Latest NewsNewsIndia

കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയുടെ പ്രായപരിധി നിശ്ചയിച്ചു; ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിനെ ഉടൻ നിയമിക്കും

ന്യൂഡൽഹി: കര, നാവിക, വ്യോമസേനാ തലവൻമാരുടെ മേധാവിയായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്‍റെ പ്രായപരിധി നിശ്ചയിച്ചു. സർവസൈന്യാധിപനായ രാഷ്ട്രപതിയുടെ കീഴിൽ മൂന്ന് സേനകളെയും ഏകോപിപ്പിച്ച് പ്രവർത്തിക്കുന്ന ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫിന്‍റെ പ്രായപരിധി 65 വയസ്സ് വരെയാണ്. മൂന്ന് വർഷത്തെ കാലാവധിയാകും ഈ പോസ്റ്റിലെത്തുന്നയാൾക്ക് ഉണ്ടാകുക. പദവി രൂപീകരിച്ചതിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം കിട്ടിയതിന് പിന്നാലെയാണ് പ്രതിരോധമന്ത്രാലയത്തിന്‍റെ ഈ തീരുമാനം.

മൂന്ന് സേനകളിൽ നിന്നുള്ള ഏതെങ്കിലുമൊരു ഫോർ സ്റ്റാർ ഓഫീസറാകും ഈ പദവിയിലെത്തുക. ഇപ്പോൾ വിരമിക്കാൻ പോകുന്ന കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത് ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടും എന്നും അഭ്യൂഹങ്ങളുണ്ട്. മൂന്ന് സേനകളും തമ്മിലുള്ള ഏകോപനച്ചുമതല ഈ ജനറലിനാകും. പ്രതിരോധമന്ത്രിയുടെ പ്രിൻസിപ്പൽ മിലിട്ടറി ഉപദേശകനും ഈ ജനറൽ തന്നെ.

ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് എന്ന പുതിയ പദവി രൂപീകരിക്കുമെന്ന് കഴിഞ്ഞ സ്വാതന്ത്ര്യദിനത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചത്. ആദ്യ മോദി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്ന മനോഹർ പരീക്കർ ഈ ആവശ്യം പല തവണ ഉന്നയിച്ചിരുന്നതാണ്. സൈന്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പദവിയിലേക്ക് ആരെത്തും എന്നാണ് രാജ്യം ഇനി ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button