KeralaLatest NewsNews

ശമ്പളം കൃത്യമായി നൽകുമെന്ന് മന്ത്രിയുടെ ഉറപ്പ്, കെഎസ്ആർടിസി സമരം പിൻവലിച്ചു

തിരുവനന്തപുരം: കെ.എസ്​.ആര്‍.ടി.സിയില്‍ ട്രേഡ്​ യൂണിയനുകൾ നടത്തി വന്ന സമരം ഗതാഗത മന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. മുടക്കമില്ലാതെ ശമ്പളം വിതരണം ചെയ്യുമെന്ന മന്ത്രിയുടെ ഉറപ്പിനെ തുടർന്നാണ് സി.​ഐ.ടി.യു, എ.​ഐ.ടി.യു.സി, ടി.ഡി.എഫ് എന്നീ​ സംഘടനകള്‍ സമരം പിന്‍വലിച്ചത്. കിഫ്ബിയുടെ സഹായത്തോടെ 1000 ബസുകൾ വാങ്ങും. ഇതിന്​ കിഫ്ബിയുടെ വ്യവസ്ഥകളില്‍ ഇളവ് വരുത്താന്‍ ആവശ്യപ്പെടുമെന്നും മന്ത്രി എ.കെ. ശശീന്ദ്രന്‍ ചര്‍ച്ചയില്‍ വ്യക്​തമാക്കി. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരുമെന്നും ചർച്ചയിൽ തീരുമാനമായി.

സംഘടനകളുമായും മാനേജ്‌മെന്‍റുമായി സര്‍ക്കാര്‍ ത്രികക്ഷി കരാര്‍ ഉണ്ടാക്കും. കരാറിന്‍റെ കരട് തയാറാക്കുന്നതിന് ധനകാര്യ സെക്രട്ടറി, ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെ.എസ്.ആര്‍.ടി.സി സി.എം.ഡി എന്നിവരെ ചുമതലപ്പെടുത്തി. ടിക്കറ്റ്​ മെഷീന്‍ വാങ്ങാന്‍ സര്‍ക്കാര്‍ സഹായം നല്‍കും. ആശ്രിത നിയമനം സംബന്ധിച്ച പരാതികള്‍ പരിഗണിക്കാന്‍ എം.ഡിയെ ചുമതലപ്പെടുത്തി. സ്ഥലംമാറ്റം, ആനുകൂല്യ വിതരണം എന്നിവയിലെ പരാതികള്‍ എം.ഡി ചര്‍ച്ച ചെയ്ത് പരിഹരിക്കാനും ചർച്ചയിൽ തീരുമാനമായി.

ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി മാനേജിങ്​ ഡയറക്​ടര്‍ എം.പി. ദിനേശ്, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്‌ ആനത്തലവട്ടം ആനന്ദന്‍, തമ്ബാനൂര്‍ രവി, വി. ശിവന്‍കുട്ടി, സി.കെ. ഹരികൃഷ്ണന്‍, എം.ജി. രാഹുല്‍, ആര്‍. ശശിധരന്‍ നായര്‍, സണ്ണി തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ കൂട്ടായ്മയായ ടി.ഡി.എഫ്​ (ട്രാന്‍സ്‌പോര്‍ട്ട്​ ഡെമോക്രാറ്റിക്ക് ഫെഡറേഷന്‍) 20 മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. ധാരണയായ സാഹചര്യത്തില്‍ പണിമുടക്കും പിന്‍വലിച്ചിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button