KeralaLatest NewsNews

‘വീടിന്റെ മുകള്‍നിലയില്‍ നിന്നു പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു’ സുഹൃത്തിന്റെ മൊഴി രേഖപ്പെടുത്തി പൊലീസ്

തിരുവനന്തപുരം: അവതാരകയും മോഡലുമായ ജാഗി ജോണിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളം സ്വദേശിയും സുഹൃത്തുമായ ഫിസിക്കല്‍ ട്രെയിനറുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മരണത്തിന് തൊട്ടുമുമ്പ് ജാഗി ജോണ്‍ ഇയാളെ വിളിച്ചിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെയാണ് തലസ്ഥാനത്തെത്താന്‍ പൊലീസ് ആവശ്യപ്പെട്ടത്. കുടുംബസുഹൃത്തായ യുവതി വഴിയാണ് ജാഗി ജോണ്‍ ഇയാളെ പരിചയപ്പെട്ടത്. തലസ്ഥാനത്ത് എത്തുമ്പോള്‍ ഇയാള്‍ സ്ഥിരമായി ജാഗിയെ സന്ദര്‍ശിച്ചിരുന്നതായും അന്വേഷണ സംഘത്തിന് സൂചന ലഭിച്ചു. ഒരു ചാനല്‍ ഷോയ്ക്കുവേണ്ടിയുള്ള ഒരുക്കത്തിലായിരുന്നു ജാഗി. ഹെല്‍ത്ത്ക്ലബ്ബില്‍ ശാരീരിക പരിശീലനം നടത്തിയിരുന്നു. ഇതിനുവേണ്ടിയുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത് ഇയാളാണ്.

അതേസമയം ജാഗിയുടെ വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കുള്ളില്‍ ലഭിക്കുമെന്ന് പോലീസ് അറിയിച്ചു. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണം. വീഴ്ചയുടെ കാരണമാണ് പോലീസ് അന്വേഷിക്കുന്നത്. പരിക്കേല്‍ക്കുന്ന വിധത്തില്‍ തെറിച്ചുവീഴാനുള്ള സാധ്യതയാണ് പോലീസ് തേടുന്നത്. വീടിന്റെ മുകള്‍നിലയില്‍ നിന്നു പുറത്തേയ്ക്ക് ഇറങ്ങാനുള്ള വാതില്‍ തുറന്നിട്ട നിലയിലായിരുന്നു.

23- ന് വൈകീട്ടാണ് ജാഗിയെ കുറവന്‍കോണത്തെ വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നരദിവസത്തെ പഴക്കം മൃതദേഹത്തിനുണ്ടായിരുന്നു. വൃദ്ധയായ മാതാവിനൊപ്പമാണ് ജാഗി താമസിച്ചിരുന്നത്. ഇവര്‍ പരസ്പരവിരുദ്ധമായിട്ടാണ് സംസാരിച്ചിരുന്നത്. വാഹനാപകടത്തില്‍ മകനും ഭര്‍ത്താവും മരിച്ചശേഷം ഇവര്‍ ഇങ്ങനെയാണ് പെരുമാറിയിരുന്നതെന്ന് പരിസരവാസികള്‍ പറഞ്ഞു. ഇതുകൊണ്ട് തന്നെ ഒപ്പമുണ്ടായിരുന്നെങ്കിലും മരണകാരണം സംബന്ധിച്ച് അമ്മയില്‍ നിന്നു വിവരം ശേഖരിക്കാന്‍ പോലീസിന് കഴിഞ്ഞിട്ടുമില്ല.

shortlink

Post Your Comments


Back to top button