KeralaLatest NewsNews

പൗരത്വ ഭേദഗതി നിയമം: ഭരണപക്ഷവും പ്രതിപക്ഷവും പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്നു- പോപുലര്‍ ഫ്രണ്ട്

പൗരത്വ ഭേദഗതി നിയമത്തിനെതിരേ, സംസ്ഥാനത്ത് രാഷ്ട്രീയ, സംഘടനാ ഭേദമന്യേ ഉയര്‍ന്നുവന്ന യോജിച്ച പ്രക്ഷോഭങ്ങളെ ഹൈജാക്ക് ചെയ്യാനുള്ള ഭരണ-പ്രതിപക്ഷ മുന്നണികളുടെ നീക്കം ആശങ്കാജനകമാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന സമിതി യോഗം പ്രസ്താവിച്ചു. കേന്ദ്രസര്‍ക്കാരിന്റെ ഭരണഘടനാ വിരുദ്ധമായ നീക്കങ്ങള്‍ക്കെതിരായ എല്ലാ കൂട്ടായ്മകളെയും പ്രക്ഷോഭങ്ങളെയും പിന്തുണക്കേണ്ട ഘട്ടത്തില്‍, മല്‍സരിച്ച് യോഗം ചേര്‍ന്ന് ഐക്യനിരയില്‍ വിള്ളല്‍വീഴ്ത്താനാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ശ്രമിച്ചത്. ഇത് നിര്‍ഭാഗ്യകരമാണെന്നും യോഗം ചൂണ്ടിക്കാട്ടി.

പ്രക്ഷോഭ രംഗത്തുള്ളവര്‍ക്കിടയില്‍ തീവ്രത ആരോപിച്ച് അതിരുതിരിക്കാനും ചില വിഭാഗങ്ങളെ മാത്രം ഒഴിവാക്കിനിര്‍ത്താനും മുഖ്യമന്ത്രി നടത്തിയ ശ്രമം, സി.പി.എമ്മിന്റെ സങ്കുചിത രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ്. തീവ്രതയുടെ മാനദണ്ഡം മുഖ്യമന്ത്രി സ്വയം നിര്‍ണയിക്കരുത്. മുഖ്യമന്ത്രിയും സര്‍ക്കാരും അംഗീകരിക്കുന്നവ മാത്രമാണ് ന്യായമായ സമരങ്ങള്‍ എന്ന നിലപാട് അംഗീകരിക്കാനാവില്ല. പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളെ ദുര്‍ബലപ്പെടുത്തുകയെന്ന സംഘപരിവാര അജണ്ടക്ക് കുടപിടിക്കുന്ന നീക്കമാണ് മുഖ്യമന്ത്രി നടത്തുന്നത്.

തീവ്രത ആരോപിച്ച് പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന കക്ഷികളെ ഒഴിവാക്കിയും ബി.ജെ.പിയെ ഉള്‍പ്പെടുത്തിയും സര്‍വകക്ഷി യോഗം വിളിക്കാനുണ്ടായ സാഹചര്യം മുഖ്യമന്ത്രി വിശദീകരിക്കണം. കേരളത്തില്‍ ഉയര്‍ന്നുവന്ന ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റത്തെ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച് ചോദ്യംചെയ്യാന്‍ ബി.ജെ.പിക്ക് അവസരമൊരുക്കിക്കൊടുക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സര്‍വകക്ഷി യോഗത്തില്‍ അപസ്വരമുയര്‍ത്തിയ ബി.ജെ.പിയോട് പ്രകടിപ്പിക്കാത്ത അസ്വസ്ഥതയാണ് തീവ്രവാദം ആരോപിച്ച്, പ്രക്ഷോഭ രംഗത്തുള്ള ഒരു വിഭാഗത്തോട് മുഖ്യമന്ത്രി പ്രകടിപ്പിച്ചത്. നവരാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്ന പ്രക്ഷോഭങ്ങളെ തകര്‍ക്കാനുള്ള മുഖ്യമന്ത്രിയുടെ സ്ഥാപിത താല്‍പര്യമാണ് ഇതിലൂടെ പ്രകടമാവുന്നത്.

പൗരത്വ ഭേദഗതി നിയമം, എന്‍.ആര്‍.സി, എന്‍.പി.ആര്‍ എന്നിവക്കെതിരേ വരും ദിവസങ്ങളില്‍ പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍, സെക്രട്ടറിമാരായ എ അബ്ദുല്‍ സത്താര്‍, പി കെ അബ്ദുല്‍ ലത്തീഫ്, സി അബ്ദുല്‍ ഹമീദ്, ബി നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button