KeralaLatest NewsNews

തടങ്കൽ പാളയം: മറ്റ് സംസ്ഥാനങ്ങളെ പോലെ നിവർന്നു നിന്ന് നിരസിക്കാൻ പിണറായി സർക്കാർ എന്തുകൊണ്ട് തയ്യാറാകുന്നില്ല? മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ എം ഷാജി

കണ്ണൂര്‍: സംസ്ഥാനങ്ങളില്‍ തടങ്കൽ പാളയങ്ങൾ (ഡിറ്റൻഷൻ ക്യാമ്പുകൾ) നിര്‍മ്മിക്കണമെന്ന കേന്ദ്ര നിര്‍ദ്ദേശത്തോട് കേരള സര്‍ക്കാര്‍ എങ്ങനെയാണ് പ്രതികരിച്ചതെന്ന ചോദ്യവുമായി കെ എം ഷാജി എംഎല്‍എ രംഗത്ത്. തടങ്കൽ പാളയം നിർമ്മിക്കാനുള്ള കേന്ദ്രത്തിന്‍റെ ആജ്ഞ മറ്റ് സംസ്ഥാനങ്ങളെ പോലെ നിവർന്നു നിന്ന് നിരസിക്കാൻ കേരളം ഇതുവരെ തയ്യാറായിട്ടില്ലെന്നും ഭരണഘടനാ വിരുദ്ധമായ ബില്ലിനെതിരെ നിലപാടെടുക്കാതെ തെരുവുകളിൽ മാത്രം ശബ്ദഘോഷണം നടത്തുന്നത് എങ്ങനെയാണ് ആത്മാർത്ഥമായ നിലപാടാവുന്നതെന്നും ഷാജി ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിച്ചു. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പോലും അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് പറഞ്ഞിട്ടും പിണറായി വിജയൻ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടികാട്ടി.

കുറിപ്പിന്റെ പൂർണരൂപം

സിഎഎ/എൻആർസി വിഷയത്തിൽ സംസ്ഥാന ഗവൺമെന്റ് ഭരണപരമായ അവരുടെ ഉത്തരവാദിത്വം നിർവ്വഹിക്കേണ്ടതുണ്ട്. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെ പോലും അസമിലെ പോലെ ഡിറ്റൻഷൻ ക്യാമ്പുകൾ തന്റെ സംസ്ഥാനത്ത് ഉണ്ടാവില്ലെന്ന് വളരെ സ്പഷ്ടമായി പറഞ്ഞിരിക്കുന്നു.എന്ത് കൊണ്ട് ഇത്തരത്തിൽ പൗരത്വ രജിസ്റ്റർ നിയമത്തിനെതിരെ ഗവൺമെന്റ് കൈ കൊണ്ട നടപടികളെക്കുറിച്ചുള്ള ഒരു ഔദ്യോഗിക വിശദീകരണം കേരളത്തിലെ ജനങ്ങൾക്ക് നൽകാൻ പിണറായി വിജയൻ ഗവൺമെന്റിന് സാധിക്കുന്നില്ല?

ഒരു സംസ്ഥാനത്ത് ചുരുങ്ങിയത് ഒരു തടങ്കൽ പാളയമെങ്കിലും നിർമ്മിക്കണമെന്നാണ് കഴിഞ്ഞ ജനുവരിയിൽ കേന്ദ്രം ആവശ്യപ്പെട്ടത്. പൗരത്വം തെളിയിക്കാൻ പറ്റാത്ത മനുഷ്യർ അവിടേക്ക് വലിച്ചെറിയപ്പെടുമെന്നുറപ്പ്. ഈ ഡിറ്റൻഷൻ കേന്ദ്രങ്ങളുടെ പുരോഗതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിരന്തരം സംസ്ഥാന ഗവൺമെന്റുകളെ ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണറിവ്. ഇക്കാര്യത്തിൽ സംസ്ഥാന ഗവൺമെന്റിന് ലഭിച്ച കത്തിൽ അവർ കേന്ദ്രത്തിന് എന്ത് മറുപടിയാണ് നൽകിയിരിക്കുന്നത്?

തടങ്കൽ പാളയം നിർമ്മിക്കാനുള്ള കേന്ദ്രത്തിന്റെ ആജ്ഞ മറ്റ് സംസ്ഥാനങ്ങളെ പോലെ നിവർന്നു നിന്ന് നിരസിക്കാൻ ഏതായാലും കേരളം തയ്യാറായിട്ടില്ല. ഭരണഘടനയോട് കൂറ് പുലർത്തുന്ന ഗവൺമെന്റ് എന്ന രീതിയിൽ കേന്ദ്രത്തോട് തങ്ങളുടെ നിലപാട് തുറന്ന് പ്രഖ്യാപിക്കാൻ സംസ്ഥാന ഗവൺമെന്റിന് എന്താണ് തടസ്സം ? സഹോദരങ്ങൾക്കുള്ള തടവറ നിർമ്മാണം സാധ്യമല്ലെന്ന് ഈ ഭരണഘടനാ വിരുദ്ധമായ ബില്ലിനെതിരെ നിലപാടെടുക്കാതെ തെരുവുകളിൽ മാത്രം ശബ്ദഘോഷണം നടത്തുന്നത് എങ്ങനെയാണ് ആത്മാർത്ഥമായ നിലപാടാവുന്നത്.

ഇക്കാര്യങ്ങൾ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി എന്നിവർക്ക് വിവരാവകാശ നിയമപ്രകാരം നോട്ടീസ് അയച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button