KeralaLatest NewsIndia

കൊച്ചിയിൽ പ്‌ളസ് ടൂ വിദ്യാര്‍ത്ഥിനിയെ പ്രതി സഫർ കാറിൽ കയറ്റി കൊണ്ടുപോയത് ഈ തന്ത്രം പ്രയോഗിച്ച്

കാര്‍ സര്‍വീസ്‌ സെന്ററിലെ ജീവനക്കാരനായ പ്രതി സര്‍വീസിനായി കൊണ്ടുവന്ന കാറുമായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി അതിരപ്പിള്ളി-വാല്‍പ്പാറ റൂട്ടില്‍ വനഭാഗത്തുവച്ചാണു കൊലനടത്തിയത്‌.

കൊച്ചി : പ്രണയത്തില്‍നിന്നു പിന്മാറിയ പെണ്‍കുട്ടിയെ യുവാവ്‌ വിളിച്ചുകൊണ്ടുപോയി കുത്തിക്കൊന്ന്‌ തേയിലത്തോട്ടത്തില്‍ തള്ളിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കലൂര്‍ ഈസ്‌റ്റ്‌ കട്ടാക്കര റോഡില്‍ വാടകയ്‌ക്കു താമസിക്കുന്ന ചെറുനാട്‌ വീട്ടില്‍ വിനോദിന്റെ മകള്‍ പ്ലസ്‌ടു വിദ്യാര്‍ഥിനിയായ ഗോപിക-(17)യാണു കൊല്ലപ്പെട്ടത്‌. പ്രതി എറണാകുളം നെട്ടൂര്‍ സ്വദേശി പുന്നേപറമ്പില്‍ സഫര്‍ഷാന്‍(26) തമിഴ്‌നാട്ടിലെ വാല്‍പ്പാറയില്‍ അറസ്‌റ്റില്‍.കാര്‍ സര്‍വീസ്‌ സെന്ററിലെ ജീവനക്കാരനായ പ്രതി സര്‍വീസിനായി കൊണ്ടുവന്ന കാറുമായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയി അതിരപ്പിള്ളി-വാല്‍പ്പാറ റൂട്ടില്‍ വനഭാഗത്തുവച്ചാണു കൊലനടത്തിയത്‌.

പെണ്‍കുട്ടിയുടെ മൃതദേഹം തമിഴ്‌നാട്‌ വരട്ടപ്പാറയിലെ ഷെയ്‌ക്ക്‌മുടി തേയിലത്തോട്ടത്തിലാണു രക്‌തത്തില്‍ കുളിച്ചനിലയില്‍ കണ്ടെത്തിയത്‌.പെണ്‍കുട്ടിയുമായി സൗഹൃദമുണ്ടായിരുന്നയാളാണ് പോലീസ് പിടിയിലായ സഫര്‍ എന്ന യുവാവ്. ഇയാള്‍ ഏതാനും നാള്‍ മുമ്ബാണ് പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയത്. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചിരുന്നു. തുടര്‍ന്ന് കൊല്ലുമെന്നും ഫോട്ടോകള്‍ മോര്‍ഫ് ചെയ്ത് കാട്ടി ഈ രീതിയില്‍ അപമാനിക്കുമെന്നും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. യുവാവിന്റെ ശല്യത്തെ തുടര്‍ന്ന് ഗോപികയുടെ പിതാവ് സഫറിനെ താക്കീത് ചെയ്യുകയൂമുണ്ടായി.

