്ചുഅറസ്റ്റ് ചെയ്താൽ പാർട്ടിക്കാർ ആര് പറയുന്നതാണ് വിശ്വസിക്കുക? പാർട്ടി അംഗമോ പൊലീസോ? അംഗത്തേക്കാൾ പോലീസിനെ വിശ്വസിക്കാനുള്ള മണ്ടത്തരം ഒരു പാർട്ടി ഘടകവും കാണിക്കില്ല. പോലീസിന്റെ വർഗ്ഗ സ്വഭാവത്തെപ്പറ്റി നല്ല ധാരണയുള്ളവരാണ് ഓരോ CPIM പാർട്ടി അംഗവും.

കോഴിക്കോട് രണ്ട് ചെറുപ്പക്കാരെ പോലീസ് അറസ്റ്റ് ചെയ്തത് മാവോയിസ്റ്റ് ബന്ധം ആരോപിച്ചാണ്. അവർ മാവോയിസ്റ്റുകൾ ആണെന്ന് പൊലീസിന് പോലും ഒരു കേസില്ല !! മാവോയിസ്റ്റ്കാരനായ മൂന്നാമനെ, ഉസ്മാനെ ഇവർക്ക് അറിയാം, ഇവരുടെ കയ്യിൽ നിന്ന് ലഘുലേഖ പിടിച്ചെടുത്തു, മാവോയിസ്റ്റ് പ്രവർത്തനത്തിന് പിന്തുണ നൽകി എന്നത് മാത്രമാണ് പോലീസിന്റെയും കേസ്. കോഴിക്കോട്ടെ CPIM ജില്ലാ സെക്രട്ടറി നേരിൽ അലനെ പോയി കണ്ടു, സംസാരിച്ചു, കള്ളക്കേസ് ആണെന്ന് ബോധ്യപ്പെട്ടു, നിയമസഹായം ഏർപ്പാടാക്കി, ആ അംഗത്തിന്റെ വീട്ടുകാരെ ആശ്വസിപ്പിച്ചു. പാർട്ടിയിലെ സമുന്നത നേതാക്കൾ വീട്ടുകാരെ വിളിച്ചു ഐകദാർഢ്യം പറഞ്ഞു. UAPA എന്ന കരിനിയമത്തിനെതിരെ CPIM എടുത്ത നിലപാട് ഊട്ടി ഉറപ്പിക്കുന്നതാണ് കോഴിക്കോട് സംഭവം.

എനിക്കീ കേസിലെ അലനെ നേരിട്ടറിയാം. അലൻ മാവോയിസ്റ്റ് ആണോ CPIM മെമ്പറാണോ എന്നു പ്രാഥമികമായി തീരുമാനിക്കേണ്ടത് അലൻ അംഗമായ ബ്രാഞ്ച് ആണ്. അലൻ മാവോയിസ്റ്റ് ആണെന്നും പുറത്താക്കണമെന്നും ബ്രാഞ്ചിലെ ആർക്കെങ്കിലും പരാതി ഉണ്ടോ? അത് മുഖവിലയ്ക്ക് എടുക്കാൻ ബ്രാഞ്ച് തീരുമാനിച്ചോ? അലന് ബ്രാഞ്ച് കമ്മിറ്റി നോട്ടീസ് നൽകിയോ? കാരണം കാണിക്കാൻ ആവശ്യപ്പെട്ടോ? അലന്റെ വിശദീകരണം കേട്ടോ? വിശദീകരണം തൃപ്തികരമല്ല എന്നു കണ്ടോ? അലനെ പാർട്ടി ബ്രാഞ്ചിൽ നിന്ന് പുറത്താക്കിയോ? ഇതുവരെ ഇല്ല എന്നാണറിവ്. താഹയുടെ കാര്യത്തിലും അങ്ങനെ തന്നെയെന്ന് കരുതുന്നു. അതുകൊണ്ടായിരിക്കണമല്ലോ പോളിറ്റ് ബ്യുറോ ഈ കേസിനെപ്പറ്റി പിണറായി വിജയനോട് അന്വേഷിച്ചത്. ആ വാർത്ത ഇതുവരെ പിണറായി വിജയൻ തള്ളിപ്പറഞ്ഞതായി കണ്ടുമില്ല.

അംഗമായ ബ്രാഞ്ചു മുതൽ ജില്ലാ കമ്മിറ്റി വരെ പാർട്ടി അംഗങ്ങളെ വിശ്വസിക്കുമ്പോൾ, അവരുടെ ഭാഗം കേൾക്കാതെ ഏകപക്ഷീയമായി വിധി പറയുകയാണ് പിണറായി വിജയൻ. “അവർ മാവോയിസ്റ്റുകളാണെന്നു തെളിഞ്ഞു കഴിഞ്ഞല്ലോ. അവർ CPIM പ്രവർത്തകരല്ല” എന്ന് !!

