Latest NewsNewsIndia

എന്താണ് പൗരത്വ നിയമ ഭേദഗതി? എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇന്ത്യക്കാർ പ്രതിഷേധിക്കുന്നത്? പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ബിജെപി; വമ്പൻ പ്രചാരണ പരിപാടികൾക്ക് ഓരോ സംസ്ഥാനത്തും ചുക്കാൻ പിടിക്കുന്നത് ഓരോ മുതിർന്ന നേതാക്കൾ; അണിയറയിൽ ഒരുങ്ങുന്നത് വേറിട്ട രീതിയിലുള്ള ബോധവല്‍ക്കരണ പരിപാടികള്‍

ന്യൂഡൽഹി: എന്താണ് പൗരത്വ നിയമ ഭേദഗതി? എന്തിനാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ ഭാരതീയർ പ്രതിഷേധിക്കുന്നത്? എന്നീ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ബിജെപി ഒരുങ്ങി. പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കുകയാണ് പ്രചാരണ പരിപാടിയിലൂടെ ബിജെപി ലക്ഷ്യമാക്കുന്നത്. ഇതിനായി ഓരോ സംസ്ഥാനത്തും ചുമതലക്കാരെ തീരുമാനിച്ചു.

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലങ്കാന എന്നി ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മുതിർന്ന നേതാവ് രവീന്ദ്ര രാജുവിനാണ് ചുമതല. ജനുവരി അഞ്ച് മുതല്‍ ജനുവരി 15 വരെ വിവിധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണ് ബിജെപി തയ്യാറെടുക്കുന്നത്. പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ്‌ ജെ പി നദ്ദ ജനറല്‍ സെക്രട്ടറി മാരുടെ യോഗം വിളിച്ചതിന് പിന്നാലെയാണ് സംസ്ഥാനങ്ങളിലെ പ്രചാരണ പരിപാടികള്‍ക്ക് മുതിര്‍ന്ന നേതാക്കളെ ചുമതലക്കാരായി നിശ്ചയിച്ചത്.

മുസ്ലിം സംഘടനകളും, പ്രതിപക്ഷ പാര്‍ട്ടികളും നടത്തുന്ന പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടുന്നതിനാണ് ബിജെപി ശ്രമിക്കുന്നത്. നേരത്തെ ഹിമാചല്‍ പ്രദേശിലും മഹാരാഷ്ട്രയിലും അസമിലും പശ്ചിമ ബംഗാളിലും കര്‍ണാടകയിലും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് വന്‍ ജനപങ്കാളിത്തത്തോടെ റാലികള്‍ ബിജെപി സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രചാരണം ശക്തമാക്കുന്നതിനായി ബിജെപി മുതിര്‍ന്ന നേതാക്കളെ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ചുമതല പെടുത്തിയിരിക്കുന്നത്.

യു പിയുടെയും, ബിഹാറിന്‍റെയും ചുമതല അനില്‍ ജയിനാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളുടെയും പശ്ചിമ ബംഗാള്‍, ഝാര്‍​ഖ​ണ്ഡ്, ഒഡിഷാ സംസ്ഥാനങ്ങളുടെയും ചുമതല ഹിമന്ത ബിശ്വ ശര്‍മയ്ക്കും രാഹുല്‍ സിൻഹയ്ക്കുമാണ്. മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, ഡല്‍ഹി, ഛത്തീ​സ്ഗ​ഡ്‌, എന്നിവിടങ്ങളുടെ ചുമതല അവിനാഷ് റായിക്കാണ്.

ഗുജറാത്ത്‌, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാന്‍, ദാമന്‍ ദിയു എന്നിവിടങ്ങളുടെ പ്രചാരണ പരിപാടികള്‍ സരോജ് പാണ്ഡേ ഏകോപിപ്പിക്കും. ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്‌, ഛണ്ഡിഗഡ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ സുരേഷ് ഭട്ടിനാണ് ചുമതല.

ALSO READ: പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധി: മൂന്നാം ഗഡുവിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിച്ചു

ദേശ വ്യാപകമായി വന്‍ റാലികള്‍, പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്ന രാഷ്ട്രീയത്തിന് പുറത്തുള്ള വ്യക്തികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സെമിനാറുകള്‍, ശില്പശാലകള്‍, ഗൃഹസമ്പര്‍ക്കം, മറ്റ് ബോധവല്‍ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നതിന് ബിജെപി നേതൃത്വം ആഹ്വാനം ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചുള്ള പ്രചാരണങ്ങളില്‍ ഒരുവിട്ട‌ുവീഴ്ച്ചയും വേണ്ടെന്നാണ് പാര്‍ട്ടി അധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ സംസ്ഥാന ഘടകങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button