Latest NewsNewsInternational

ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിന് ബ്രിട്ടനില്‍ സാധ്യതയില്ല: പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍•ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശനിയാഴ്ച ലണ്ടനിലെ സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു. സ്വാമി നാരായണ്‍ വിഭാഗത്തിന്‍റെ തലവനായ സ്വാമി മഹാരാജിന്‍റെ 98ാം ജന്മദിനമായിരുന്നു ശനിയാഴ്ച. ഈ അവസരത്തിലാണ് പ്രധാനമന്ത്രി ജോണ്‍സന്റെ ക്ഷേത്ര സന്ദര്‍ശനം.

‘ഈ രാജ്യത്ത് (ബ്രിട്ടന്‍) വംശീയതയ്ക്കോ ഇന്ത്യാ വിരുദ്ധ അന്തരീക്ഷത്തിനോ സാധ്യതയില്ല’ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. അദ്ദേഹം ‘ഹിന്ദു വിരുദ്ധ’, ‘ഇന്ത്യന്‍ വിരുദ്ധ’ വികാരങ്ങള്‍ പരാമര്‍ശിക്കുകയും അതില്‍ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു.

‘എല്ലാ സാഹചര്യങ്ങളിലും ഞങ്ങള്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യന്‍ സമൂഹത്തെ സംരക്ഷിക്കും. പരസ്പര തര്‍ക്കങ്ങളില്‍ നിന്ന് ഉണ്ടാകുന്ന തരത്തിലുള്ള വിവേചനങ്ങളും ആശങ്കകളും മുന്‍വിധികളും ഞങ്ങള്‍ അനുവദിക്കില്ല.’ അദ്ദേഹം മാധ്യമങ്ങളുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ബ്രിട്ടന്‍റെ ജിഡിപിയില്‍ 6.5 ശതമാനം ഇന്ത്യന്‍ സമൂഹത്തിന്‍റെ പങ്കാളിത്തം പ്രധാനമന്ത്രി ജോണ്‍സണ്‍ പ്രത്യേകം പരാമര്‍ശിച്ചു.

ബ്രിട്ടന്‍റെ ജിഡിപിയെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്, യൂറോപ്യന്‍ യൂണിയന് (ഇ.യു) പ്രത്യേക പരിഗണന നല്‍കുന്ന വിസ ചട്ടങ്ങളിലെ വിവേചനം തന്‍റെ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. യൂറോപ്യന്‍ യൂണിയന്‍ സംവിധാനത്തിനു പകരം, ഓസ്‌ട്രേലിയയെപ്പോലെ 2021-ന്റെ തുടക്കത്തില്‍ യുകെയില്‍ പോയിന്‍റ് അധിഷ്ഠിത ഇമിഗ്രേഷന്‍ സംവിധാനം നടപ്പാക്കും.

എല്ലാവര്‍ക്കും ഒരേ ഇമിഗഷ്രേന്‍ നിയമം ബാധകമാക്കുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. ആളുകള്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നോ മറ്റെവിടെ നിന്നോ വന്നവരാണെങ്കിലും ഈ നിയമം ബാധകമാണ്. ഇന്ത്യയിലെ ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവര്‍ക്കായി പ്രത്യേക ഫാസ്റ്റ് ട്രാക്ക് വിസകള്‍ ഏര്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്, അതിലൂടെ രണ്ടാഴ്ചയ്ക്കുള്ളില്‍ ആളുകള്‍ക്ക് വിസ ലഭിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സൗഹാര്‍ദ്ദപരമായ ബന്ധത്തെക്കുറിച്ച് ജോണ്‍സണ്‍ പരാമര്‍ശിച്ചു. ‘പ്രധാനമന്ത്രി മോദി ഒരു പുതിയ ഇന്ത്യ കെട്ടിപ്പടുക്കുകയാണെന്ന് ഞങ്ങള്‍ക്കറിയാം, ബ്രിട്ടനില്‍ ആവശ്യമായ എല്ലാ ശ്രമങ്ങള്‍ക്കും ഞങ്ങള്‍ സഹായിക്കും. ഭൂരിപക്ഷത്തോടെ വിജയിച്ചാല്‍ എത്രയും വേഗം ഇന്ത്യ സന്ദര്‍ശിക്കുമെന്നും അതിനാല്‍ ഇന്ത്യയുമായുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും ജോണ്‍സണ്‍ പറഞ്ഞു.

ഡിസംബര്‍ 12 ന് ബ്രിട്ടനില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കുകയാണ്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ അത് ‘പരിഭ്രാന്തി, കാലതാമസം, മുരടിപ്പ്’ എന്നീ അന്തരീക്ഷത്തില്‍ നിന്ന് ബ്രിട്ടനെ പൂര്‍ണമായും മോചിപ്പിക്കുമെന്നതാണ് പ്രധാനമന്ത്രി ജോണ്‍സന്‍റെ ഏകീകൃത അജണ്ട. ജനുവരി 31 ന് ബ്രക്സിറ്റ് പൂര്‍ത്തിയാകുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. ഇതിനുശേഷം, ബ്രിട്ടനിലേക്ക് വരുന്ന ഓരോ മനുഷ്യര്‍ക്കുമിടയില്‍ തുല്യതയും നീതിയും ഞങ്ങള്‍ ഉറപ്പാക്കും. ഇന്ത്യയില്‍ നിന്നോ മറ്റേതെങ്കിലും ഉപഭൂഖണ്ഡത്തില്‍ നിന്നോ ബ്രിട്ടനിലേക്ക് വരുന്ന ആളുകള്‍ക്ക് വിവേചനത്തിന് ഇടമുണ്ടാകില്ല.

പ്രധാനമന്ത്രി ജോണ്‍സണ്‍ തന്‍റെ പങ്കാളി കാരി സിമോണ്ടിനൊപ്പമാണ് സ്വാമി നാരായണ്‍ ക്ഷേത്രം സന്ദര്‍ശിച്ചത്. പിങ്ക് സാരിയാണ് സിമോണ്ട് ധരിച്ചിരുന്നത്. ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലും അവര്‍ക്കൊപ്പമുണ്ടായിരുന്നു. ക്ഷേത്രം സന്ദര്‍ശിക്കുമ്പോള്‍ പ്രധാനമന്ത്രി ജോണ്‍സണൊപ്പം ബോബ് ബ്ലാക്ക്മാന്‍, ലോര്‍ഡ് പോപാറ്റ്, ലോര്‍ഡ് റേഞ്ചര്‍, ശൈലേഷ് വര എന്നിവരുള്‍പ്പടെ ഇന്ത്യന്‍ സമൂഹത്തിലെ പ്രഭുക്കന്മാരും, എംപിമാരും ഉണ്ടായിരുന്നു.

മൊയ്തീന്‍ പുത്തന്‍‌ചിറ

shortlink

Related Articles

Post Your Comments

Related Articles


Back to top button