തുടര്‍ന്നാണ് കഴിഞ്ഞ ദിവസം പെണ്‍കുട്ടിയെ സഫര്‍ കാറില്‍ കയറ്റി കൊണ്ടുപോയി കൊലചെയ്‌തെന്നാണ് പോലീസ് ഭാഷ്യം. ഇന്നലെ സ്‌കൂള്‍ സമയത്തിന് ശേഷം പെണ്‍കുട്ടിയെ കാണാതായിരുന്നു. ഇതേ തുടര്‍ന്ന് പിതാവ് പോലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. വീട്ടുകാരുടെ എതിര്‍പ്പിനെത്തുടര്‍ന്ന്‌ വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍നിന്ന്‌ പെണ്‍കുട്ടി പിന്മാറിയതിനാലാണു വകവരുത്തിയതെന്നും പ്രതി സമ്മതിച്ചെന്നാണ്‌ പോലീസ്‌ പറയുന്നത്‌. സഫറിനെ ഒഴിവാക്കാന്‍ നോക്കിയ പെണ്‍കുട്ടിയെ മുമ്പ് ഒരുമിച്ചെടുത്ത ചിത്രങ്ങള്‍കാട്ടി ഭീഷണിപ്പെടുത്തി കാറില്‍ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു എന്നാണ് പ്രതി പറയുന്നത്.

എന്നാൽ മോർഫ് ചെയ്ത ചിത്രങ്ങളാണ് അതെന്നാണ് പെൺകുട്ടിയുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.ഇതിന് പിന്നാലെയാണ് സഫര്‍ ജോലി ചെയ്തിരുന്ന സര്‍വീസ് സെന്ററിലെ കാര്‍ കാണാനില്ലെന്ന പരാതിയുമായി സ്ഥാപനത്തിലെ ആള്‍ക്കാരും പോലീസിനെ സമീപിച്ചത്. ഇതാണ് സംഭവം കണ്ടെത്തുന്നതിലേക്ക് നയിച്ചത്. തുടര്‍ന്ന കാര്‍ ട്രാക്ക് ചെയ്ത പോലീസ് ഇത് ആതിരപ്പള്ളി വഴി സഞ്ചരിക്കുന്നതായും കാറില്‍ ഒരു യുവാവും യുവതിയും ഉണ്ടെന്നും കണ്ടെത്തി. എന്നാല്‍ തമിഴ്‌നാട് അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ കാറില്‍ യുവാവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കാറിന്റെ പിന്‍സീറ്റില്‍ രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഗോപികയെ കൊലപ്പെടുത്തി തേയിലത്തോട്ടത്തില്‍ ഉപേക്ഷിച്ചെന്ന് സഫര്‍ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്നലെ രാത്രി തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ നടത്തിയ തെരച്ചിലില്‍ കേരളാപോലീസ് മൃതദേഹം കണ്ടെത്തി. സഫറിനെ അറസ്റ്റും ചെയ്തു. ഇന്‍ക്വസ്‌റ്റ്‌ നടത്തി പോസ്‌റ്റ്‌മോര്‍ട്ടത്തിനായി കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. തൃശൂരില്‍നിന്ന്‌ വിരലടയാള വിദഗ്‌ധരും എറണാകുളത്തുനിന്ന്‌ ഫോറന്‍സിക്‌ വിദഗ്‌ധരും സ്‌ഥലത്തെത്തിയിരുന്നു.

സഫര്‍ പല തവണ മകളെ ശല്യം ചെയ്തിരുന്നെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു. ഗോപികയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് സഫര്‍ തന്നെ കണ്ടിരുന്നതായും എന്നാല്‍ പറ്റില്ലെന്ന് അറിയിക്കുകയും ഗോപികയുടെ പിന്നാലെ നടക്കരുതെന്ന് പല തവണ താക്കീത് ചെയ്തിരുന്നതായും പിതാവ് പറയുന്നു. ഇന്നലെ രാവിലെ പിതാവ് തന്നെയാണ് മകളെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടത്. എന്നാല്‍ വൈകിട്ട് കാണാതായതോടെ പിതാവ് പോലീസിനെ സമീപിക്കുകയും ചെയ്തിരുന്നു. ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ സര്‍വീസിനായി കൊണ്ടുവന്ന കാര്‍ എടുത്തുകൊണ്ടാണ് സഫര്‍ പോയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button