KeralaLatest NewsNews

ആകാശ വിസ്മയം ദൃശ്യമായി തുടങ്ങി; വലയ സൂര്യഗ്രഹണം ആരംഭിച്ചു : സൂര്യനെ നേരിട്ട് നോക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: ആകാംഷയോടെ കാത്തിരുന്ന വലയ സൂര്യഗ്രഹണം ദൃശ്യമായി തുടങ്ങി. ഒന്‍പതരയോടെ വലയ ഗ്രഹണം പൂര്‍ണ്ണമായി ദൃശ്യമാകും. സൗദി അറേബ്യ മുതല്‍ പടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഗുവാം വരെയുള്ള പ്രദേശങ്ങളിലാണ് വലയ സൂര്യഗ്രഹണം ദൃശ്യമാകുക. തെക്കന്‍ കര്‍ണ്ണാടകത്തിലും, വടക്കന്‍ കേരളത്തിലും, മദ്ധ്യതമിഴ്‌നാട്ടിലും ഇന്ത്യയില്‍ വലയ ഗ്രഹണം ദൃശ്യമാകും.

Read Also : സൗദിയിലും സൂര്യഗ്രഹണം കാണാനാകും; നഗ്ന നേത്രങ്ങള്‍കൊണ്ട് സൂര്യനെ നോക്കരുതെന്ന് മുന്നറിയിപ്പുമായി മന്ത്രാലയം

രാവിലെ എട്ട് മണിയോടെയാണ് കേരളത്തില്‍ ഗ്രഹണം കണ്ട് തുടങ്ങിയത്. ഒമ്പതരയോടെ വലയ ഗ്രഹണം പാരമ്യത്തിലെത്തും. പതിനൊന്നരയോടെ ഗ്രഹണം അവസാനിക്കും. കേരളത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ വലയസൂര്യഗ്രഹണമായും തെക്കന്‍ ഭാഗങ്ങളില്‍ ഭാഗിക ഗ്രഹണമായും ഈ അപൂര്‍വ്വ പ്രതിഭാസം കാണാന്‍ കഴിയും. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെയും പാലക്കാടിന്റെയും ഭൂരിഭാഗം പ്രദേശങ്ങളിലും വലയ ഗ്രഹണം പൂര്‍ണ്ണ തോതില്‍ ആസ്വദിക്കാം, തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ ഭാഗിക ഗ്രഹണമായിരിക്കും കാണാനാവുക. കേരളത്തില്‍ ഏതൊരിടത്തും സൂര്യബിംബത്തിന്റെ 87 – 93 ശതമാനം വരെയും മറയും.

ഒരു കാരണവശാലും നഗ്‌നനേത്രങ്ങള്‍ കൊണ്ട് സൂര്യഗ്രഹണം കാണുവാന്‍ ശ്രമിക്കരുത്. ബൈനോക്കലറുകളിലൂടെയോ, ടെലിസ്‌കോപ്പിലൂടെയോ നേരിട്ട് സൂര്യനെ നോക്കരുത്. കൂളിംഗ് ഗ്ലാസ് വച്ചോ, എക്‌സ്‌റേ ഷീറ്റുകളിലൂടെയോ ഗ്രഹണം കാണുന്നതും സുരക്ഷിതമല്ല. എക്‌സ്‌റേ ഷീറ്റുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ തന്നെ ഷീറ്റിലെ ഇരുണ്ട ഭാഗത്തിന്റെ ( ചിത്രം പതിയാത്ത ഭാഗം ) പല ഷീറ്റുകള്‍ അടുക്കി വച്ച് വേണം നോക്കാന്‍. അധികം നേരം ഈ രീതിയുപയോഗിച്ച് സൂര്യനെ നോക്കരുത്, മൊബൈല്‍ ക്യാമറയിലൂടെ ഗ്രഹണത്തിന്റെ ചിത്രം പകര്‍ത്താന്‍ ശ്രമിക്കുന്നതും അഭിലക്ഷിണീയമല്ല. ഇങ്ങനെ പകര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ സൂര്യനെ നേരിട്ട് നോക്കാന്‍ സാധ്യത കൂടുതലാണെന്നതിനാലാണ് മുന്നറിയിപ്പ്.

പിന്‍ഹോള്‍ ക്യാമറകളാണ് ഗ്രഹണം കാണുന്നതിനുള്ള എറ്റവും അഭികാമ്യമായ രീതി. മൈലാര്‍ ഷീറ്റുപയോഗിച്ചുള്ള സൗരകണ്ണടകള്‍ ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും ഗുണനിലവാരം ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ. ഉയര്‍ന്ന നിലവാരത്തിലുള്ള വെല്‍ഡേഴ്‌സ് ഗ്ലാസും ഇതിനായി ഉപയോഗിക്കാവുന്നതാണെങ്കിലും പാളി നോക്കുവാന്‍ മാത്രമേ പാടുള്ളൂ തുടര്‍ച്ചയായി ഇതിലൂടെ സൂര്യനെ നിരീക്ഷിക്കുന്നത് അപകടകരമാണ്. 12,13, 14 ഷേഡുകളിലുള്ള വെല്‍ഡേഴ്‌സ് ഗ്ലാസ് മാത്രമേ ഇതിനായി ഉപയോഗിക്കാവൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button