Latest NewsKeralaNews

എൻഐഎയെ വരുത്തിയത് ആര്? സംസ്ഥാന സർക്കാരും, പൊലീസും കുറ്റക്കാർ; സിപിഎമ്മിൽ വിവാദം കത്തുന്നു

തിരുവനന്തപുരം: പന്തീരങ്കാവിലെ മാവോയിസ്റ്റ് കേസ് എൻഐഎ ഏറ്റെടുക്കാനിടയായ സാഹചര്യവും കാരണങ്ങളെയും കുറിച്ചു സിപിഎമ്മിൽ വിവാദം കത്തുന്നു. അതിലേക്കു നയിച്ചതു സംസ്ഥാന സർക്കാരും പൊലീസുമല്ലേയെന്ന ചോദ്യമാണു പാ‍ർട്ടിക്കുള്ളിൽ ഉയരുന്നത്. ഇതു സംബന്ധിച്ച പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്കും സിപിഎമ്മിന് ഉത്തരമില്ല. അലൻ ഷുഹൈബ്, താഹ ഫസൽ എന്നീ പാർട്ടി അംഗങ്ങളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത കേസിലാണ് എൻഐഎ അന്വേഷണം തുടങ്ങിയത്. ഇവർക്കെതിരെ യുഎപിഎ ചുമത്തിയതു തിരുത്തണമെന്നു സംസ്ഥാന സെക്രട്ടേറിയറ്റും സിപിഎം ജനറൽ സെക്രട്ടറിയും പരസ്യമായി ആവശ്യപ്പെട്ടപ്പോൾ അനുകൂലിച്ച മുഖ്യമന്ത്രി പിണറായി വിജയൻ പിന്നീട് ഇരുവരും ‘മാവോയിസ്റ്റുകളാണെന്നു’ പരസ്യമായി പ്രഖ്യാപിച്ചു.

കോഴിക്കോട്ടെ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ പാർട്ടി ജില്ലാകമ്മിറ്റി അംഗം ഇരുവരും മാവോയിസ്റ്റുകളാണെന്നും ഇവർക്കെതിരെയുള്ള തെളിവ് പൊലീസ് സൃഷ്ടിച്ചതല്ലെന്നും അവകാശപ്പെട്ടു. ഹൈക്കോടതിയിൽ ഇരുവർക്കും ജാമ്യം നിഷേധിക്കാനായി വാദിച്ച സ്റ്റേറ്റ് അറ്റോർണി ഇവർക്കു മാവോയിസ്റ്റ് സംഘടനാ സംവിധാനവുമായി ബന്ധമുണ്ടെന്നാണു സ്ഥാപിക്കാൻ ശ്രമിച്ചത്. ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണു എൻഐഎ കേസ് ഏറ്റെടുക്കുന്നത്. എൻഐഎയുടെ അന്വേഷണപരിധിയിൽ വരാവുന്ന യുഎപിഎ കേസുകളെക്കുറിച്ചു കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനു സംസ്ഥാന സർക്കാർ റിപ്പോർട്ട് നൽകാറുണ്ട്.

ALSO READ: മാവോയിസ്റ്റ് ഭീകരരെ ഭയന്ന് നാടു വിട്ട ആയിരങ്ങൾ തിരികെ വീടുകളിലേക്ക് തിരിച്ചെത്തുന്നു

രണ്ടു പാർട്ടി അംഗങ്ങൾ ഉൾപ്പെട്ടതു ശക്തമായ മാവോയിസ്റ്റ് ബന്ധമുള്ള കേസാണെന്നു സ്ഥാപിക്കാനായി പരസ്യമായി വാദിക്കുകയും സംസ്ഥാന സർക്കാർ സാങ്കേതികമായ നടപടിക്രമങ്ങൾ പൂർത്തിയാക്കുകയും ചെയ്തശേഷം കേസ് എൻഐഎ ഏറ്റെടുത്തതിനു കേന്ദ്രത്തെ പഴിപറ‍ഞ്ഞിട്ട് എന്തു കാര്യമെന്നാണു വിമർശകരുടെ ചോദ്യം. അതുവരെ സർക്കാരിലും പാർട്ടിയിലുമുള്ള വിശ്വാസം മുറുകെപ്പിടിച്ച അലന്റെ കുടുബാംഗങ്ങൾ എൻഐഎ വന്നതോടെ പരസ്യവിമർശനവുമായി ഇറങ്ങുകയുയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button