Life Style

പൊള്ളലേറ്റാല്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൊള്ളലേറ്റാല്‍ എല്ലാവര്‍ക്കും പരിഭ്രമമാണ്. പൊള്ളലേറ്റയാള്‍ക്ക് നല്‍കേണ്ട പ്രാഥമിക ശുശ്രൂഷകള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ല. അപകടസാധ്യതകള്‍ പരിഗണിച്ച് ഏറെ കരുതലും ശ്രദ്ധയുമുള്ള പരിചരണം വേണം പൊള്ളലേറ്റയാള്‍ക്ക് നല്‍കേണ്ടത്.

തീ, രാസ വസ്തുക്കള്‍, വൈദ്യുതി, റേഡിയേഷന്‍, തിളക്കുന്ന എണ്ണ, ചൂടുള്ള ആവി, ചൂടുള്ള ദ്രാവകങ്ങള്‍ എന്നിവയെല്ലാം പൊള്ളലുണ്ടാക്കും. പൊള്ളലിന്റെ തീവ്രത അനുസരിച്ച് കൃത്യമായ ചികിത്സ നല്‍കിയില്ലെങ്കില്‍ ജീവന്‍ വരെ അപകടത്തിലാകാന്‍ സാധ്യതയുണ്ട്.

അവയവങ്ങളെ എത്രത്തോളം ബാധിച്ചു തുടങ്ങി, ചര്‍മ്മത്തില്‍ എത്ര ആഴത്തില്‍ പൊള്ളലേറ്റു എന്നിവയുടെ അടിസ്ഥാനത്തില്‍ പൊള്ളലിനെ മൂന്നായി തരം തിരിച്ചാണ് ചികിത്സ നടത്തുന്നത്. ടൈപ്പ് 1 പൊള്ളലാണെങ്കില്‍ ആദ്യം തീയുടെ അടുത്ത് നിന്നും രോഗിയെ മാറ്റണം. വസ്ത്രങ്ങളില്‍ തീ പിടിച്ചിട്ടുണ്ടെങ്കില്‍ അത് ഉടന്‍ അഴിച്ചു മാറ്റണം. പൊള്ളലേറ്റ ഭാഗത്ത് വെള്ളമൊഴിച്ച് നനവ് ഉണങ്ങിയ ശേഷം രോഗാണു വിമുക്തമായ എന്തെങ്കിലും ക്രീം പുരട്ടുകയോ ചെയ്യണം.

കുറച്ചു കൂടി ആഴത്തിലുള്ള പൊള്ളലാണ് ടൈപ്പ് 2. വീക്കം, ചുവപ്പ് നിറം, വേദന എന്നിവയ്ക്ക് പുറമെ തൊലിപ്പുറത്ത് വെള്ളംപോലുള്ള ദ്രാവകം നിറഞ്ഞ കുമിളകള്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഒരു പാത്രത്തില്‍ വെള്ളമെടുത്ത് പൊള്ളലേറ്റ ഭാഗത്ത് ധാര ധാരയായി ഒഴിക്കണം. നനവ് ഉണങ്ങിയതിന് ശേഷം രോഗാണു നാശകമായ ക്രീം പുരട്ടണം. രോഗാണു ബാധ ഉണ്ടാകാതിരിക്കാന്‍ പൊള്ളലേറ്റ ഇടം മൂടി വെയ്ക്കുന്നതും നല്ലതാണ്.

ആഴമേറിയതും രോഗിയുടെ ജീവന് തന്നെ അപകടമുള്ളതുമായ പൊള്ളലാണ് ടൈപ്പ് 3. ഇതില്‍ വേദനയോ, കുമിളയോ, വീക്കമോ ഉണ്ടാകാറില്ല. ചര്‍മ്മം പരുപരുത്തതും വട്ടം കെട്ടിയതു പോലെയും കരിഞ്ഞതു പോലെയും കാണപ്പെടുന്നു. പൊള്ളലേറ്റ ആളെ കമ്ബിളി കൊണ്ട് മൂടണം. വസ്ത്രങ്ങള്‍ പതിയെ അഴിച്ചു മാറ്റണം. അഴിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മുറിച്ചു മാറ്റാന്‍ നോക്കണം. വസ്ത്രം മാറ്റുമ്‌ബോള്‍ ചര്‍മ്മത്തില്‍ ഒട്ടിപ്പിടിച്ചിട്ടുണ്ടെങ്കില്‍ അത് ഒരിക്കലും പിടിച്ചു വലിക്കരുത്. തീ പിടിച്ച വസ്ത്രങ്ങളുമായി രോഗി പരിഭ്രമിച്ച് ഓടരുത്.

നെയ്യ്, വെണ്ണ, പൗഡര്‍ എന്നിവയൊന്നും പൊള്ളലേറ്റ ഭാഗത്ത് പുരട്ടരുത്. ഇത് ഗുണത്തേക്കാളേറെ ദോഷം മാത്രമെ ചെയ്യൂ. ഒട്ടിപ്പിടിക്കുന്ന തരം പഞ്ഞിയോ ചര്‍മ്മത്തില്‍ ഒട്ടുന്ന രീതിയിലുള്ള ബാന്‍ഡേജുകളോ ഒട്ടിക്കാതിരിക്കാനും ശ്രദ്ധിക്കണം. തീപ്പൊള്ളലേറ്റ് ഉണ്ടാകുന്ന കുമിളകള്‍ക്ക് മുകളില്‍ ഉരയ്ക്കുകയോ കുത്തിപ്പൊട്ടിക്കുകയോ ചെയ്യരുത്. കുമിള പൊട്ടിച്ചാല്‍ രോഗാണു ബാധ ഉണ്ടാവാന്‍ സാധ്യത കൂടുതലാണ്. പൊള്ളലേറ്റാല്‍ പരിഭ്രമിക്കാതെ ഏറെ കരുതലോടെ രോഗിയ്ക്ക് ശ്രൂശൂഷ നല്‍കാന്‍ ശ്രദ്ധിക്കണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button