എപ്പോ ആര് തെളിയിച്ചെന്ന് !! എവിടെ തെളിയിച്ചെന്ന് !! എങ്ങനെ തെളിയിച്ചെന്ന് !!

പോലീസ് വന്നു മുഖ്യമന്ത്രിയുടെ ചെവിയിൽ പറഞ്ഞു കാണും, അവർ മാവോയിസ്റ്റുകളാണ് എന്ന്. തെളിവും കൊടുത്തു കാണും. എന്നാൽ പക്ഷെ ആ തെളിവൊന്നും പോലീസ് കോടതിയിൽ പോലും കൊടുത്തിട്ടില്ല !!
കാരണം ജാമ്യപേക്ഷ പരിഗണിക്കവേ, “ഇവർ പ്രഥമദൃഷ്ട്യ കുറ്റക്കാർ ആണെന്നതിനു തെളിവുണ്ട്” എന്നു സാധാരണ UAPA കേസുകളിൽ പറയുന്ന കോടതി ഈ കേസിൽ അങ്ങനെ പറഞ്ഞില്ല എന്നത് ശ്രദ്ധേയമാണ്. “പ്രഥമദൃഷ്‌ട്യാ അന്വേഷണം തുടരാനുള്ള തെളിവുണ്ട്. ഫോൺ തെളിവുകൾ പരിശോധിക്കപെടുന്നേയുള്ളൂ. അതുകൊണ്ട് ഈ സ്റ്റേജിൽ ജാമ്യം നൽകാനാവില്ല” എന്നാണ് പറഞ്ഞത്. നിയമത്തിന്റെ കണ്ണിൽ ഇത് രണ്ടും തമ്മിൽ വലിയ അന്തരമുണ്ട്. പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനാണ് എന്നു പറഞ്ഞാൽപ്പോലും മാവോയിസ്റ്റാണെന്നു അർത്ഥമില്ല. അങ്ങനെ പോലും തെളിയിക്കാൻ പൊലീസിന് പോലും പറ്റാത്ത കേസിലാണ് പിണറായി വിജയന് “അതെല്ലാം തെളിഞ്ഞു കഴിഞ്ഞല്ലോ” എന്നു വിധി പറയാൻ തോന്നുന്നത്… !!

പാർട്ടിയുടെ എല്ലാ ഘടകങ്ങളും കൂടെ നിൽക്കുന്ന പാർട്ടി അംഗങ്ങളെ, തെളിവിന്റെയോ സാമാന്യനീതിയുടെയോ ഒരു കണിക പോലും കൂടാതെ, “പാർട്ടിക്കാരല്ല, മാവോയിസ്റ്റുകളാണ് എന്നു തെളിഞ്ഞു കഴിഞ്ഞല്ലോ” എന്നു പരസ്യമായി പറയാൻ പിണറായി വിജയന് കഴിയുന്നുണ്ടെങ്കിൽ അത് നിലവിൽ പിണറായി വിജയൻ ഈ പാർട്ടി ഉണ്ടാക്കിയ എല്ലാ സിസ്റ്റങ്ങൾക്കും മുകളിൽ ആയതുകൊണ്ട് മാത്രമാണ്. അംഗങ്ങളുടെ തെറ്റും ശരിയും അന്വേഷണങ്ങളിലൂടെ കണ്ടെത്തി തിരുത്തുന്ന പാർട്ടിയുടെ ആ സിസ്റ്റത്തോട് ലവലേശം ബഹുമാനം ഇല്ലാത്തത് കൊണ്ടാണ്.. അല്ലെങ്കിൽ, താൻ വളർന്നുവന്ന പാർട്ടി സിസ്റ്റത്തേക്കാൾ ഏറെ പിണറായി വിജയന് ഇപ്പോൾ വിശ്വാസം ഇന്നലെക്കണ്ട പോലീസിന്റെ സിസ്റ്റത്തെ ആയതുകൊണ്ടാണ്. അല്ലാതെന്താണ്??

പ്രിയ മുഖ്യമന്ത്രി, നിങ്ങൾ പോലീസ് വകുപ്പിലൊരു പരാജയമാണ് എന്നു മാത്രമല്ല, കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് എന്ന നിലയ്ക്കും ഒരു പരാജയമാണ് എന്നാണ് നിങ്ങൾ പരസ്യമായി പറയുന്നത്. നിങ്ങൾക്ക് അക്കൗണ്ടബിലിറ്റി വേണ്ടത് നിങ്ങളെ നിങ്ങളാക്കിയ ജനങ്ങളോടും പാർട്ടിയോടും മുന്നണിയോടും ആണ്.
പൊലീസുകാരോട് അല്ല. ആ പോലീസ് വിധേയത്വം ഏത് കാരണത്താൽ ആണെങ്കിലും, അത് ജനാധിപത്യത്തിൽ അപകടകരമായ കീഴ്വഴക്കമാണ്.

അഡ്വ.ഹരീഷ് വാസുദേവൻ.

shortlink

Related Articles

Post Your Comments

Related Articles


Back to top button