Latest NewsNewsIndia

11 നില ഫ്‌ളാറ്റ് സമുച്ചയം നിലംപൊത്തിയത് മൂന്നു സെക്കന്‍ഡില്‍; രണ്ടരവര്‍ഷം നീണ്ട കേസും കോടതി കയറ്റത്തിനും അന്ത്യമായത് ഇങ്ങനെ

ജനുവരി 11,12 ല്‍ മരടിലെ ഫ്‌ളാറ്റുകള്‍ മണ്ണടിയാന്‍ പോകുന്നു. ഈ അവസരത്തിലാണ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് രാജ്യത്തെ ആദ്യ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ബഹുനിലക്കെട്ടിടം തകര്‍ത്ത ചെന്നൈയിലെ ഫ്‌ളാറ്റുകളുടെ കഥ പുറത്തുവരുന്നത്. മൗലിവാക്കത്തെ 11 നില ഫ്‌ളാറ്റ് സമുച്ചയം നിലംപൊത്തിയത് വെറും മൂന്നു സെക്കന്‍ഡിലായിരുന്നു. 2016 നവംബര്‍ രണ്ടിന് വൈകീട്ട് 6.55-നാണ് മൗലിവാക്കത്തെ ഫ്‌ളാറ്റ് സമുച്ചയം തകര്‍ത്തത്. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. മധുരയിലെ സൃഷ്ടി ഹൗസിങ് കമ്പനി നിര്‍മിച്ച ട്രസ്റ്റ്, ബിലീഫ് എന്നീ പേരുകളിലുള്ള ഫ്‌ളാറ്റില്‍ ഒന്ന് 2014 ജൂണില്‍ തകര്‍ന്നുവീണ് 61 പേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് രണ്ടാം ഫ്‌ളാറ്റില്‍ പരിശോധന നടന്നത്. ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ടത്. ഇംപ്‌ളോഷന്‍ സാങ്കേതികതയാണ് കെട്ടിടം തകര്‍ക്കാന്‍ ഉപയോഗിച്ചത്. തിരുപ്പൂരിലെ മാഗ്ലിങ് ഇന്‍ഫ്ര പ്രൊജക്ട് എന്ന കമ്പനിക്കായിരുന്നു കരാര്‍.

സ്‌ഫോടനസമയം പ്രദേശത്ത് പൊടിപടലം മൂടിയതും ചെറിയ കുലുക്കവുമുണ്ടായതൊഴിച്ചാല്‍ മറ്റ് അപായങ്ങള്‍ ഒന്നുമുണ്ടായില്ല. ചെന്നൈ മെട്രൊപൊളിറ്റന്‍ ഡവലപ്‌മെന്റ് അതോറിറ്റി (സി.എം.ഡി.എ)യും കാഞ്ചീപുരം ജില്ലാ ഭരണകൂടവും വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തിയത്. 100 മീറ്റര്‍ ചുറ്റളവിലുള്ളവരെ മുഴുവനായും മാറ്റിപ്പാര്‍പ്പിച്ചു. അടിയന്തരഘട്ടം തരണംചെയ്യാന്‍ അഗ്‌നിശമനസേനാവിഭാഗങ്ങളും ആംബുലന്‍സുമൊക്കെ സജ്ജമായിരുന്നു. സമീപപ്രദേശത്തെ വിദ്യാലയങ്ങള്‍ക്ക് രണ്ടുദിവസം അവധി നല്‍കി. ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. വൈദ്യുതിബന്ധം വിച്ഛേദിച്ചു. ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയില്‍ കെട്ടിടം തകര്‍ക്കാനായിരുന്നു തീരുമാനമെങ്കിലും സാങ്കേതിക തടസ്സംകാരണം വൈകീട്ടത്തേക്ക് നീണ്ടു. തുടര്‍ന്ന് 6.55 ന് ഫ്‌ളാറ്റ് നിലംപൊത്തി. ഇതോടെ അന്ത്യം കുറിച്ചത് രണ്ടരവര്‍ഷം നീണ്ട കേസും കോടതി കയറ്റവും കൂടിയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button