Kerala

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കേരളത്തിനും രാജ്യത്തിനും മാതൃകയാണെന്ന് ദേവസ്വം മന്ത്രി

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ് കേരളത്തിനും രാജ്യത്തിനും മാതൃകയാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ദേവസ്വം നിയമനങ്ങൾ അഴിമതി വിമുക്തമാക്കാനും സുതാര്യമായ പരീക്ഷാ നടത്തിപ്പിനും ബോർഡിനായതായി മന്ത്രി പറഞ്ഞു. തൈക്കാട് സർക്കാർ ഗസ്റ്റ് ഹൗസിൽ റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാന്റെയും അംഗങ്ങളുടെയും സത്യപ്രതിജ്ഞാചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബോർഡ് ചെയർമാനായി അഡ്വ. എം. രാജഗോപാലൻ നായർ, അംഗങ്ങളായി ജി. എസ്. ഷൈലാമണി, പി.സി. രവീന്ദ്രനാഥൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റത്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായി സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നോക്ക വിഭാഗങ്ങൾക്ക് സംവരണം ഏർപ്പെടുത്താൻ ബോർഡിനായി. ക്ലാർക്ക്/സബ്ഗ്രൂപ്പ് ഓഫീസർ തസ്തികയിൽ ഈ വിഭാഗത്തിലുള്ള ആറ് പേർക്ക് ഉടൻ നിയമനം നൽകും. സംവരണ വ്യവസ്ഥ പാലിച്ച് പിന്നാക്ക വിഭാഗങ്ങളെ ക്ഷേത്രത്തിൽ ശാന്തിമാരായി നിയമിക്കാൻ നേതൃത്വം നൽകി. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇരുപതിലധികം തെരഞ്ഞെടുപ്പ് പ്രക്രിയകളാണ് തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലായി നടന്നത്. പരിമിതമായ ജീവനക്കാരും സൗകര്യവുമാണ് ബോർഡിനുള്ളതെങ്കിലും സുതാര്യമായ പരീക്ഷാ നടത്തിപ്പിനും നിയമനത്തിനും റിക്രൂട്ട്മെന്റ് ബോർഡ് മുൻതൂക്കം നൽകുന്നു. മൂന്ന് വർഷത്തെ തൃപ്തികരമായ പ്രവർത്തനത്തിന്റെ അടിസ്ഥാനത്തിലാണ് മുൻ അംഗങ്ങളെ തന്നെ നിലനിർത്തിയതെന്നും മന്ത്രി പറഞ്ഞു. ദേവസ്വം സെക്രട്ടറി കെ.ആർ.ജ്യോതിലാൽ, ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button