KeralaLatest NewsNews

പ്രണയവിവാഹത്തിന് തടയിടാന്‍ യുവതിയെ മാനസികരോഗിയാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുകാര്‍

കൊച്ചി: പ്രണയ വിവാഹത്തിന് തടയിടാന്‍ യുവതിയെ മാനസികരോഗിയാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ച് വീട്ടുകാര്‍. യുവതിക്ക് ചികിത്സ നല്‍കണമെന്നും പറഞ്ഞ് ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മജ്‌സിട്രേറ്റ് കോടതി ചികിത്സയ്ക്ക് ഉത്തരവിടുകയും ചെയ്തു. ഇത് വ്യാജമാണെന്ന് തെളിഞ്ഞതോടെ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. മതിയായ തെളിവുകളില്ലാതെയാണ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ഇത് ഗുരുതരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ചേര്‍ത്തല സ്വദേശികളായ പ്രസാദും ശാലിനിയുമായി ഇഷ്ടത്തിലായിരുന്നു. ഇവര്‍ ഒളിച്ചോടി വിവാഹം കഴിച്ചതിനെത്തുടര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയെന്നാരോപിച്ച് വീട്ടുകാര്‍ പരാതി നല്‍കി. വ്യാജ പരാതിയെന്ന് കണ്ടതിനെ തുടര്‍ന്ന് കേസ് എഴുതിത്തള്ളി. പിന്നാലെയാണ് യുവതിക്ക് മാനസികരോഗമാണെന്ന് വ്യക്തമാക്കി വീട്ടുകാര്‍ ആലപ്പുഴ ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ കൗണ്‍സലിംഗില്‍ ഡോക്ടറേറ്റുള്ള ഒരാളുടെ സര്‍ട്ടിഫിക്കറ്റ് സഹിതം പരാതി നല്‍കിയതും ഉത്തരവുണ്ടായതും. ഇതിനെ ചോദ്യം ചെയ്താണ് പ്രസാദും ഭാര്യയും ഹൈക്കോടതിയെ സമീപിച്ചത്.

യുവതിക്ക് മാനസിക രോഗമുണ്ടെന്ന് പറഞ്ഞ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാകട്ടെ കൗണ്‍സിലിംഗില്‍ ഡോക്ടറേറ്റുയാളും. ഇയാള്‍ ഡോക്ടറോ സൈക്യാട്രിസ്റ്റോ അല്ലെന്നിരിക്കെ മനോരോഗമുണ്ടെന്ന് എങ്ങനെ വിലയിരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. നിയമ വിരുദ്ധവും യുക്തി രഹിതവുമായ ഉത്തരവ് ഭരണഘടന ഉറപ്പു നല്‍കുന്ന അന്തസോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത സംരക്ഷിക്കാനുള്ള അവകാശം എന്നിവയിലുള്ള കടന്നു കയറ്റമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. യുവതിക്ക് നല്ല ബുദ്ധിയും ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുമുണ്ടെന്ന വസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാകും. സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തിയുള്ള ഇവരെക്കുറിച്ച് ജോലി ചെയ്ത സ്ഥാപനത്തില്‍ നിന്നും നല്ല അഭിപ്രായമാണ് ലഭിച്ചത്. യുവതിക്ക് മാനസിക രോഗമുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് വിശ്വസനീയമല്ലെന്നും കോടതി വ്യക്തമാക്കി.

വീട്ടുകാര്‍ മറ്റൊരു വിവാഹം ഉറപ്പിക്കുന്നതിനിടെയാണ് യുവതി ഹര്‍ജിക്കാരനൊപ്പം പോയത്. ബന്ധുക്കള്‍ കല്യാണം അസാധുവാക്കാനാണ് കോടതിയില്‍ പരാതി നല്‍കിയത്. വിവാഹം റദ്ദാക്കണമെങ്കില്‍ ഭാര്യയോ ഭര്‍ത്താവോ പരാതി നല്‍കണം. പുറമേ നിന്നുള്ളവര്‍ക്ക് ഇതില്‍ ഇടപെടാനാവില്ല. യുവതിക്കെതിരെ പൊലീസിന്റെ റിപ്പോര്‍ട്ടില്ല. ഇക്കാരണങ്ങളാല്‍ മജിസ്‌ട്രേട്ട് കോടതിയുടെ ഉത്തരവ് നിയമവിരുദ്ധവും കേസ് നിയമ നടപടികളുടെ ദുരുപയോഗവുമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button